വേനൽക്കാലത്ത് ധാരാളം ശുദ്ധജലം കുടിക്കണം. ദാഹമകറ്റാൻ അകത്താക്കുന്ന കോള, കാർബണേറ്റഡ് ശീതളപാനീയങ്ങൾ, പഞ്ചസാര ചേർന്ന ജ്യൂസുകൾ എന്നിവയിലെല്ലാം അമിത അളവിൽ പ്രിസർവേറ്റീവുകളും പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. ഇവ ദാഹം വർദ്ധിപ്പിക്കുന്നവയാണെന്ന് മാത്രമല്ല, ശരീരത്തിന് ഹാനികരവുമാണ്. സോഫ്ട് ഡ്രിങ്കുകൾ അസ്ഥികളുടെ ആരോഗ്യം ക്ഷയിപ്പിക്കുന്നതിന് പുറമേ വൃക്കകൾക്കും ദഹനേന്ദ്രിയത്തിനും ഹാനികരവുമാണ്.
ചായയും കാപ്പിയും കഴിയുന്നത്ര ഒഴിവാക്കുക. വേനൽക്കാലത്ത് തണുപ്പിച്ച ബിയർ പലരുടെയും ദൗർബല്യമാണ്. ഓർക്കുക, ബിയറിന്റെ അമിത ഉപയോഗം മൂത്രത്തിലൂടെ ശരീരത്തിൽ നിന്ന് അമിതമായ അളവിൽ ജലം നഷ്ടപ്പെടുത്താൻ ഇടയാക്കും.
കരിക്കിൻവെള്ളം, മോര്, തണുപ്പിച്ചെടുത്ത ലെസി, പുതിനയിലയോ രാമച്ചമോ ഇട്ട വെള്ളം, നാരങ്ങാ വെള്ളം, നെല്ലിക്ക ചതച്ചിട്ട വെള്ളം എന്നിങ്ങനെ എത്രയെത്ര പാനീയങ്ങൾ ദാഹവും ക്ഷീണവും അകറ്റാനും ആരോഗ്യം ലഭിക്കാനും സഹായിക്കുന്നു. വേനൽക്കാലത്ത് ഇവ ശീലമാക്കുക. പുറമേ, ധാരാളം ജലാംശം അടങ്ങിയ പച്ചക്കറികളും പഴങ്ങളും കഴിക്കുക.