ന്യൂഡൽഹി: കൊറോണ സ്ഥിരീകരിച്ച ഗായിക കനിക കപൂറിനൊപ്പം പാർട്ടിയിൽ പങ്കെടുത്ത ബി.ജെ.പി നേതാവും രാജസ്ഥാൻ മുൻമുഖ്യമന്ത്രിയുമായ വസുന്ധരരാജെ സിന്ധ്യയും മകനും എം.പിയുമായ ദുഷ്യന്ത് സിംഗും ഹോം ക്വാറന്റൈനിൽ പ്രവേശിച്ചു. പാർട്ടിയിൽ പങ്കെടുത്തതിന്റെ പിറ്റേദിവസം ദുഷ്യന്ത് പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുത്തതും ആശങ്ക സൃഷ്ടിക്കുകയാണ്.
പാർലമെന്റിൽ ദുഷ്യന്ത് പല എം..പിമാരുമായും സംസാരിക്കുകയും ഒരുമിച്ചിരിക്കുകയും ചെയ്തു. രാഷ്ട്രപതി ഭവനിലെ ഒരു ചടങ്ങിലും ദുഷ്യന്ത് പങ്കെടുത്തു.കനിക കപൂർ ലക്നൗവിൽ വച്ചു നടത്തിയ പാർട്ടിയിൽ വസുന്ധരെയ്ക്കും ദുഷ്യന്ത് സിംഗിനും പുറമേ യു..പി ആരോഗ്യമന്ത്രി ജയ് പ്രതാപ് സിംഗ്, മുൻകേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ ജിതിൻ പ്രസാദ് എന്നിവരും പങ്കെടുത്തതായാണ് റിപ്പോർട്ട്.
ഈ മാസം 15 നാണ് കനിക ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയത്. കനികയുടെ കുടുംബാംഗങ്ങളും നിരീക്ഷണത്തിലാണ്. ലക്നൗവിലുള്ള കിംഗ്സ് ജോർജ്‌സ് മെഡിക്കൽ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ് കനിക. ലണ്ടനിൽ നിന്ന് എത്തിയ ശേഷം കനിക ഒരു സെലിബ്രറ്റി പാർട്ടിയിൽ പങ്കെടുത്തിരുന്നു. ഈ പാർട്ടിയിൽ രാഷ്ട്രീയ സിനിമാ മേഖലയിലെ നിരവധിപേർ പങ്കെടുത്തതയാണ് വിവരം.