ഹൈദരാബാദ്: കൊറോണ ഭീതിയ്ക്കിടെ പ്രമുഖരുടെ സാന്നിദ്ധ്യത്തിൽ പ്രവാസിയുടെ ആഡബര വിവാഹം. തെലുങ്കാനയിലെ വാറങ്കലിലാണ് സംഭവം. ഫ്രാൻസിൽ നിന്ന് ഏഴുദിവസം മുമ്പ് ഹൈദരാബാദിലെത്തിയ യുവാവിനോട് 14 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിരുന്നു.
എന്നാൽ വിലക്കുകൾ മറികടന്ന് വിവാഹം നടത്തുകയായിരുന്നു. പ്രമുഖരുൾപ്പെടെ ആയിരത്തോളം പേർ ചടങ്ങിൽ പങ്കെടുത്തിരുന്നു. മാസ്ക് പോലും ധരിക്കാതെയാണ് ഭൂരിഭാഗം ആളുകളും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയത്. സംഭവമറിഞ്ഞയുടൻ ആരോഗ്യ പ്രവർത്തകരും ജില്ലാ ഭരണകൂടവും സ്ഥലത്തെത്തി. അരോഗ്യവകുപ്പ് അധികൃതർ വരനെ ഹോം ക്വാറന്റീനിലാക്കി. വിവാഹ സൽക്കാരം റദ്ദാക്കുകയും ചെയ്തു. വിവാഹം പോലുള്ള ചടങ്ങുകൾക്ക് ഹാളുകൾ നൽകുന്നത് സർക്കാർ നിരോധിച്ചിരിക്കുകയാണ്.