മലയാള കവിതയെ സ്വന്തം ഹൃദയ രക്തംകൊണ്ട് ചുവപ്പണിയിച്ച വയലാർ, ഒ.എൻ.വി, തിരുനല്ലൂർ എന്നിവരോടൊപ്പം സ്ഥാനമുള്ള കവിയാണ് അന്തരിച്ച പുതുശേരി രാമചന്ദ്രൻ. തെരുവിലെ പെങ്ങളെക്കുറിച്ചും ഉരുകിയൊലിക്കുന്ന ഉച്ചവെയിലിൽ ചേറണിപ്പാടത്ത് വിയർപ്പൊഴുക്കി ജോലിചെയ്യുന്ന കർഷകപ്പെൺകൊടിയെക്കുറിച്ചും ആവുന്നത്ര ഉച്ചത്തിൽ പാടിയ പുതുശേരി നാളേയുടെ പാട്ടുകാരനായിരുന്നു. മനുഷ്യൻ മനുഷ്യനെ ചൂഷണം ചെയ്യാത്ത ഒരു പുതുയുഗത്തിന്റെ തുയിലുണർത്തുകാരനായി കവി വാഴ്ത്തപ്പെട്ടു. ഇടക്കാലത്ത് ഗൗരവമുള്ള ഭാഷാ ഗവേഷണത്തിലും പഠനത്തിലും മുഴുകിയിരുന്നില്ലെങ്കിൽ ആ നാദമാധുരി ഇന്നത്തേക്കാൾ ഉയരത്തിലെത്തുമായിരുന്നു.
കവിത വായിച്ച് പ്രചോദനമുൾക്കൊണ്ട് പ്രശസ്തി സ്വപ്നം കണ്ട് തൂലിക കൈയിലേന്തിയ കവിയായിരുന്നില്ല പുതുശേരി. സമരങ്ങളുടെ അഗ്നിപഥങ്ങളിലൂടെ സഞ്ചരിച്ച് എഴുതാതിരിക്കാൻ വയ്യെന്ന സർഗ വേദനയനുഭവിച്ചാണ് അദ്ദേഹം കവിത കുത്തിക്കുറിച്ചത്. മറ്റുപലരേയും പോലെ പുഷ്പശയ്യയായിരുന്നില്ല ആദ്യനാളുകൾ.
ആദ്യമായി ചുണ്ടിൽ കവിതയുടെ മധുരം തേച്ചത് ചങ്ങമ്പുഴക്കവിതയായിരുന്നു. ചങ്ങമ്പുഴയെ ഒന്ന് നേരിൽ കണ്ടതോടെ അതൊരു ലഹരിയായി. ഗ്രന്ഥശാലയിൽ ഉണ്ടായിരുന്ന ചങ്ങമ്പുഴക്കവിതകളും മാതൃഭൂമി, മലയാള രാജ്യം തുടങ്ങിയ വാരികകളും വായിച്ചപ്പോൾ മനസ് അനുഭൂതീസാന്ദ്രമായി. യുവജന സംഘത്തിന്റെ ആഭിമുഖ്യത്തിൽ മൂന്നുപേർ ചേർന്ന് 'ഭാരതത്തൊഴിലാളി" എന്ന പേരിൽ ഒരു കൈയെഴുത്തുമാസിക തുടങ്ങി. ആ കാലത്തെക്കുറിച്ച് തോപ്പിൽ ഭാസി ഇങ്ങനെയെഴുതി:
'വർഷങ്ങൾക്കുമുമ്പ് വള്ളികുന്നം എന്ന ഗ്രാമത്തിൽ മൂന്ന് പിള്ളേർ ചേർന്ന് ഒരു കൈയെഴുത്തു മാസിക തുടങ്ങി. ആ പിള്ളേർ മൂന്നും ആദ്യമായി അതിൽ എഴുതാൻ തുടങ്ങി. പിള്ളേരുടെ മൂപ്പന്റെ പേർ കരുണാകരൻ ചാന്നാർ എന്നായിരുന്നു. കാമ്പിശേരിയിലെ കൊച്ചുചാണാരെന്നും ബഹുമാനപൂർവം ചിലർ വിളിച്ചുപോന്നു. കൈയെഴുത്ത് മാസികയിൽ കൊച്ചു ചാന്നാരെന്നും മറ്റും വയ്ക്കുന്നത് പ്രസിദ്ധിക്കു പറ്റിയതല്ലല്ലോ. ആകയാൽ ആ കൊച്ചു ചാന്നാർ തന്റെ പേര് കാമ്പിശേരിൽ കരുണാകരൻ എന്നാക്കി ചീഫ് എഡിറ്റർ സ്ഥാനത്തുവച്ചു. രണ്ടാമൻ തോപ്പിലെ ഭാസ്കരപ്പിള്ളയായ ഞാൻ തോപ്പിൽ ഭാസിയായി. മൂന്നാമൻ പുതുശേരിയിലെ രാമചന്ദ്രൻപിള്ള എന്ന ചെറുക്കൻ പുതുശേരി രാമചന്ദ്രനുമായി."
ആ കൈയെഴുത്തുമാസികയ്ക്കുവേണ്ടിയാണ് പുതുശേരി ആദ്യമായി ഒരു കവിത കുത്തിക്കുറിച്ചത്. 'ഉണരുവിൻ" എന്നായിരുന്നു കവിതയുടെ പേര്. 1948 ൽ പ്രസിദ്ധീകരിച്ച 'ഗ്രാമീണ ഗായകൻ" ആണ് ആദ്യകവിതാസമാഹാരം. ആദ്യമായി പ്രതിഫലം കിട്ടിയത് കൗമുദി പത്രാധിപർ കെ. ബാലകൃഷ്ണനിൽനിന്നായിരുന്നു. അന്ന് 15 രൂപയുടെ ഒരു ചെക്കുകിട്ടി.
തന്റെ കവിതയെക്കുറിച്ച് പുതുശേരി രാമചന്ദ്രൻ എഴുതി: 'സമൂഹജീവിതത്തിൽനിന്ന് മനഃസാക്ഷിയുള്ള ഒരു എഴുത്തുകാരനും മാറിനിൽക്കാനാവില്ല.ബാഹ്യപ്രേരണകൾ സൃഷ്ടിക്കുന്ന ആന്തരിക ചലനങ്ങളാണ് മിക്കവാറും കാവ്യബീജങ്ങളാവുക. ആന്തരിക ചോദനകൾ വേറെയും ഉണ്ടാകും. സ്വാതന്ത്ര്യസമരത്തിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലും വിദ്യാർത്ഥി ജീവിതകാലംമുതൽ സജീവമായി പങ്കെടുക്കാനായത് ഒരു ഭാഗ്യമായി ഞാൻ കരുതുന്നു. അതെനിക്ക് ധാരാളം ജീവിതാനുഭവങ്ങൾ തന്നു. അക്കാലത്തെ അനുഭവങ്ങളും പീഡനങ്ങളുമെല്ലാം എനിക്ക് കാവ്യവിഷയമായിട്ടുണ്ട്."
വിദ്യാർത്ഥി ജീവിതകാലം സമരങ്ങളുടെ തീക്കനലുകളിലൂടെയുള്ള യാത്രയായിരുന്നു. ഇന്റർമീഡിയറ്റിന് കൊല്ലം എസ്.എൻ കോളേജിലാണ് ചേർന്നത്. വസ്തു എഴുതിവിറ്റ കാശുകൊണ്ടാണ് അമ്മ മകനെ കോളേജിലയച്ചത്. പോകുമ്പോൾ അമ്മ പറഞ്ഞു.:
''ഇനിയെങ്കിലും അടങ്ങിയൊതുങ്ങി ജീവിക്ക്.""
പക്ഷേ ആ മകൻ അത് ചെവിക്കൊണ്ടില്ല. വിദ്യാർത്ഥി ഫെഡറേഷന്റെ എസ്.എൻ കോളേജ് ഘടകം രൂപീകരിച്ചു. അപ്പോഴാണ് പ്രിൻസിപ്പലിന്റെ ഒാർഡർ വന്നത്.
'''ഇൗ വർഷം കോളേജ് യൂണിയൻ ഇല്ല.""
വിദ്യാർത്ഥികൾ ഇതിനെതിരെ ഇളകി. ഒടുവിൽ യൂണിയൻ തിരഞ്ഞെടുപ്പ് നടത്താൻ പ്രിൻസിപ്പൽ സമ്മതിച്ചു.
അടുത്ത സമരം കോളേജ് യൂണിയൻ ഉദ്ഘാടനത്തെച്ചൊല്ലിയായിരുന്നു. മകൻ സമരത്തിലുണ്ടെന്നറിഞ്ഞ് അമ്മ ഒാച്ചിറ പടനിലത്ത് കുടിൽ കെട്ടി ഭജനമിരുന്നു. പൊലീസ് പുതുശേരിയെ അറസ്റ്റ് ചെയ്തു. റോഡിൽ നിറുത്തിയിട്ടിരുന്ന വാനിലേക്ക് അവർ ആ വിദ്യാർത്ഥിയെ എടുത്തെറിഞ്ഞു. വാനിലും ലോക്കപ്പിലും വച്ച് മർദ്ദിച്ചു. കൊല്ലം കസ്ബാ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ലോക്കപ്പിൽ വച്ചും ക്രൂരമായ മർദ്ദനം തുടർന്നു. കുറെയായപ്പോൾ ബോധം നശിച്ചു. വിദ്യാർത്ഥികൾ നിരാഹാരം തുടങ്ങി. ഭജനമിരുന്ന അമ്മയെ ആരോ ഇൗ വിവരം അറിയിച്ചു. അമ്മ ബോധരഹിതയായി. അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാപ്പെഴുതിത്തന്നുപോയി അമ്മയെ കാണാൻ പൊലീസ് മേധാവികൾ ആവശ്യപ്പെട്ടു. എന്തുവന്നാലും മാപ്പെഴുതില്ലെന്ന് പുതുശേരി പറഞ്ഞു.
സമരവും കവിതയും സാംസ്കാരിക പ്രവർത്തനങ്ങളുമായി അതിവേഗം നാളുകൾകൊഴിഞ്ഞു. ഒരുദിവസം പാതിരായ്ക്ക് ശങ്കരനാരായണൻ തമ്പി വന്ന് വിളിച്ചുണർത്തി. അദ്ദേഹം പറഞ്ഞു:
''ഞങ്ങളുടെ കഴുത്തിൽ കൊലക്കയറാണ്. കേസ് നടത്താൻ നാട്ടിലാരുമില്ല. പാർട്ടി പ്രവർത്തകരെല്ലാം ജയിലിലോ ഒളിവിലോ ആണ്. തന്നെ സെക്രട്ടറിയായി വള്ളികുന്നത്തെ പാർട്ടി ഘടകം പുനസംഘടിപ്പിക്കാനാണ് വന്നത്.""
തുടർന്ന് പുതുശേരി രാഷ്ട്രീയ പ്രവർത്തനത്തിന്റെ അഗ്നിജ്വാലകളിലൂടെ സഞ്ചരിച്ചു.
ആ കാലഘട്ടത്തെക്കുറിച്ച് പിന്നീട് പുതുശേരി പറഞ്ഞതിങ്ങനെയാണ്.
''ഇത്രയും സംഘർഷം നിറഞ്ഞ കാലം എന്റെ ജീവിതത്തിലുണ്ടായിട്ടില്ല. മറക്കാനാവാത്ത അനുഭവങ്ങൾ. ജീവിതത്തിന് തന്റേടവും ആത്മബലവും ഉണ്ടാക്കിത്തന്ന കാലം.""
പുതുശേരിയോടൊപ്പം പഠിച്ചിരുന്നവരൊക്കെ പ്രശസ്തമായ നിലയിൽ ബിരുദമെടുത്തു. യൂണിവേഴ്സിറ്റി ഫസ്റ്റായി ജയിച്ച ഒരാൾക്ക് സ്വീകരണവും ഉണ്ടായി. സ്വീകരണ സമ്മേളനത്തിൽ പങ്കെടുത്ത് വീട്ടിൽവന്നു. അമ്മ അത്താഴം വിളമ്പി. അമ്മയുടെ മുഖത്തേക്ക് അറിയാതെ നോക്കിപ്പോയി. മണ്ണെണ്ണവിളക്കിന്റെ പ്രകാശത്തിൽ ആ കവിളിൽകൂടി കണ്ണീർച്ചാലുകൾ ഒലിച്ചിറങ്ങുന്നത് ആ മകൻ കണ്ടു. ആദ്യം അതിന്റെ അർത്ഥം പിടികിട്ടിയില്ല. ഇത്തിരിക്കഴിഞ്ഞപ്പോൾ ഒരു മിന്നൽപോലെ അതിന്റെ പൊരുൾ മനസിലായി. തന്റെ മുടങ്ങിപ്പോയ പഠിപ്പിനെക്കുറിച്ചോർത്തുള്ള അമ്മയുടെ നിശ്ശബ്ദമായ വേദനയുടെ കണ്ണീരാണത്. ഒന്നും അറിഞ്ഞതായി ഭാവിച്ചില്ലെങ്കിലും പിന്നെ ചോറിറങ്ങിയില്ല. പതിനാലാം വയസിൽ അച്ഛൻ മരിച്ചതിൽപ്പിന്നെ തന്റെ ഒരു തീരുമാനത്തിനും അമ്മ എതിരുനിന്നിട്ടില്ല. രാഷ്ട്രീയ പ്രവർത്തനം അരുത് എന്ന് പറഞ്ഞിട്ടില്ല. അമ്മയ്ക്ക് തന്നിൽ വലിയ വിശ്വാസമായിരുന്നു. ആ രാത്രി ഉറങ്ങിയില്ല. അടുത്ത മാർച്ചിൽ പഠിപ്പ് പൂർത്തിയാക്കിയേ മതിയാവൂ എന്ന് ആ രാത്രി ഉറപ്പിച്ചു.
പഠിപ്പ് തുടരുന്നതിന് പാർട്ടി പ്രവർത്തനങ്ങളിൽ നിന്നും മോചനം കിട്ടി. പഠിച്ച് ഒരിക്കൽ പുറത്താക്കിയ എസ്.എൻ കോളേജിൽ ത്തന്നെ അദ്ധ്യാപകനായി. ഉന്നതങ്ങൾ കൈയെത്തിപ്പിടിച്ചു. പണ്ഡിതനും ഗവേഷകനും വിവർത്തകനുമായി.
'ആവുന്നത്ര ഉച്ചത്തിൽ, പുതിയ കൊല്ലനും പുതിയൊരാലയും ശക്തിപൂജ, അകലും തോറും, എന്റെ സ്വാതന്ത്ര്യസമര കവിതകൾ, ഇൗ വീട്ടിൽ ആരുമില്ലേ?" തുടങ്ങിയവയാണ് പ്രധാന കവിതാസമാഹാരങ്ങൾ.
'തിളച്ചമണ്ണിൽ കാൽനടയായി" എന്ന ആത്മകഥയും ശ്രദ്ധേയമാണ്.
അക്ഷരങ്ങളിൽ രക്തവീര്യം നിറച്ച കവിയായിരുന്നു പുതുശേരി. അദ്ദേഹത്തിന്റെ കാവ്യജീവിതസ്വപ്നം ഇതായിരുന്നു:
'അരുത് കാണരുതെന്റെ നാടിന്റെ
തെരുവിൽതെണ്ടുന്ന പെങ്ങളെ നാളെ
അതിനുവേണ്ടിയാണിജ്ജീവിതത്തിൻ
കവിതയാകെ കരുപ്പിടിപ്പൂ ഞാൻ.
(ലേഖകന്റെ ഫോൺ: 9544600969)