കൊൽക്കത്ത : ഇന്ത്യൻ ഫുട്ബാളിലെ ജ്വലിക്കുന്ന സൂര്യനായിരുന്നു പ്രദീപ് കുമാർ ബാനർജി എന്ന പി.കെ ബാനർജി. ബംഗാളിലെ മൊയ്നഗുരിയിൽ 1936 ജൂൺ 23നായിരുന്നു അദ്ദേഹം ജനിച്ചത്.
അച്ഛൻ പ്രൊവാത് ബാനർജിക്ക് ചെറിയ സർക്കാർ ജോലിയായിരുന്നു. ഭാര്യയും ഏഴും മക്കളും വൃദ്ധരായ മാതാപിതാക്കളും സഹോദരങ്ങളുമടങ്ങുന്ന ആ കൂട്ടുകുടംബത്തെ പോറ്റാൻ അദ്ദേഹത്തിന് ലഭിക്കുന്ന ശമ്പളം തികയുമായിരുന്നില്ല. ഇതോടെ മൂത്തമകനായ പ്രദീപ് കുമാറിന് കുടുംബ ചിലവിനുള്ള വക ചെറുപ്പത്തിലേ കണ്ടെത്തേണ്ടതായി വന്നിരുന്നു. 1941-ൽ കുടുംബം ജഗൽപുരിയിലേക്ക് മാറിയിരുന്നു. അവിടെ നിന്ന് കൊൽക്കത്തയിലെത്തിയതോടെ ജീവിതം കൂടുതൽ ദുരിതപൂർണമായി. അസുഖബാധിതനായി പിതാവ് മരിച്ചതോടെ സ്ഥിതി കൂടുതൽ വഷളായി. 15-ാം വയസിൽ ബീഹാറിനായി സന്തോഷ് ട്രോഫിയിൽ കളിച്ചാണ് ഫുട്ബാളിൽ ബാനർജി സജീവമാകുന്നത്. 1953-ൽ ഇന്ത്യൻ റെയിൽ വേയിൽ ടിക്കറ്റ് കളക്ടറായി. 1958-ൽ ബാനർജിയുടെ ക്യാപ്ടൻസിയിൽ ഈസ്റ്റേൺ റെയിൽവേ കൽക്കട്ട ഫുട്ബാൾ ലീഗ് ചാമ്പ്യൻമാരായതോടെ ഈ സൂപ്പർ സ്ട്രൈക്കറുടെ കരിയർ ഗ്രാഫ് ഉയരുകയായിരുന്നു.
1958, 62,66 ഏഷ്യൻ ഗെയിംസുകളിൽ ഇന്ത്യൻ കുപ്പായമണിഞ്ഞു. 1956ൽ മെൽബൺ ഒളിമ്പിക്സിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയതോടെ ഇരുപത് വയസിൽ ഒളിമ്പ്യനായി. ഇന്ത്യ നാലാം സ്ഥാനം വരെയെത്തിയ ആ ഒളിമ്പിക്സിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിനായി.
1960-ലെ റോം വേദിയായ ഒളിമ്പിക്സിൽ ഫ്രാൻസിനെതിരായ ഗ്രൂപ്പ് മത്സരത്തിൽ ബാനർജിയുടെ ബൂട്ടിൽ നിന്നായിരുന്നു ഇന്ത്യയുടെ സമനില ഗോൾ പിറന്നത്. ഇന്ത്യ സ്വർണം സ്വന്തമാക്കിയ 1962-ലെ ഏഷ്യൻ ഗെയിംസ് ഫുട്ബാൾ ഫൈനലിൽ ദക്ഷിണ കൊറിയക്കെതിരേ ഇന്ത്യ 2-1ന് വിജയം നേടിയപ്പോൾ ആദ്യ ഗോൾ ബാനർജിയുടെ വകയായിരുന്നു. സെമിയിൽ തായ്ലൻഡിനെതിരേയും ബാനർജി ഗോൾ നേടിയിരുന്നു. 13 വർഷം ഇന്ത്യയ്ക്കായി കളിച്ച ബാനർജി 1967-ൽ വിരമിക്കുമ്പോൾ 84 മത്സരങ്ങളിൽ നിന്ന് 65 ഗോളുകൾ കണ്ടെത്തിയിരുന്നു. 1972 മുതൽ 1981വരെയും 1985ലും ഇന്ത്യൻ ടീമിന്റെ കോച്ചായിരുന്നു. ഈസ്റ്ര് ബംഗാൾ, മോഹൻ ബഗാൻ എന്നീ വമ്പൻമാരുൾപ്പെടെയുള്ള ക്ലബുകളെയും പരിശീലിപ്പിച്ചു നേട്ടങ്ങൾ കൊയ്തു.
1977ൽ സാക്ഷാൽ പെലെയുടെ ക്ലബായ ന്യൂയോർക്ക് കോസ്മോസിനെ കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ ബാനർജിയുടെ പരിശീലനത്തിൻ കീഴിൽ ഇറങ്ങിയ മോഹൻ ബഗാൻ 2-2ന് സമനിലയിൽ പിടിച്ച് കെട്ടി. മത്സര ശേഷം ബാനർജിയെ അഭിനന്ദിച്ച ശേഷമാണ് പെലെ മടങ്ങിയത്.
ഫിഫ 2004ൽ ഓർഡർ ഒഫ് മെറിറ്റ് നൽകി ആദരിച്ചു. മക്കൾ: പൗല ബാനർജി, പൂർണ ബാനർജി. ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ മുൻ ക്യാപ്ടനും തൃണമൂൽ എം.പിയുമായിരുന്ന പ്രസൂൺ ബാനർജി സഹോദരനാണ്.