ന്യൂഡൽഹി: മാർച്ച് പത്തിന് ആകെ 50 കേസുകൾ ചെയ്ത ഇന്ത്യയിൽ ഇപ്പോഴുള്ള കൊറോണ രോഗബാധിതരുടെ എണ്ണം അഞ്ചിരട്ടി. ഇതു വരെ രാജ്യത്ത് 249 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നാലുപേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇന്ന് മാത്രം നാല്പതോളം കേസുകളാണ് പുതിയതായി റിപ്പോർട്ട് ചെയ്തത്.
249 കേസുകൾ റിപ്പോർട്ട് ചെയ്തതതിൽ 136 കേസുകൾ വിദേശത്ത് നിന്നെത്തിയവരിലാണ് സ്ഥിരീകരിച്ചത്. ബാക്കിയുള്ളവ ഇവരുമായി സമ്പർക്കം പുലർത്തിയവരിലൂടെ വ്യാപിച്ചതാണ്. ജനുവരി 30നാണ് ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ കൊറോണ സ്ഥിരീകരിച്ചത്. മാർച്ച് 10ന് 50 കേസുകൾ റിപ്പോർട്ട് ചെയ്ത് പത്ത് ദിവസം പിന്നിടുമ്പോഴാണ് രോഗികളുടെ എണ്ണത്തിലുണ്ടായ വൻവർദ്ധന.
ഇന്ത്യയിൽ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്, 52. മഹാരാഷ്ട്രയ്ക്ക് ശേഷം കൂടുതൽ കേസുകൾ കേരളത്തിലും ഉത്തർപ്രദേശിലുമാണ്. 17 സംസ്ഥാനങ്ങളിലും ഡൽഹിയിലും പുതുച്ചേരിയിലും ലഡാക്കിലും രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.