ന്യൂഡൽഹി: കൊറോണ വൈറസ്, സമ്പദ്‌വ്യവസ്ഥയെ കൂടുതൽ പ്രതിസന്ധിയിലാക്കിയത് കണക്കിലെടുത്ത് വായ്‌പാ തിരിച്ചടവിന് ബാങ്കുകൾ കൂടുതൽ സാവകാശം നൽകിയേക്കും. എം.എസ്.എം.ഇ വായ്‌പകൾ തിരിച്ചടയ്ക്കാൻ കൂടുതൽ സമയം നൽകുന്നതിന് പുറമേ, ഈ മേഖലയ്ക്ക് നികുതിയിളവും ധനമന്ത്രാലയം പരിഗണിക്കുന്നുണ്ടെന്നാണ് സൂചന.
കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്നലെ എം.എസ്.എം.ഇ., വ്യോമയാനം, ടൂറിസം, മൃഗസംരക്ഷണ വകുപ്പ് മന്ത്രിമാരുമായി ചർച്ച നടത്തി. കൊറോണ ഏറ്റവുമധികം ആഘാതമേൽപ്പിച്ച മേഖലകളാണിത്. പ്രതിസന്ധിയിലായ മേഖലകൾക്ക് രക്ഷാപാക്കേജുകൾ പ്രഖ്യാപിച്ചേക്കും. എന്നാൽ, പ്രധാനമന്ത്രി നിർദേശിച്ച പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച ശേഷമായിരിക്കും പ്രഖ്യാപനം.
തൊഴിൽ നഷ്‌ടം ഉൾപ്പെടെ വ്യോമയാന രംഗത്തെ പ്രശ്‌നങ്ങൾ ധനമന്ത്രിയുമായി ചർച്ച ചെയ്‌തുവെന്ന് വ്യോമയാന മന്ത്രി ഹർദീപ് പുരി പറഞ്ഞു. കോഴി, മത്സ്യകൃഷികൾക്കായി നൽകിയ വായ്‌പകൾ പുനഃക്രമീകരിക്കണമെന്ന ആവശ്യമാണ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ഗിരിരാജ് സിംഗ് മുന്നോട്ടുവച്ചത്. എം.എസ്.എം.ഇ വായ്‌പാ തിരിച്ചടവിന് ഇളവു നൽകുന്നതിന് പുറമേ ഇവയുടെ ജി.എസ്.ടി റിട്ടേൺ സമർപ്പണം, വൈദ്യുതി ബിൽ പേമെന്റ് എന്നിവയ്ക്കും കൂടുതൽ സാവകാശം നൽകുന്നത് സംബന്ധിച്ചും യോഗം ചർച്ച ചെയ്‌തു. രക്ഷാ പാക്കേജ് പ്രഖ്യാപനത്തിന് ഇപ്പോൾ സമയം നിശ്‌ചയിക്കാനാവില്ലെന്നും ടാസ്‌ക് ഫോഴ്‌സ് രൂപീകരണത്തിന് ശേഷം എല്ലാകാര്യങ്ങളും വ്യക്തമാകുമെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.
റിസർവ് ബാങ്ക് ₹30,000 കോടി വിപണിയിലിറക്കും
രാജ്യത്ത് സമ്പദ്‌ഞെരുക്കം ഒഴിവാക്കാനായി ഓപ്പൺ മാർക്കറ്ര് ഓപ്പറേഷനുകളിലൂടെ (ഒ.എം.ഒ) റിസർവ് ബാങ്ക് 30,000 കോടി രൂപ വിപണിയിലിറക്കും. 15,000 കോടി രൂപ വീതം രണ്ടുഘട്ടങ്ങളിലായി സർക്കാർ കടപ്പത്രങ്ങൾ വാങ്ങിയാകും ഇത്. ഒ.എം.ഒ ഓപ്പറേഷനിലൂടെ ഇന്നലെ 10,000 കോടി രൂപ റിസർവ് ബാങ്ക് വിപണിയിൽ ഇറക്കിയിരുന്നു. വിപണിയുടെ പ്രവർത്തനം തടസങ്ങളില്ലാതെ നടക്കുന്നതിനായാണ് ഈ നടപടിയെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.
ലോംഗ് ടേം റിപ്പോ ഓപ്പറേഷനുകളിലൂടെ (എൽ.ടി.ആർ.ഒ) ഒരുലക്ഷം കോടി രൂപ വിപണിയിലിറക്കുമെന്നും റിസർവ് ബാങ്ക് പ്രഖ്യാപിച്ചിരുന്നു. നിശ്‌ചിത റിപ്പോ നിരക്കും കാലാവധിയും കണക്കാക്കി, പണം വിപണിയിലിറക്കുന്ന നടപടിയാണിത്.