ഞങ്ങൾക്ക് ശബ്ദമുണ്ട്, പ്രതികരണശേഷിയുണ്ട്. പുത്തൻ ചിന്തകളും കാഴ്ചപ്പാടുമുണ്ട്. ഞങ്ങൾ ആത്മവിശ്വാസം തേച്ചു മിനുക്കുകയാണ്. എന്തുകേട്ടാലും മുഖം താഴ്ത്തി പോവുന്ന പെണ്ണ് വാരികകളിലെ നോവലിൽ പോലും ഇന്നില്ല. ഇത് പുതിയ യുവത. ഞങ്ങൾ വമ്പന്മാരും വമ്പത്തികളുമാണ്. യൂത്തിന് ഉത്തരവാദിത്തമില്ലെന്നും ദിശതെറ്റി നടക്കുകയാണെന്നും പറയുന്നത് ക്ളീഷേയായി. ഞങ്ങൾ ഇപ്പോൾ പുതുശബ്ദത്തിൽ ഉറക്കെ സംസാരിക്കുന്നു. എല്ലായിടത്തും സ്വതന്ത്രമായി അഭിപ്രായം പറയുന്നു. ഒന്നു കേട്ടു നോക്കൂ ഞങ്ങളുടെ ശബ്ദം."" ആദ്യസിനിമയിലൂടെ തന്നെ സ്ത്രീപക്ഷചിന്തകൾ കൊടുങ്കാറ്റായി ഉയർത്തിയ നടി സാനിയ ഇയ്യപ്പൻ തന്റെ കാഴ്ചപ്പാടുകൾ തുറന്നുപറയുന്നു.
ഇനി സമയമില്ല
പ്രതികരിക്കേണ്ട കാര്യങ്ങളിൽ ശബ്ദം ഉയർത്തണം. കാര്യങ്ങൾ തുറന്നു പറയുന്ന പ്രകൃതമാണ് എന്റേത്. പറയേണ്ട കാര്യങ്ങൾ പറയുക തന്നെ വേണം. പതിനേഴ് വയസുള്ള പെൺകുട്ടിയാണ് ഞാൻ. എനിക്ക് എന്റേതായ കാഴ്ചപ്പാടുണ്ട്. ചിന്തയുണ്ട്.അഭിരുചി വ്യത്യസ്തമാണ്. ഞങ്ങൾ യൂത്തിന് ഒരു ലോകമുണ്ട്. പുറത്തുനിൽക്കുന്നവർക്ക് അതിന്റെ ആഴം മനസിലാക്കാൻ കഴിയില്ല. ഒരു സംഭവം ഉണ്ടായാൽ പ്രതികരിക്കാതിരിക്കുകയാണ് വേണ്ടതെന്ന ധാരണയാണ് പലർക്കും. ശബ്ദം ഉയർത്തിയാൽ മറ്റുള്ളവർ ശ്രദ്ധിക്കും.പലരും ഏറ്റു പിടിക്കും. നമ്മുടെ അഭിപ്രായം അറിയിക്കാൻ നമ്മുടേതായ ഇടങ്ങളുണ്ട്.അതു നല്ല കാര്യമാണ്.മറ്റുള്ളവർ എന്നെക്കുറിച്ച് എന്തു പറയുന്നെന്ന് ചിന്തിക്കാറില്ല.എന്നെ ബാധിക്കാറുപോലുമില്ല. എനിക്കെതിരെ വ്യക്തിപരമായ അധിക്ഷേപം ഉണ്ടാവുമ്പോൾ ഞാൻ പ്രതികരിക്കാൻ ബാദ്ധ്യസ്ഥയാണ്. എന്റെ പ്രായത്തിൽ അല്ലെങ്കിൽ അതിനു മുകളിൽ പ്രായമുള്ള ഏതൊരു പെൺകുട്ടിയും ചെയ്യുന്നതാണ് ഇതൊക്കെ.ഞാൻ ഒരു സെലിബ്രിറ്റിയായതിനാൽ പറയുന്നത് കൂടുതൽ ആളുകൾ ശ്രദ്ധിക്കുന്നെന്ന് മാത്രം.
ജീവിതത്തിൽ പ്രതികരിക്കും
ലൂസിഫർ സിനിമയിലെ ജാൻവി എന്ന എന്റെ കഥാപാത്രം ഒരു ഘട്ടത്തിൽ പ്രതികരിക്കുന്നു, ചെറുത്തുനിൽക്കുന്നു.അത് സിനിമയാണ്. ജീവിതത്തിലാണെങ്കിൽ ജാൻവിയായിരിക്കില്ല ഞാൻ.ശക്തമായി പ്രതികരിക്കും.അങ്ങനെ ചെയ്യുമ്പോൾ മറ്റുള്ളവർ എന്തു കരുതുമെന്ന് ചിന്തിക്കാറില്ല. അത് എന്റെ വിഷയമല്ല. എല്ലാവരെയും പോലെയാണ് ഞാനും. ഒരു സാധാരണ പെൺകുട്ടിയുടെ മനോവ്യാപാരം തന്നെ എനിക്കുമുണ്ട്. സിനിമാതാരം എന്നതിനെക്കാളുപരി ഞാൻ ഒരു വ്യക്തികൂടിയാണ്. സെലിബ്രിറ്റിയായതിനാൽ ഇവളെ ഒന്നു ആക്രമിച്ചേക്കാം എന്ന 'മനോരോഗം"പിടിപ്പെട്ടവരുണ്ട്.ആദ്യം ഞാൻ ഒരു പരിധി നിശ്ചയിക്കും. അതിനുശേഷം എനിക്ക് നേരെ മോശം മെസേജ് വന്നാൽ അടുത്ത സെക്കൻഡിൽ പ്രതികരിക്കും.നമ്മളെ മാനസികമായി തളർത്താനാണ് ഇത്തരം വിമർശനം.അതു ചെയ്യുന്നവർക്ക് ഒരു സുഖമാണ്. എന്നാൽ വിമർശനവും ആരോപണവും എന്നെ തളർത്താറില്ല.തുടക്കത്തിൽ വിഷമമുണ്ടായിരുന്നു. വെറുതേ ആരോപണം ഉണ്ടാവുമ്പോൾ ആർക്കും വിഷമം തോന്നും. മോശം മെസേജ് ഇപ്പോൾ എന്റെ അക്കൗണ്ടിൽ വരാറില്ല. അതിനു കാരണം എന്റെ പ്രതികരണം തന്നെയാണ്. എന്നാൽ ഇതിനു ഒരു നല്ലവശം കൂടിയുണ്ട്. ഇടയ്ക്ക് നല്ല ട്രോൾ വരും. ട്രോളർമാർക്ക് ഇപ്പോൾ എന്നോട് ചെറിയ ഇഷ്ടമാണ്.സോഷ്യൽ മീഡിയ ഞങ്ങൾ യൂത്തിനെ ഒരുപാട് സ്വാധീനിച്ചു.മോശക്കാരെന്ന് യൂത്തിനെ പോലെ പഴി കേൾക്കുകയാണ് സോഷ്യൽ മീഡിയയും. എല്ലാത്തിനും നല്ലതും ചീത്തയുമായ വശങ്ങളുണ്ട്.
എന്നെ വിമർശിക്കാൻ വരേണ്ടതില്ല
വസ്ത്രധാരണത്തിന്റെ പേരിൽ പെൺകുട്ടികൾ വിമർശനങ്ങൾക്ക് വിധേയരാവുന്നു. അതിന് ഞാനും ഇരയായിട്ടുണ്ട്. ഞാൻ ധരിക്കുന്ന ഡ്രസിന്റെ പണം അച്ഛനോ അമ്മയോ ഞാനോ ആണ് കൊടുക്കുക. എനിക്ക് ഇഷ്ടപ്പെട്ട ഡ്രസാണ് ധരിക്കുന്നത്. ആ ഡ്രസ് ധരിക്കുന്നതിന് വീട്ടിൽ എതിർപ്പില്ല. മറ്റുള്ളവർ എന്റെ വസ്ത്രധാരണത്തെ വിമർശിക്കുന്നത് ഞാൻ ശ്രദ്ധിക്കാറില്ല. അവരോട് മറുപടി പറയേണ്ട ബാദ്ധ്യത എനിക്കില്ല. ഇതുകൊണ്ടൊന്നും ഞാൻ മാറാൻ പോവുന്നില്ല. മാറേണ്ട ആവശ്യമില്ല. എന്റെ സ്റ്റൈലിനെ വിമർശിക്കുന്നവരുണ്ട്. സ്റ്റൈലിഷായി വരുന്നതായിരിക്കും കുറ്റം. സോനം കപൂറാണ് എന്റെ ഫാഷൻ ഐക്കൺ.അതേ പോലെ വെൽ ഡ്രസ്ഡാകാൻ ശ്രമിക്കുന്നു. അത് എന്റെ ഇഷ്ടം .ഞാൻ അല്പം പിടിവാശിക്കാരിയാണ്. ഒരു കാര്യം വിചാരിച്ചാൽ അതു നടക്കണം.ചെറിയ ഒരു ചുറ്റുവട്ടമാണ് എന്റെ ലോകം. ആ ലോകത്ത് കഴിയുന്നവർക്ക് എന്നെ വിമർശിക്കാൻ അധികാരവും അവകാശവുമുണ്ട്. അല്ലാതെ എവിടെയോ ഉള്ളവർക്ക് എന്നെ കുറ്റപ്പെടുത്താൻ എന്ത് അധികാരമാണ് ഉള്ളത്. മറ്റുള്ളവരെ പോലെ വിഷമങ്ങളുള്ള ആളാണ് ഞാനും. വളരെ വേണ്ടപ്പെട്ടവർ പരിഗണന നൽക്കുന്നില്ലെന്ന് തോന്നിയാൽ ഞാൻ തളരും. ബോൾഡ് എന്ന് പറയുമ്പോഴും ഇത്തരം കാര്യങ്ങൾ ഉണ്ടാവുമ്പോൾ സെൻസിറ്റീവാകും. അപ്പോൾ പെട്ടെന്ന് ദേഷ്യം വരും.
സൗഹൃദങ്ങളിൽ വേർതിരിവില്ല
എനിക്ക് ആൺ, പെൺസൗഹൃദങ്ങളുണ്ട്. സൗഹൃദങ്ങളിൽ നല്ലത് പെൺസൗഹൃദമാണെന്ന് വിശ്വസിക്കുന്നു. ഒരേ പ്രായമുള്ള സുഹൃത്തുക്കളാണ് എനിക്ക്. പ്രായത്തിൽ കവിഞ്ഞ പക്വതയുള്ള പെൺകുട്ടിയായി എന്നെ കരുതുന്നവരുണ്ട്. ചില കാര്യങ്ങൾ വരുമ്പോൾ അമിത പക്വത കാട്ടുന്നതായി എനിക്കു തന്നെ തോന്നാറുണ്ട്. അത് എന്റെ പ്രായമാവാം. സംഘർഷം നിറഞ്ഞതായിരിക്കും പലപ്പോഴും ജീവിതം. എന്നാൽ സംഘർഷത്തെ അതിജീവിക്കാൻ കഴിയണം. പത്താം വയസിൽ റിയാലിറ്റി ഷോ ചെയ്തു. അതിനാൽ എന്റെ പല കാര്യങ്ങളും തനിയേ ചെയ്യാൻ കഴിഞ്ഞു.അങ്ങനെ ചെയ്യാൻ അച്ഛനും അമ്മയും വഴിയൊരുക്കി.ഒരുപക്ഷേ അത് എന്റെ കാഴ്ചപ്പാടുകളെ സ്വാധീനിച്ചിട്ടുണ്ടാവും. ജീവിതത്തിൽ നോ പറയേണ്ട കാര്യത്തിന് നോ പറയണം.സിനിമയിൽ ഇതുവരെ നോ പറയേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. ആരെയും ഭയന്ന് ജീവിക്കേണ്ട കാര്യമില്ല. നയൻതാരയെ എനിക്ക് ഇഷ്ടമാണ്. അവരുടെ കാര്യങ്ങൾ അവർ തന്നെ നിയന്ത്രിക്കുന്നു. അസാദ്ധ്യ പവറാണ് അവർക്ക്. അത് എന്നെ സ്വാധീനിച്ചിട്ടുണ്ട്. നമ്മൾ പ്രതികരിക്കുമ്പോഴും മോശം മെസേജ് ചെയ്ത് ആനന്ദം കണ്ടെത്തുന്നവർ ഇപ്പോഴും കുറവില്ല. അവരെയൊക്കെ ഒഴിവാക്കാൻ ഞാൻ എന്നേ പഠിച്ചു.