മംഗളം മഹാഗുരോ
സംഗരഗ്രാമത്തിന്റെ
ചെന്നിണം വാരിക്കോരി
മനസിൽ നിറച്ചോനെ!
ഒന്നുമില്ലാത്തോർക്കായി
വീണമീട്ടവേ
സ്ഥാന ധന്യതയോർത്തില്ല നീ
നിസ്വനായ് കഴിഞ്ഞു നീ!
ധന്യമാം തവജ്ഞാന-
കണ്ണിനു മുന്നിൽവന്നു
സല്ലപിച്ചീടാത്തതായൊ-
ന്നുമില്ലീ ലോകത്തിൽ
പടയും പറകളും
ജഡവും ജനതയും
വിരിഞ്ഞ പൂവും പിന്നെ
വീണ പൂക്കളും
കെട്ടുപൊട്ടിച്ചീടുന്ന
വിപ്ളവമനുഷ്യനെ
കെട്ടിയിട്ടടിക്കുന്ന
ചൂഷക വൃന്ദങ്ങളും
ദൈവവും മനുഷ്യനും
കാകനും കഴുകനും
ഒന്നുമില്ലാതില്ലഹോ
എൻ ഗുരോ നിൻ ഗാനത്തിൽ!
ജീവിതം തന്നെ
തവഗാനങ്ങൾ
പ്രപഞ്ചത്തിൻ താളമാണല്ലോ
തവ ഭാവനാകുസുമങ്ങൾ
മംഗളം മഹാഗുരോ
സംഗരഗ്രാമത്തിന്റെ
ചെന്നിണം വാരിക്കോരി
മനസിൽ നിറച്ചോനേ!