
സ്നേഹനിധിയായിരുന്നു അച്ഛൻ. കുടുംബമായിരുന്നു എന്നും അച്ഛന് ആദ്യപരിഗണന. കുട്ടിക്കാലത്തെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ പാട്ടും സ്നേഹവുമാണ് ആദ്യം മനസിലേക്കെത്തുന്നത്. തിരുവട്ടാർ ഹയർ സെക്കൻഡറി സ്കൂൾ അന്ന് ഞങ്ങളുടെ കുടുംബവകയായിരുന്നു. അച്ഛനായിരുന്നു അതിന്റെ മാനേജരും ഹെഡ്മാസ്റ്ററും. സ്കൂളിന്റെ കാര്യങ്ങളും പാട്ട് റെക്കാഡിംഗുകൾക്കുള്ള ചെന്നൈ യാത്രയും സംഗീത കച്ചേരികളും... ഈ തിരക്കുകൾക്കിടയിലും അച്ഛൻ കുടുംബത്തെ ഹൃദയത്തോടു ചേർത്തുപിടിച്ചു. സംഗീതമായിരുന്നു ആ മനസ് നിറയെ. എങ്കിൽപ്പോലും വീട് വിട്ട് അധികനേരം മാറി നിൽക്കാൻ ഒരിക്കലും കഴിയുമായിരുന്നില്ല.
രാത്രി ഏറെ വൈകിയാണ് കച്ചേരി കഴിയുന്നതെങ്കിലും അന്നു തന്നെ വീട്ടിലെത്തണമെന്ന കാര്യത്തിൽ വലിയ നിർബന്ധമായിരുന്നു. വീട്ടിലെത്തുമ്പോഴാണ് അച്ഛന് ഏറ്റവും സന്തോഷം. അച്ഛന് എല്ലാകാര്യങ്ങളിലും ചിട്ടവട്ടങ്ങളുണ്ടായിരുന്നു. വളരെ മൃദുവായ തലയണയാണ് ഉപയോഗിച്ചിരുന്നത്. കിടക്കുമ്പോൾ അതു തന്നെ വേണമെന്നുള്ള നിർബന്ധമുണ്ട്. വെള്ള ജുബ്ബയും മുണ്ടുമിടുന്ന അച്ഛനെ മാത്രമേ ഓർമ്മയിലുള്ളൂ. നിറമുള്ള വസ്ത്രമൊന്നും ഒട്ടും പ്രിയമായിരുന്നില്ല, ഉപയോഗിച്ച് കണ്ടിട്ടുമില്ല. വീട്ടിൽ ഞങ്ങളോട് സുഹൃത്തെന്ന പോലെയാണ്, പക്ഷേ സ്കൂളിലെത്തുമ്പോൾ വളരെ സ്ട്രിക്ടായിരുന്നു അദ്ദേഹം. അദ്ധ്യാപകന്റെ മക്കളെന്ന നിലയിൽ ഒരു സ്വാതന്ത്ര്യവും എടുക്കാൻ സമ്മതിച്ചിരുന്നില്ല എന്നു തന്നെ പറയാം. അങ്ങനെ ഒരു തോന്നൽ പോലും ഞങ്ങളുടെ ഉള്ളിലുണ്ടാകാൻ സമ്മതിച്ചിരുന്നില്ല. തെറ്റ് എവിടെയാണ് സംഭവിച്ചതെന്ന് ഒരിക്കലും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നില്ല, തെറ്റ് അവരവർ സ്വയം മനസിലാക്കണമെന്ന പക്ഷമായിരുന്നു. ആ മുഖത്തേക്ക് ഒന്നു നോക്കിയാൽ മതി, അല്ലെങ്കിൽ അച്ഛന്റെ ഒരു നോട്ടം മാത്രം മതി, ഞങ്ങൾക്കറിയാമായിരുന്നു ചെയ്തത് ശരിയോ, തെറ്റോ എന്ന്. ഒരിക്കൽപ്പോലും അടിച്ചിട്ടില്ല. ശബ്ദമുയർത്തി സംസാരിച്ചത് പോലും ഓർമ്മയിലില്ല. സ്കൂളിലെ കുട്ടികളെയും വഴക്ക് പറഞ്ഞിരുന്നില്ല. എന്നാൽ പോലും അതല്ലാതെ സ്വയമേവ ഉണ്ടാകുന്ന അച്ചടക്കം അച്ഛന്റെ ആജ്ഞാശക്തി ഞങ്ങളിലുണ്ടാക്കിയിരുന്നു. അന്നത്തെ അദ്ധ്യാപകർ പറഞ്ഞിരുന്ന രസകരമായ ഒരു കാര്യമുണ്ട്. ''സാറില്ലെങ്കിലും സാറിന്റെ കാർ ആ ഷെഡ്ഡിലുണ്ടായാൽ മതി. കുട്ടികൾ വികൃതി കാണിക്കില്ലെന്ന്."" അച്ഛൻ പരുഷമായി ആരോടും പെരുമാറിയിരുന്നില്ല. പക്ഷേ, ഹൃദയപൂർവമായ ഇടപെടലിലൂടെ അദ്ദേഹം സ്നേഹാദരങ്ങൾ സ്വന്തമാക്കി. ആ വാക്കുകൾ ധിക്കരിക്കാൻ ആർക്കും തോന്നിയിരുന്നില്ല.
ഞങ്ങൾ നാലുമക്കളാണ്, മൂത്തയാൾ ശ്രീകല, ശ്രീകുമാർ, ശ്രീലേഖ, ശ്രീഹരി...ചേട്ടൻ ശ്രീകുമാർ നന്നായി പാടുമായിരുന്നു. ബാങ്കിൽ നിന്നും വി.ആർ.എസ് എടുത്തശേഷമാണ് ചേട്ടൻ കമുകറ ശ്രീകുമാർ എന്ന പേരിൽ സംഗീതമേഖലയിൽ സജീവമായത്. അച്ഛന്റെ സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു ഞങ്ങളുടെ ജീവിതത്തിലെ വലിയ ധൈര്യമായ അമ്മ രമണി. വിവരിക്കാൻ കഴിയാത്ത അത്രയും പരസ്പര സ്നേഹം കൊണ്ടും സൗഹൃദം കൊണ്ടും ജീവിതം പങ്കിട്ടവരായിരുന്നു ആ ദമ്പതികൾ.
എനിക്ക് അഞ്ചുവയസുള്ളപ്പോൾ വാതപ്പനി വന്നിരുന്നു. പെട്ടെന്ന് ചികിത്സ കിട്ടിയില്ലെങ്കിൽ സന്ധികളെ ബാധിക്കുമെന്നതിനാൽ നാട്ടിലെ ഡോക്ടർ പരിശോധിച്ചശേഷം ഉടൻ തന്നെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. പരിഭ്രമിച്ച അച്ഛൻ പെട്ടെന്നു തന്നെ എന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പീഡിയാട്രിക് യൂണിറ്റിൽ കുഞ്ഞുങ്ങളുടെ കൂടെ അമ്മമാരെ മാത്രമേ അനുവദിക്കൂ. രണ്ടാമത്തെ നിലയിലാണ് വാർഡ്. അവിടെ നിന്നും നോക്കിയാൽ കാണുന്ന വിധത്തിൽ കാർ നിറുത്തിയിട്ടശേഷം അന്ന് പകൽമുഴുവൻ അവിടെ കാവൽ നിന്നു. എന്തെങ്കിലും പറ്റിയാലോ എന്ന പേടി കാരണം അച്ഛൻ ഒരു നിമിഷം പോലും മാറാതെ നിൽക്കുകയായിരുന്നു. രണ്ടുവർഷം ഏറെ സൂക്ഷിക്കണമെന്നു പറഞ്ഞതുകൊണ്ട് അതീവശ്രദ്ധയോടെയാണ് എന്നെ ആ കാലമത്രയും പരിചരിച്ചത്. അതേ പോലെ മറ്റൊരു സംഭവം ഓർമ്മയിലുള്ളത് അനിയനെ ഒന്നരവയസു വരെ വളരെയധികം ശ്രദ്ധിക്കണമെന്ന് ജാതകത്തിൽ പറഞ്ഞിരുന്നു. മറ്റാരും തന്നെ അറിയാതെ അത്ര കരുതലോടെയാണ് അച്ഛൻ ആ പ്രായം വരെ അവനെ വളർത്തിയത്. അതിനുശേഷം മാത്രമാണ് അമ്മയോടു പോലും അച്ഛൻ ഈ കാര്യം പറഞ്ഞത്. ഞങ്ങളാരും തന്നെ വിഷമിക്കുന്നത് ഇഷ്ടമല്ലായിരുന്നു. വാത്സല്യനിധിയായിരുന്നു അക്ഷരാർത്ഥത്തിൽ അച്ഛൻ.
സംഗീതം സുഗന്ധമായി അനുഭവപ്പെട്ട വീടായിരുന്നു ഞങ്ങളുടേത്. കച്ചേരികളും ഗാനമേളകളുമായി അച്ഛൻ അത്രയേറെ തിരക്കിലായിരുന്നു. ഈ റിഹേഴ്സലുകളൊക്കെ മിക്കവാറും വീട്ടിലായിരിക്കും. ശരിക്കും ഉത്സവം പോലെയായിരുന്നു ഞങ്ങളുടെ ബാല്യകാലം. അച്ഛൻ ഞങ്ങളെ പാട്ട് പഠിപ്പിച്ചിട്ടില്ല. അച്ഛന്റെ ഗുരുവാണ് എന്നെ പഠിപ്പിച്ചത്. ചേച്ചിയെയും ചേട്ടനെയും സ്കൂളിലെ പൊന്നമ്മാൾ ടീച്ചറായിരുന്നു പഠിപ്പിച്ചത്. അച്ഛൻ ഒന്നിനും ഞങ്ങളെ നിർബന്ധിച്ചിട്ടില്ല. നന്നായി പഠിക്കണമെന്ന ആഗ്രഹം പോലും അടിച്ചേൽപ്പിച്ചിരുന്നില്ല. സംഗീതം പഠിക്കണമെന്ന് ഞാൻ അങ്ങോട്ട് ആവശ്യപ്പെട്ടതാണ്. പറയുന്നതിൽ ന്യായമുണ്ടെന്ന് തോന്നിയാൽ അതു കേൾക്കാൻ എപ്പോഴും മനസ് കാണിച്ചിരുന്നു.
അച്ഛന്റെ നവതി ആഘോഷങ്ങൾക്ക് അച്ഛൻ തിരുവട്ടാറിൽ തുടങ്ങിയ ഫൈൻ ആർട്സ് ക്ളബിന്റെ നേതൃത്വത്തിൽ തുടക്കമിട്ടിരുന്നു. അച്ഛൻ ജനിച്ചത് മീനഭരണിനാളിലാണ്. എല്ലാവർഷവും പിറന്നാൾ നന്നായി ആഘോഷിച്ചിരുന്നു. വീട്ടിൽ അച്ഛന്റെ പിറന്നാൾ മാത്രമാണ് ആഘോഷിച്ചിരുന്നത്. തിരുവനന്തപുരം ശാസ്തമംഗലത്തുള്ള എന്റെ വീട്ടിലായിരുന്നു അവസാനത്തെ പിറന്നാൾ ആഘോഷം. അന്ന് അച് ഛന് വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രത്തിൽ ഒരു പരിപാടി ഉണ്ടായിരുന്നു. ഉച്ചയ്ക്ക് സദ്യ കഴിച്ചശേഷം ഞങ്ങൾ അച്ഛന് ഒരു വാച്ച് സമ്മാനമായി നൽകി. ആദ്യമായിട്ടായിരുന്നു അങ്ങനെ ഒരു സമ്മാനം അച്ഛന് നൽകിയത്. അച്ഛന് അതിഷ്ടപ്പെട്ടു. അതും കെട്ടിയാണ് ക്ഷേത്രത്തിലേക്ക് പോയത്. അന്നത്തെ പരിപാടിയിൽ ചേട്ടൻ 'സംഗമം" എന്ന പാട്ട് പാടിയിരുന്നു. അതു കേട്ടിഷ്ടപ്പെട്ടപ്പോൾ കെട്ടിപ്പിടിച്ചായിരുന്നു അച്ഛൻ ആ സന്തോഷം അറിയിച്ചത്. അടുത്തവർഷത്തെ പിറന്നാളിന് മുമ്പ് അച്ഛൻ മരിച്ചു. ഇന്നതെല്ലാം വിലപിടിപ്പുള്ള ഓർമ്മകളാണ്.
അച്ഛന് സൗഹൃദവലയം കുറവായിരുന്നു. കെ.പി. ഉദയഭാനു അങ്കിളുമായിട്ടായിരുന്നു ആകെയുള്ള അടുപ്പം. കുടുംബജീവിതമായിരുന്നു അദ്ദേഹം കൂടുതലായി ആസ്വദിച്ചിരുന്നത്. എല്ലാ അവധിക്കാലത്തും ഞങ്ങൾ മക്കളും കുടുംബവും വീട്ടിലെത്താൻ വേണ്ടി കാത്തിരിക്കുമായിരുന്നു. ആ ദിവസങ്ങൾക്ക് അത്ര മധുരമായിരുന്നു. രാത്രി ഭക്ഷണത്തിനുശേഷം ഞങ്ങളെല്ലാം ഒന്നിച്ചു കൂടും. മക്കളും മരുമക്കളും കൊച്ചുമക്കളുമൊക്കെയുള്ള ആ ഒത്തുചേരൽ അച്ഛന് ഏറെ പ്രിയപ്പെട്ടതായിരുന്നു. രാത്രി രണ്ടുമണിവരെയൊക്കെ ആ സദസ് നീളും. സംസാരിച്ചാലും സംസാരിച്ചാലും ഞങ്ങൾക്ക് മതിയാവില്ലായിരുന്നു. പിന്നെ പാട്ടും തമാശകളും ഒക്കെയായി ഇന്നും ഓർക്കുന്ന നിമിഷങ്ങളാണത്. വീട്ടിൽ എല്ലാവരുമറിയാതെ അച്ഛൻ ഒന്നും തീരുമാനിച്ചിരുന്നില്ല. അതിപ്പോഴും ഞങ്ങൾ പിന്തുടരുന്നു. വീട്ടിലെ ഏതുകാര്യവും പരസ്പരമറിഞ്ഞേ ഞങ്ങൾ ചെയ്യാറുള്ളൂ. അച്ഛൻ തുടങ്ങി വച്ച ശീലമാണത്. ബന്ധങ്ങളുടെ ഇഴയടുപ്പത്തെ അച്ഛൻ അത്രയേറെ വിലമതിച്ചിരുന്നു.അത് ഇപ്പോഴും അങ്ങനെ തന്നെയാണ്. അച്ഛന്റെ കുറേ പാട്ടുകൾ ഞങ്ങൾ പൊന്നുപോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്. അച്ഛനുള്ളപ്പോൾ തന്നെ കുറേ പാട്ടുകൾ ആരൊക്കെയോ വാങ്ങിക്കൊണ്ടുപോയിരുന്നു. അതെല്ലാം കമുകറ ഫൗണ്ടേഷനുവേണ്ടി അതെല്ലാം ശേഖരിക്കാനുള്ള ശ്രമത്തിലാണ്.
തിരുവനന്തപുരത്തേക്കുള്ള കാർ യാത്രയ്ക്കിടെയായിരുന്നു അച്ഛന് വയ്യാതാകുന്നത്. അമ്മ മാത്രമേ കൂടെ ഉണ്ടായിരുന്നുള്ളൂ. അച്ഛൻ ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ അമ്മ കൃത്രിമശ്വാസം നൽകാൻ ശ്രമിച്ചു. അമ്മയുടെ ശ്വാസമായിരുന്നു അച്ഛൻ അവസാനമായി എടുത്തതെന്ന് അമ്മ എപ്പോഴും പറയും. അമ്മ ധൈര്യമുള്ള കൂട്ടത്തിലായിരുന്നെങ്കിലും അച്ഛൻ പോയത് അമ്മയ്ക്ക് സഹിക്കാൻ പറ്റിയില്ല, ആദ്യം ചിതറിയ ഒരു അവസ്ഥയിലായിരുന്നു. പിന്നെ ഞങ്ങൾക്ക് ധൈര്യം പകരാനായി അമ്മ തിരിച്ചെത്തി. അച്ഛൻ പോയ ശേഷം ആറുമാസത്തോളം കഴിഞ്ഞപ്പോഴാണ് ഞങ്ങൾ ഒരൽപ്പമെങ്കിലും ജീവിതത്തിലേക്ക് തിരിച്ചു വന്നത്. ആ സമയത്ത് അച്ഛന്റെ പാട്ടുകൾ കേൾക്കാനുള്ള അവസ്ഥയിലായിരുന്നില്ല എന്റെ മനസ്. ഒരുവർഷത്തോളം ഞാൻ ആ പാട്ടുകളൊന്നും കേട്ടിട്ടില്ല. എന്റെ മനസ് നന്നായി മനസിലാക്കിയ കമുകറ ഫൗണ്ടേഷൻ സെക്രട്ടറി കൂടിയായ ഭർത്താവ് പി.വി. ശിവൻ, കാറിലൊക്കെ യാത്ര ചെയ്യുമ്പോൾ ആ പാട്ടുകൾ ഇട്ട് കേൾപ്പിക്കാൻ തുടങ്ങിയപ്പോഴാണ് ഞാൻ പതുക്കെ ആ സത്യം ഉൾക്കൊണ്ടു തുടങ്ങിയത്. ഇപ്പോഴും തറവാട് അതേ പോലെ കാത്തുസൂക്ഷിച്ചിട്ടുണ്ട്. എല്ലാ വെള്ളിയാഴ്ചയും അമ്മയും ഞങ്ങളും അവിടെ പോകും. ഇപ്പോൾ ഒരു സംഗീതക്ളാസും ഞാൻ തുടങ്ങിയിട്ടുണ്ട്. അവിടെ എത്തുമ്പോൾ അച്ഛൻ തൊട്ടടുത്തുള്ളതുപോലെ തോന്നും. ഒരായിരം ഓർമ്മകളുറങ്ങിക്കിടക്കുന്ന ആ വീട് അതേ പോലെ കാത്തുസൂക്ഷിക്കണമെന്നത് ഞങ്ങളെല്ലാവരുടെയും തീരുമാനമാണ്.
(കലാമണ്ഡലം ഡീനായ ലേഖിക പെരുന്താന്നി എൻ.എസ്.എസ് കോളേജ് മ്യൂസിക്ക് പ്രൊഫസറായി വിരമിച്ചു)