കൊറോണ എന്ന മഹാമാരിയെ നിസാരമായി കണ്ട് മുൻകരുതലുകൾ എടുക്കാത്തവർ ഇതിന്റെ തീവ്രത മനസ്സിലാക്കാത്തവരാണ്.ലോകമാകെ കീഴടക്കി അതിതീവ്രമായി കുതിക്കുന്ന കൊറോണ വൈറസിന്റെ യഥാർത്ഥ തീവ്രത അറിയണമെങ്കിൽ ഇറ്റലിയിലെ ആശുപത്രികളിലെ കാഴ്ചകൾ കാണണം. ചൈന കഴിഞ്ഞാൽ കൊറോണ ഏറ്റവും കൂടുതൽ ബാധിച്ച രാജ്യം ഇറ്റലിയാണ്. ഇറ്റലിയിൽ പലയിടങ്ങളിലും പ്രത്യേക ചില കേന്ദ്രങ്ങൾ ആശുപത്രികളായി മാറ്റിയിരിക്കുകയാണ്. ഇവിടങ്ങളിൽ എത്തുന്ന രോഗികളുടെ കഷ്ടപ്പാടുകൾ കാണുമ്പോൾ ഈ മഹാമാരിയുടെ തീവ്ര സ്വഭാവം മനസ്സിലാവും. ഇറ്റലിയിലെ ബെർഗാമോയിലെ താൽക്കാലിക ആശുപത്രിയിൽ നിന്നുള്ള കാഴ്ചകൾ ഭീതിജനകമാണ്. ശ്വസിക്കാനായി കഷ്ടപ്പെടുന്ന കൊറോണ രോഗ ബാധിതരുടെ അവസ്ഥ പരിതാപകരമാണ്. ഇറ്റലിയിലെ ബെർഗാമോയിലെ പാപാ ജിയോവാനി ആശുപത്രിയിൽ നിന്നുള്ള കാഴ്ചകളാണ് ഈ മഹാമാരിയുടെ തീവ്രത നമ്മുക്ക് കാണിച്ചുതരുന്നത്