തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളിലും വിദേശത്തും തുടരെത്തുടരെ പോയിവരുന്ന ടെക്കികളെ തുടർച്ചയായി ആരോഗ്യ പരിശോധന നടത്തി, ടെക്നോപാർക്കിനെ കൊറോണയിൽ നിന്ന് രക്ഷപ്പെടുത്തിയത് പാർക്കിലെ സഹകരണ ആശുപത്രിയും അവിടത്തെ രണ്ട് ഡോക്ടർമാരുമാണ്. ടെക്നോപാർക്കിലും രണ്ട് ഫേസുകളിലുമായി 360 ഐ.ടി കമ്പനികളുണ്ട്. എല്ലായിടത്തുമായി 60,000 ടെക്കികൾ ജോലിചെയ്യുന്നു. എല്ലാവരെയും നിരന്തരം സ്ക്രീനിംഗ് നടത്തിയും ബോധവത്കരണം നൽകിയുമാണ് ഡോക്ടർമാരായ വി.എസ്.അരുൺകുമാർ, വി.ഒ. അഖിൽ എന്നിവരും 12 പാരാമെഡിക്കൽ ജീവനക്കാരും ടെക്കികളുടെ കൊറോണപ്പേടി അകറ്റിയത്. ടെക്നോപാർക്ക് എംപ്ലോയീസ് സഹകരണ ആശുപത്രിയിൽ ലബോറട്ടറി, ഫാർമസി സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. വിദേശത്തും അന്യസംസ്ഥാനങ്ങളിലും ഇത്രയേറെ യാത്രകളുള്ളവർ എത്തുന്ന സ്ഥലമായിട്ടും ഇതുവരെ ടെക്നോപാർക്കിൽ ഒരാൾക്കു പോലും രോഗമുണ്ടായിട്ടില്ല.
സാമൂഹ്യ വ്യാപനത്തിന്റെ അടുത്ത ഘട്ടമുണ്ടാകുമെന്ന ജാഗ്രതയുണ്ടെങ്കിലും ടെക്നോപാർക്കിൽ സ്ഥിതിഗതികൾ ഇതുവരെ നിയന്ത്രണ വിധേയമാണെന്ന് ഡോ.അരുൺകുമാർ സിറ്റികൗമുദിയോട് പറഞ്ഞു. എല്ലാ ടെക്കികൾക്കും വെബിനാർ, സ്കൈപ്പ് വഴി കൊറോണയെക്കുറിച്ച് ബോധവത്കരണം നൽകി. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയും മറ്റുമുള്ള വ്യാജ പ്രചാരണത്തെ പ്രതിരോധിക്കാൻ ഇതിലൂടെ സാധിച്ചു. തിങ്കളാഴ്ച മുതൽ ഇതിന്റെ രണ്ടാം ഘട്ടം തുടരും. അത്യാവശ്യമില്ലാത്ത ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ സൗകര്യമൊരുക്കാൻ കമ്പനികളോട് നിർദ്ദേശിച്ചു. ആ നിർദ്ദേശം സ്വീകരിച്ച വൻകിട കമ്പനികളടക്കം ജീവനക്കാരെ വീട്ടിലിരുത്തി. ഇപ്പോൾ നാലിലൊന്ന് ടെക്കികൾ മാത്രമാണ് കമ്പനികളിൽ നേരിട്ട് ജോലിക്കെത്തുന്നത്.
തെർമൽ സ്കാനറുപയോഗിച്ച് പരിശോധിച്ച് മാത്രമേ ആരെയും പാർക്കിലേക്ക് കടത്തിവിടൂ. അതിനു പുറമേ രക്തപരിശോധനയുമുണ്ട്. പനിയും രോഗലക്ഷണങ്ങളുമുള്ളവരെ ക്വാറന്റൈൻ ചെയ്യാൻ നിർദ്ദേശിക്കും. ഇത്തരത്തിൽ 400ലേറെ ടെക്കികൾ വീടുകളിൽ ക്വാറന്റൈനിൽ കഴിയുകയാണ്. രോഗലക്ഷണമുള്ള പത്തോളം പേരെ ആശുപത്രികളിൽ ഐസൊലേഷനിലാക്കിയിട്ടുണ്ട്. വിദേശത്തു നിന്ന് മടങ്ങിയെത്തിയവരുമായി സമ്പർക്കമുണ്ടെന്ന് കണ്ടെത്തിയായിരുന്നു ഈ നടപടി. എന്നാൽ ടെക്നോപാർക്കിൽ ഒരു തരത്തിലും ഭയപ്പെടാനുള്ള സാഹചര്യമില്ലെന്ന് ഡോ.അരുൺകുമാർ പറഞ്ഞു. ടെക്നോപാർക്കിന്റെയും സ്റ്റാർട്ട് അപ് മിഷന്റെയും കൺസൾട്ടന്റ് ഡോക്ടർ കൂടിയാണ് അരുൺകുമാർ.
പ്രതിരോധം പലവിധം
t എല്ലാ കമ്പനികളിലും സാനിട്ടൈസറുകളും മാസ്കുകളും സഹകരണ ആശുപത്രിയിൽ നിന്ന് സൗജന്യമായി എത്തിച്ചു. മുപ്പതിനായിരത്തിലേറെ മാസ്കുകൾ വിതരണം ചെയ്തു.
t മൂന്ന് ഫേസുകളിലെയും എല്ലാ കെട്ടിടങ്ങളിലും തെർമൽ സ്കാനർ പരിശോധന ഏർപ്പെടുത്തി. ശരീരോഷ്മാവ് കൂടുതലുള്ളവരെ ആശുപത്രിയിൽ പരിശോധിച്ചു.
t വിദേശത്തു നിന്നെത്തിയവരുമായോ അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയവരുമായോ സമ്പർക്കം പുലർത്തിയവരെ പ്രത്യേകം സ്ക്രീനിംഗ് നടത്തി.
t വിദേശിക്ക് കൊറോണ സ്ഥിരീകരിച്ച വർക്കലയിൽ വിനോദസഞ്ചാരത്തിന് പോയ ടെക്കികളെയടക്കം രണ്ടാഴ്ച നിരീക്ഷണത്തിലാക്കി. ഇവരാരും വിദേശിയുടെ റൂട്ട് മാപ്പിൽ ഉൾപ്പെടുന്നവരല്ല.
5 കരുതലുകൾ
പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കണം
ധാരാളം വെള്ളം കുടിക്കണം
പഴങ്ങളും പച്ചക്കറികളും കൂടുതൽ കഴിക്കണം
രാത്രിയിൽ നല്ല ഉറക്കം വേണം
മുട്ടയും ഇറച്ചിയും നന്നായി വേവിച്ച് കഴിക്കാം
ഭയം അകറ്റി,ടെക്കികളെ കരുത്തരാക്കി
പല സംസ്ഥാനങ്ങളിലെയും വിദേശത്തെയും ജീവനക്കാരുള്ളതിനാൽ കൊറോണപ്പേടിയിലായിരുന്നു രണ്ടാഴ്ച മുൻപ് ടെക്നോപാർക്ക്. ചെറിയ പനിയോ ശരീരവേദനയോ ഉള്ളവർ പോലും പേടിയോടെ ഒ.പിയിലെത്തി. എന്നാൽ യാതൊരു ആശങ്കയും വേണ്ടെന്നും ശുചിത്വം പാലിക്കുന്നതിലടക്കം ജാഗ്രതയാണ് വേണ്ടതെന്നും സഹകരണ ആശുപത്രിയിലെ ഡോക്ടർമാർ വിശദീകരിച്ചതോടെ ടെക്കികളുടെ ഭയം അകന്നു. ചെറിയ ലക്ഷണങ്ങളുള്ളവരെപ്പോലും ക്വാറന്റൈനിലാക്കി. സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിക്കാനും കൂട്ടം കൂടൽ ഒഴിവാക്കാനും കർശന നിർദ്ദേശം നൽകി. വ്യാജപ്രചാരണങ്ങൾ കാരണമുള്ള ഭീതി ഒഴിവാക്കാൻ ഓൺലൈനിലൂടെ ബോധവത്കരണവും തുടങ്ങിയപ്പോൾ ടെക്കികൾ ഹാപ്പി.
ടെക്നോപാർക്കിലുള്ളവർക്ക് ആശങ്ക
വേണ്ട. സാമൂഹ്യ വ്യാപനത്തിനുള്ള സാദ്ധ്യത വളരെ കുറവാണ്. ചെറിയ സംശയമുള്ളവരെപ്പോലും ക്വാറന്റൈൻ ചെയ്യുന്നുണ്ട്. ഐ.ടി
കമ്പനികൾ മികച്ച സഹകരണമാണ്
നൽകുന്നത്.
- ഡോ. വി.എസ്. അരുൺകുമാർ