തിരുവനന്തപുരം: വൃത്തിയാക്കിയിട്ട് ഒരു വർഷം പോലും തികഞ്ഞില്ല അതിന് മുമ്പേ, ആമയിഴഞ്ചാൻ തോട് നഗരത്തിന്റെ അഴുക്ക് ചാൽ എന്ന 'പട്ടം പൂർവ്വാധികം ഭംഗിയായി" വീണ്ടെടുത്തു.ഈ ചിത്രം കണ്ടാൽ നഗരത്തിന്റെ മാലിന്യം മുഴുവൻ വഹിക്കുന്നത് ആമയിഴഞ്ചാൻ തോടാണെന്ന് തോന്നിപ്പോകും.അത്രയ്ക്കുണ്ട് മാലിന്യങ്ങൾ. ഇതിന് ഇരുകരകളിലുമുണ്ട്കുറെ മനുഷ്യജീവിതങ്ങൾ, കൊറോണ ഭീതിയും പ്രതിരോധവുമെല്ലാം അവർക്കും ബാധകമാണെന്ന് അധികാരികൾ ഓർക്കണം.
കഴിഞ്ഞ വർഷം മേയിലാണ് 50 ലക്ഷം രൂപ മുടക്കി നഗരസഭ തോട് വൃത്തിയാക്കിയത്.കണ്ണമ്മൂലമുതൽ തമ്പാനൂർ വരെയുള്ള ഭാഗം അന്ന് വൃത്തിയാക്കിയതാണ്. അതിന് മുമ്പ് 2015ൽ ഒാപറേഷൻ അനന്തയുടെ ഭാഗമായും തോട് വൃത്തിയാക്കിയിരുന്നു. എന്നാൽ അധികം വൈകാതെ നഗരത്തിന്റ മുഴുവൻ മാലിന്യങ്ങളും തോട് ഏറ്റുവാങ്ങാൻ തുടങ്ങി. അതേസമയം നഗരസഭയെയോ സർക്കാരിനേയോ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല മാലിന്യം വലിച്ചെറിയുന്നവർ കൂടി മാറി ചിന്തിക്കണം എങ്കിലേ ഈ തോടിനെ സംരക്ഷിക്കാനാവൂയെന്നാണ് അധികൃതർ പറയുന്നത്.
കണ്ണമ്മൂല കൊല്ലൂർപാലത്തിന് സമീപമുള്ള ആമയിഴഞ്ചാൻ തോട്ടിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങളും കോഴിവേസ്റ്റുകളുമുൾപ്പെടെ അടിഞ്ഞ് കൂടി ഒഴുക്ക് നിലച്ച അവസ്ഥയാണ്.നേരത്തെ അധികൃതരുടെ ഇടപെടലുകളെത്തുടർന്ന് അടച്ച ഓവുചാലുകളും ഡ്രെയ്നേജ് പൈപ്പുകളുമെല്ലാം തോട്ടിലേക്ക് വീണ്ടും തുറന്നിട്ടുണ്ട്.ചില വ്യാപാരസ്ഥാപനങ്ങളും ഹോട്ടലുകളെല്ലാം മാലിന്യം ഇവിടേക്ക് ഒഴുക്കി വിടുന്നുണ്ട്.
ദുർഗന്ധം കാരണം സമീപവാസികൾക്ക് വീട്ടിലിരിക്കാൻ കഴിയാത്ത അവസ്ഥയാണ്.സന്ധ്യ കഴിഞ്ഞാൽ കൊതുക് ശല്യവും രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. കനത്ത മഴ പെയ്താൽ തോട് നിറഞ്ഞ് കവിഞ്ഞ് വെള്ളം റോഡിലേക്ക് ഒഴുകും. തോട് കടന്നുപോകുന്ന സെൻട്രൽ തിയേറ്റർ റോഡ്, തമ്പാനൂർ, രാജാജിനഗർ, പഴവങ്ങാടി, തകരപ്പറമ്പ് വഞ്ചിയൂർ, പാറ്റൂർ, ചെന്നിലോട് എന്നിവിടങ്ങളിലും സ്ഥിതി രൂക്ഷമാണ്.കൊറോണയുടെ പശ്ചാത്തലത്തിലെങ്കിലും ഈ തോട് വൃത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് ആണ് തോട് വൃത്തിയാക്കുന്നത്. നഗരസഭയുടെ കീഴിൽ ഇത് വരുന്നില്ല. അവർക്ക് നിർദ്ദേശങ്ങൾ കൊടുക്കുന്നതിനനുസരിച്ച് കുറച്ചൊക്കെ വൃത്തിയാക്കുന്നുണ്ട്. കാലങ്ങളായി തോട്ടിൽ അടിഞ്ഞ് കിടക്കുന്ന ചെളി നീക്കം ചെയ്താലേ വെള്ളത്തിന്റെ ഒഴുക്ക് പഴയ പോലെയാകൂ. പക്ഷേ അത് ചെയ്യാൻ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ കൈയിൽ പണമില്ലെന്നാണ് പറയുന്നത്.
-സതീശ് കുമാർ കണ്ണമ്മൂല വാർഡ് കൗൺസിലർ
ഇവിടെ സ്ഥിതി ഭയങ്കര രൂക്ഷമാണ്. ദുർഗന്ധം സഹിക്കാനാകുന്നില്ല.ഞാൻ ഇവിടെ വന്നിട്ട് രണ്ടര കൊല്ലമായി എല്ലായിടത്തും ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത് കാണുന്നുണ്ട്. പക്ഷേ ഇവിടെ മാത്രം ആരും തിരിഞ്ഞുനോക്കുന്നില്ല.
-പ്രശാന്ത് നാരായണൻ -
നാടക സംവിധായകൻ ,
കളം തിയേറ്റർ സഹസ്ഥാപകൻ