തിരുവനന്തപുരം: കൊറണപ്പേടിയിൽ താത്കാലിക ജീവനക്കാർ സ്ഥലം വിട്ടതോടെ കൊച്ചുവേളിയിലെ റെയിൽവേയുടെ എൽ.എച്ച്. ബി. ട്രെയിൻകളുടെ മെയിന്റനൻസ് സർവീസ് പ്രതിസന്ധിയിലായി. തിരുവനന്തപുരത്തുനിന്നുള്ള കേരള എക്സ്പ്രസ് ഉൾപ്പെടെയുള്ള എൽ.എച്ച്. ബി. കോച്ചുകളുടെ സർവീസും ട്രെയിൻ ഒാടിക്കൊണ്ടിരിക്കുമ്പോൾ ഇലക്ട്രിക് സർവീസും ചെയ്തുപോരുന്നത് ഡൽഹി ആസ്ഥാനമായുള്ള സ്വകാര്യസ്ഥാപനത്തിലെ കരാർ ജീവനക്കാരായിരുന്നു.
ബീഹാർ, ഹരിയാന തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള ഇൗ ജീവനക്കാർ കൊറോണ ഭീതിയെ തുടർന്ന് ചൊവ്വാഴ്ച ഒരു മുന്നറിയിപ്പുമില്ലാതെ സ്ഥലംവിട്ടു. ഇതോടെ ട്രെയിൻ സർവീസുകളെല്ലാം പ്രതിസന്ധിയിലായി. ഇലക്ട്രിക് ജീവനക്കാർ ട്രെയിനിൽ തുടക്കം മുതൽ യാത്ര അവസാനിക്കുന്നത് വരെ സേവനം നടത്തേണ്ടവരാണ്. ഇത്തരം ജീവനക്കാരില്ലെങ്കിൽ സർവീസ് നടത്താനാവില്ല. ഇതേ തുടർന്ന് റെയിൽവേയിലെ സ്ഥിരം ജീവനക്കാരെ ഉപയോഗിച്ചാണ് സർവീസ് പുനരാരംഭിച്ചത്. എന്നാൽ വെള്ളിയാഴ്ച ഇതിനെതിരെ സ്ഥിരം ജീവനക്കാർ പണിമുടക്ക് ഭീഷണിയുമായി രംഗത്തെത്തി.
ഇതോടെ ട്രെയിൻ സർവീസുകൾ വീണ്ടും പ്രതിസന്ധിയായി. പിന്നീട് താത്കാലിക ജീവനക്കാരെ കൊണ്ടുവന്ന് ഏറെ വൈകിയാണ് ട്രെയിനുകൾ പുറപ്പെട്ടത്. കൊറോണയായതിനാൽ യാത്രക്കാർ കുറവാണ്. അതുകൊണ്ട് ഇൗ പ്രശ്നം വിവാദമായില്ല. കരാർ ജീവനക്കാരെ ജോലിക്ക് എത്തിക്കുന്ന നടപടി കൂടുതൽ കർശനമാക്കാൻ തീരുമാനിച്ചതായി റെയിൽവേ അറിയിച്ചു. കഴിഞ്ഞ ആഗസ്റ്റിലാണ് ഇലക്ട്രിക് എൻജിൻ മെയിന്റനൻസ് ജോലികൾ റെയിൽവേ സ്വകാര്യവത്കരിച്ചത്.