തിരുവനന്തപുരം: തമ്പാനൂർ സെൻട്രൽ ബസ് ടെർമിനിൽ. സമയം ഇന്നലെ നട്ടുച്ച നേരം (12). കാൽനടക്കാർക്കുള്ള കവാടം കടന്ന് പോകുമ്പോൾ തന്നെ കേൾക്കാം 'ഹലോ...'വിളി. അതൊരു മുന്നറിയിപ്പാണ്. പിന്നെ ഇങ്ങോട്ടു വരൂ. കൈയിൽ സാനിട്ടൈസറുമായി നിൽക്കുകയാണ് രണ്ട് വനിതകൾ. അങ്ങോട്ടു ചെന്നാൽ കൈവെള്ളയിലേക്ക് സാനട്ടൈസർ വീഴുകയായി. തുടച്ച ശേഷം ബസ് സ്റ്റേഷനിലേക്കു പോകാം. അവിടെയുമുണ്ട് മൂന്നു പേർ സാനിട്ടൈസറുമായി. ബ്രേക്ക് ദി ചെയിൻ കാമ്പെയിൻ ഉഷാറാണ്.
പക്ഷേ, അവിടം കൊണ്ടു തീർന്നു സുരക്ഷ! യാത്രക്കാർ കുറച്ചേ ഉള്ളൂ. പക്ഷേ, അവരോട് കൂട്ടം കൂടി നിൽക്കരുത് എന്ന് മൈക്കിലൂടെ ഒന്നു വിളിച്ചു പറയാൻ ആരുമില്ല. ഏറെയും ജില്ലകൾ കടന്നു യാത്ര ചെയ്യേണ്ടവരാണ് ടെർമിനലിനുള്ളിൽ എത്തുന്നത്. ജീവനക്കാരും എല്ലാവരുമൊന്നും മാസ്ക് ധരിച്ചിട്ടില്ല. ബസുകൾ എന്നും അണുവിമുക്തമാക്കാറുണ്ടെന്ന് ജീവനക്കാർ പറയുന്നു. ബസ് ടെർമിനലിലെ കാത്തിരിപ്പ് കേന്ദ്രത്തിലെ ഫുട്പാത്ത് കച്ചവടത്തിൽ ഒരേ ഒരു സാധനത്തിനാണ് ഡിമാന്റ്, മാസ്കിന്. സാധാരണ മാസ്കിന് വില 20, കോട്ടൺ മാസ്കിന് വില 25. മെഡിക്കൽ സ്റ്റോറുകളെ അപേക്ഷിച്ച് ഇത് സഹായ വില.
സെൻട്രൽ റെയിൽവേ സ്റ്റേഷൻ സമയം 12.30
പ്രധാന വഴിയിൽ സാനിട്ടൈസറുമായി ആരോഗ്യപ്രവർത്തകർ നിലയുറപ്പിച്ചിട്ടുണ്ട്. കൊറോണ സംബന്ധിച്ച മുൻകരുതൽ അറിയിപ്പും ഇടയ്ക്കിടെ ഉണ്ട്. ലിഫ്ട്, എസ്കലേറ്റർ, ലിഫ്ട് പ്രവർത്തനം നിറുത്തിവച്ചു. ഇവ രണ്ടിലും കൂടി കൊറോണാ പകരാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് നിറുത്തിയത്. ട്രെയിനുകൾ റദ്ദ് ചെയ്യുന്നത് ഇന്നലെയും തുടർന്നിരുന്നു. യാത്രക്കാരെ നിരീക്ഷിക്കാനായി ഡോക്ടർമാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. ഇതെല്ലാം ഒന്നാമത്തെ പ്ളാറ്റ് ഫോമിൽ. രണ്ടാമത്തെ പ്ളാറ്റ് ഫോമിലും മറ്റു പ്ളാറ്റ് ഫോമുകളിലും കാര്യങ്ങളൊക്കെ പതിവുപോലെ. യാത്രക്കാർ കുറവ്. അത് അവിടത്തെ കച്ചവടക്കാരെയും ബാധിച്ചിട്ടുണ്ട്. എല്ലാവരുടെയും മുഖത്ത് നിരാശ. സാനിട്ടൈസറുമായി മറ്റ് പ്ലാറ്റ് ഫോമുകളിൽ ആരും കറങ്ങി നടക്കുന്നില്ല.
ആട്ടോ സ്റ്റാൻഡുകളിൽ കൂടുതൽ ആട്ടോകൾ കിടപ്പുണ്ട്. ബസിലും ട്രെയിനിലുമൊക്കെ കൂടുതൽ പേർ എത്തിയാലേ ആട്ടോറിക്ഷകൾക്കും കൂടുതൽ ഓട്ടം കിട്ടുകയുള്ളൂ.തമ്പാനൂർ ആട്ടോ സ്റ്റാൻഡിനടുത്ത് തന്നെ സോപ്പും വെള്ളവുമുണ്ട്.
മാളുകളും കച്ചവട സ്ഥാപനങ്ങളും തെളിഞ്ഞു, മങ്ങി
രണ്ട് ദിവസമായി പുതിയ കൊറോണാ സ്ഥിരീകരണങ്ങൾ ഇല്ലാത്തതിനെ തുടർന്ന് ആളുകൾ മറ്റു ദിവസങ്ങളെ അപേക്ഷിച്ച് വ്യാഴാഴ്ച കൂടുതലായി പുറത്തേക്കിറങ്ങിയിരുന്നു. ഇത് മാളുകളിലും കച്ചവട സ്ഥാപനങ്ങളിലും പ്രതിഫലിച്ചു. പക്ഷേ, ഈ പ്രവണത ശരിയല്ലെന്നായിരുന്നു ആരോഗ്യപ്രവർത്തകരുടെ മുന്നറിയിപ്പ്. സാമൂഹ്യ വ്യാപനത്തിന്റെ അടുത്ത ഘട്ടത്തിൽ ഏറെ ജാഗ്രത വേണമെന്നു തന്നെയായിരുന്നു അവർ മുന്നറിയിപ്പ് നൽകിയത്. വ്യാഴാഴ്ച രാത്രി പ്രധാനമന്ത്രി ജനതാ കർഫ്യൂ പ്രഖ്യാപിക്കുകയും ഇന്നലെ സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റി വയ്ക്കുകയും സർക്കാർ ജീവനക്കാരുടെ പ്രവർത്തനത്തിൽ പോലും മാറ്റം വരുത്തുക കൂടി ചെയ്തതോടെ ജനം വീണ്ടും പഴയ ഗൗരവത്തിലേക്ക് എത്തി. കച്ചവട സ്ഥാപനങ്ങളിൽ തിരക്ക് കുറഞ്ഞു. ചില കച്ചവട സ്ഥാപനങ്ങൾ മുൻകരുതൽ നടപടികൾ കൈക്കൊള്ളാതെയാണ് പ്രവർത്തിക്കുന്നത്. ബോധവത്കരണം അവഗണിക്കുന്നവർ ഇപ്പോഴും സമൂഹത്തിലുണ്ട് എന്നതാണ് വസ്തുത.
ആരാധന വീട്ടിൽ മതി
ക്ഷേത്രങ്ങളിലും പള്ളികളിലും നിത്യേന പോയിരുന്നവർ പോലും ഇപ്പോൾ ആരാധന വീട്ടിലാക്കി.വെള്ളിയാഴ്ച ആയിരുന്നിട്ടും ഇന്നലെ ആരാധനാലയങ്ങളിൽ തിരക്കില്ലായിരുന്നു. മിക്കാവാറും ക്ഷേത്രങ്ങളിൽ ഉത്സവപരിപാടികൾ ഒഴിവാക്കി. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലും ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലും ഭക്തർക്ക് ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി. മുന്നറിയിപ്പ് വന്നപ്പോൾ തന്നെ ഭക്തർ സ്വയം മാറി നിൽക്കുകയായിരുന്നു. അർച്ചന ഓൺലൈനാക്കാനും ദർശനം പരമാവധി ഒഴിവാക്കണമെന്നും അഭ്യർത്ഥിച്ച് ആറ്റുകാൽ ക്ഷേത്രത്തിനു മുന്നിൽ ബോർഡ് വച്ചിട്ടുണ്ട്.
പരീക്ഷകൾ മാറ്റിയതിൽ ആശ്വാസം
പരീക്ഷകൾ എല്ലാം മാറ്റിവയ്ക്കാൻ സർക്കാർ തീരുമാനിച്ചത് വിദ്യാർത്ഥികൾക്കെന്ന പോലെ രക്ഷിതാക്കൾക്കും ഏറെ ആശ്വാസം പകർന്നു. ഓരോ ദിവസവും ചോദ്യപേപ്പറിനെ കുറിച്ചോർത്തുള്ള ടെൻഷനെക്കാളും മുന്നിട്ടു നിന്നിരുന്നത് കൊറോണ വരുമോ എന്ന ടെൻഷനായിരുന്നു. എല്ലാ പരീക്ഷാഹാളുകളിലും ഒരു മീറ്റർ അകലം പാലിക്കപ്പെടുന്നില്ലെന്നും പരാതിയുണ്ടായിരുന്നു.