corona-

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കൊറോണ വൈറസ് ബാധ സ്ഥീരികരിച്ച 12ൽ ആറു കേസുകളും കാസർകോട്ട് നിന്ന്. ഇതോടെ കാസർകോട്ട് കർശനന നിയന്ത്രണങ്ങളാണ് സർക്കാർ ഏർപ്പെടുത്തിയത്. ജില്ലയിൽ ഒരാഴ്ച സർക്കാർ ഓഫീസുകൾ അടച്ചിടും അടച്ചിടും. രണ്ടാഴ്ച എല്ലാ ആരാധനാലയങ്ങളും അടച്ചിടാനും നിർദ്ദേശിച്ചിട്ടുണ്ട്. ക്ലബുകളും മുഴുവനായും അടയ്ക്കും. കടകൾ രാവിലെ 11 മുതൽ വൈകിട്ട് 5 വരെ മാത്രമേ തുറക്കൂവെന്നും ഇതിനുള്ള ഉത്തരവ് ഇറങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


കാസർകോട് ആദ്യം രോഗം സ്ഥിരീകരിച്ചയാൾ സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തതാണ് രോഗം പടരാൻ കാരണമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇയാൾ ജില്ലയിലെ രണ്ട് എം.എൽ.എമാരെ കാണുകയും ചെയ്തു. ഇതിൽ ഒരാളെ ഹസ്തദാനം ചെയ്തു,​ മറ്റൊരാളെ കെട്ടിപ്പിടിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈറസ് ബാധിച്ചയാൾ കരിപ്പൂരാണ് വിമാനം ഇറങ്ങിയത്. അന്ന് അവിടെ താമസിച്ചു. പിറ്റേന്ന് കോഴിക്കോട്ടേക്കും അവിടെനിന്ന് കാസർകോട്ടേക്കു പോയി. പിന്നീട് എല്ലാ പൊതു പരിപാടികളിലും അദ്ദേഹം പങ്കെടുത്തു.

ഫുട്ബോൾ, ക്ലബ് പരിപാടി,കല്യാണം ഉൾപ്പെടെയുള്ള ചടങ്ങുകളിൽ പങ്കെടുത്തു. അദ്ദേഹം വിവിധ സ്ഥലങ്ങളിൽ സഞ്ചരിച്ചു. കാസർകോട് പ്രത്യേകം കരുതൽ വേണം എന്നാണ് ഇതിൽ കാണുന്നത്. ജാഗ്രത വേണം എന്ന് അഭ്യർത്ഥിക്കുന്നുണ്ടെങ്കിലും ചിലർ ഇത് അനുസരിക്കാത്തതിന്റെ ഫലമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. രോഗിയുമായി ബന്ധപ്പെട്ട എം.എൽ.എമാർ ഇപ്പോൾ നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.