ന്യൂഡൽഹി: രാജ്യം മുഴുവൻ കൊറോണ ഭീതിയിലാണ്. ഇതിനോടകം തന്നെ രാജ്യത്ത് 258 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് നാളെ ജനതാ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. നാളെ രാവിലെ 7 മുതൽ രാത്രി 9 വരെ ഇന്ത്യ നിശ്ചലമാകും.കർഫ്യൂ പ്രഖ്യാപിച്ചതിനൊപ്പം തന്നെ പ്രധാനമന്ത്രി ഒരു കാര്യം കൂടി ആവശ്യപ്പെട്ടിട്ടുണ്ട്. അത് മറ്റൊന്നുമല്ല വൈകിട്ട് എല്ലാവരും കയ്യടിക്കണമെന്ന്.
രാജ്യം മുഴുവൻ മുൾമുനയിൽ നിൽക്കുമ്പോൾ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കാതെ കയ്യടിച്ച് കളിക്കാൻ പറയാൻ പ്രധാനമന്ത്രിക്ക് എങ്ങനെ തോന്നി? ആരോഗ്യപ്രവർത്തകർ ഉൾപ്പെടെയുള്ളവരെ അഭിനന്ദിക്കൽ മാത്രമാണോ ഇതുകൊണ്ട് മോദി ലക്ഷ്യംവയ്ക്കുന്നത്?എന്നിങ്ങനെ നിരവധി സംശയങ്ങൾ ജനങ്ങളിലുണ്ട്. കൂടാതെ ഇതിനെ പരിഹസിച്ചുകൊണ്ടുള്ള ട്രോളുകളും ഇതിനോടകം തന്നെ ഇറങ്ങിക്കഴിഞ്ഞു.
രോഗത്തെ നേരിടാൻ പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ, ഹിന്ദുവെന്നോ മുസ്ലീമെന്നോ ക്രിസ്‌ത്യനെന്നോ വ്യത്യാസമില്ലാതെ നിങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നാണ് അദ്ദേഹം ഇതിലൂടെ ആവശ്യപ്പെടുന്നത്. നിരുപദ്രവകരമായ ഒരു കാര്യമാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.അത് എന്തിനാണെന്ന് പോലും ചിന്തിക്കാതെ രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് സോഷ്യൽ മീഡിയയിലൂടെ പോരടിക്കുന്നവരും കുറവല്ല. സർക്കാർ പറയുന്ന കാര്യങ്ങൾ അനുസരിക്കുന്നതിൽ മന്ദതയോ മണ്ടത്തരമോ തോന്നാതെ ഒരുമിച്ച് എങ്ങനെ ചെയ്യാമെന്ന് പഠിപ്പിക്കുക എന്നതാണ് കയ്യടി കൊണ്ട് ഉദ്ദേശിക്കുന്നത്.
കയ്യടിക്കുക എന്ന് പറഞ്ഞാൽ നിസാരമായ കാര്യമാണ്. പക്ഷേ, അതിൽ പഠിപ്പിക്കലും പാഠവും അടങ്ങിയിരിക്കുന്നു. ഒറ്റക്കെട്ടായി നിൽക്കേണ്ട ഒരു സമയമാണിതെന്ന് എല്ലാവരും ചിന്തിക്കണം.ഒരാളോ രണ്ടാളോ വിചാരിച്ചാൽ ഒന്നും ചെയ്യാൻ സാധിക്കില്ല. വെറുപ്പും വിദ്വേഷവും മാറ്റിവച്ച് കൂട്ടായ പരിശ്രമിക്കുക തന്നെ വേണം. യുദ്ധസമാനമായ സാഹചര്യത്തിൽ ആളുകൾ അധികൃതരെ അനുസരിക്കേണ്ടത് അത്യാവശ്യമാണ്. വരാൻ പോകുന്ന ദിനങ്ങൾ എങ്ങനെയുള്ളതാണെന്ന് അറിയില്ല. സമ്പദ് വ്യവസ്ഥയിൽ ഇടിവും, കടകൾ അടച്ചിടേണ്ടിയുമൊക്കെ വന്നേക്കാം. ഈ സാഹചര്യം ഉണ്ടാവുകയാണെങ്കിൽ ജനങ്ങളെ അത് നേരിടാൻ പ്രാപ്തരാക്കുകയാണ് ജനത കർഫ്യൂലൂടെ മോദി ചെയ്യുന്നത്.