ഒരു കണ്ണുകൊണ്ട് തന്നെ എല്ലാം കാണാം. ഒരു കാതുകൊണ്ടുതന്നെ മിക്കവാറും ശബ്ദങ്ങൾ കേൾക്കാം. സുപ്രധാന അവയവങ്ങളെല്ലാം ഒന്നുമാത്രം തന്ന പിശുക്കുള്ള പ്രകൃതി എന്തിനാണ് കണ്ണും കാതുമൊക്കെ രണ്ട് തന്നത്? ഡോ. വിനയചന്ദ്രൻ പരാതിക്കാരായ രോഗികളോട് സൗമനസ്യത്തോടെ ചോദിക്കാറുണ്ട്. രണ്ടുവശവും കാണണം. രണ്ടുഭാഗവും കേൾക്കണം. എങ്കിലേ ശരിയായ കാഴ്ചയും ബോധവും അറിയാൻ പറ്റൂ. ഇത്തരം ന്യായങ്ങൾ എത്രയൊക്കെ കേട്ടാലും പരാതി പറയാൻ മാത്രം ജനിച്ചവരുടെയും ജീവിക്കുന്നവരുടെയും മനോഭാവം മാറില്ലെന്നും ഡോക്ടർക്ക് അറിയാം.
പത്തുവർഷം മുമ്പ് ഡോക്ടർ വിനയചന്ദ്രന്റെ ജീവിതപങ്കാളി ഈ ലോകം വിട്ടുപോയി. മക്കൾ രണ്ടുപേർ. ഒരാൾ സർക്കാർ ഉദ്യോഗസ്ഥ. മകൻ സാമാന്യം ഭേദപ്പെട്ട ഒരു സ്വകാര്യസ്ഥാപനത്തിലും. കാറ്റുള്ള സമയത്ത് വേണ്ടവിധം തൂറ്റിയിരുന്നെങ്കിൽ മക്കളെ രണ്ടും ഡോക്ടർമാരാക്കാമായിരുന്നു എന്ന് കുറ്റപ്പെടുത്തുന്ന സഹപ്രവർത്തകർ ധാരാളം. ഒരാൾ ചെയ്യുന്ന നിരവധി കർമ്മങ്ങളിൽ ഒന്നുമാത്രമാണ് ഉപജീവനത്തിനായി അനുഷ്ഠിക്കുന്നത്. കർമ്മമേതായാലും മനുഷ്യപ്പറ്റ് ഉണ്ടാകണം. യന്ത്രങ്ങൾ കൈകാര്യം ചെയ്യുന്ന പണിക്കിടയിൽ പോലും അല്പം മനുഷ്യപ്പറ്റ് കാട്ടാവുന്നതേയുള്ളൂ. ഈ അഭിപ്രായക്കാരനാണ് ഡോ. വിനയചന്ദ്രൻ. കൈയിലിരിക്കുന്നത് സ്വർണമാണെങ്കിലും അത് ഇരുമ്പാണെന്ന് കരുതിയാൽ എന്തു സന്തോഷമാണുള്ളത്. ശർക്കര യാണെന്ന് ധരിച്ച് കയ്പക്ക കഴിച്ചാൽ മധുരം തോന്നുമോ എന്നൊക്കെ ഡോക്ടർ പുഞ്ചിരിയോടെ ചോദിക്കും.
ഒരാഴ്ച മരുന്നുകഴിച്ചിട്ടും രോഗം ലേശം കുറഞ്ഞതേയുള്ളൂ. എന്താണ് വേഗത്തിൽ കുറയാത്തത്. മരുന്ന് വ്യാജമാണോ? ഡോക്ടർ വേറെ മരുന്നുകുറിച്ചുതരണം എന്നൊക്കെ പരാതിപ്പെട്ട സമ്പന്നരോഗിയെ നോക്കി ഡോക്ടർ ആദ്യമൊന്നു ചിരിച്ചു. പിന്നെ സൗമനസ്യം ഒട്ടും വിടാതെ തന്നെ ചില കാര്യങ്ങൾ പറഞ്ഞുകൊടുത്തു. ലോകത്തെല്ലായിടത്തും എല്ലാവർക്കും ആകെ 24 മണിക്കൂറേയുള്ളൂ. നാം പ്രാർത്ഥിക്കുന്ന സമയത്തായിരിക്കും ഒരിടത്ത് ബോംബ് വീഴുക. മറ്റൊരിടത്ത് കലാപമായിരിക്കും. അതേ സെക്കന്റിൽ തന്നെയാകാം ഒരിടത്ത് പട്ടിണി മരണം. മറ്റൊരിടത്ത് കടത്തിണ്ണയിൽ കിടന്ന് ആയിരങ്ങൾ ഉറങ്ങുന്നത്. 24 മണിക്കൂറും സ്വന്തം കാര്യങ്ങൾ മാത്രം ചിന്തിച്ചും പരാതിപ്പെട്ടും പരിഭവിച്ചും ജീവിക്കേണ്ടിവരിക എത്ര നിർഭാഗ്യകരമാണ്. 24 മണിക്കൂറിൽ പത്തുനിമിഷമെങ്കിലും സഹജീവികളെക്കുറിച്ചും മറ്റുള്ളവരുടെ കഷ്ടപ്പാടുകളെക്കുറിച്ചും ചിന്തിച്ചുകൂടെ? അല്പം മുമ്പ് മരുന്നു വാങ്ങാൻ വന്ന ഒരു രോഗി രണ്ടുദിവസമായി നല്ല ആഹാരം കഴിച്ചിട്ടില്ല. കീറിപ്പറിഞ്ഞ ഒരു പത്തുരൂപനോട്ടേ അയാളുടെ പക്കലുള്ളൂ. അതു മേശവിരിപ്പിനടിയിൽ ചമ്മലോടെ വച്ചപ്പോൾ പകരം ഒരു നൂറു രൂപനോട്ട് അയാൾക്ക് നൽകി. പത്തുരൂപ സ്വീകരിച്ചില്ലെങ്കിൽ കുറഞ്ഞതുകൊണ്ടാണോ എന്ന് പാവം തെറ്റിദ്ധരിക്കും. കുറ്റബോധവും തോന്നിയെന്ന് വരാം. താൻ രണ്ടുകണ്ണ് കൊണ്ട് രണ്ടുവശവും കാണും. രണ്ടു കാതുകൊണ്ട് രണ്ട് ഭാഗവും കേൾക്കും. ഡോക്ടറുടെ വാക്കുകൾ ഉൾക്കൊണ്ടിട്ടാകാം ഒരു നിമിഷം സമ്പന്നനായ പരാതിക്കാരൻ രോഗി കുനിഞ്ഞിരുന്നു.
(ഫോൺ: 9946108220)