corona

കാസർകോട്: കൊറോണ വെെറസ് സ്ഥിരീകരിച്ച കാസർകോട് ജില്ലയിലെ സ്ഥിതി ഗുരുതരം. വിദേശത്തു നിന്നെത്തിയ രോഗി ആരോഗ്യ പ്രവർത്തകരുമായി സഹകരിക്കാത്തതോടെ സ്ഥിതി കൂടുതൽ വഷളായി. രോഗി സഞ്ചരിച്ച റൂട്ട് മാപ്പ് പോലും നിലവിൽ തയ്യാറാക്കാൻ സാധിക്കാത്ത സ്ഥിതിയിലാണ് ആരോഗ്യവകുപ്പ് അധികൃതർ. കഴിഞ്ഞ ദിവസം ഇദ്ദേഹവുമായി ബന്ധപ്പെട്ട 1000 പേരുടെ ഹൈ റിസ്ക് പട്ടികയാണ് ആരോഗ്യ വകുപ്പ് തയാറാക്കിയത്. ഇനിയും കൂടുതൽ പേരുടെ പട്ടിക തയാറാക്കേണ്ടി വരുമെന്നാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തൽ. രണ്ട് കല്യാണ ചടങ്ങുകൾ, ഫുട്ബോൾ മത്സരം, വിവിധ സ്ഥലങ്ങളിലേക്കുള്ള സന്ദർശനം എന്നിവ ഇയാൾ നടത്തിയതായും ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഒട്ടേറെ തവണ ഇയാൾ നഗരത്തിലെത്തിയതായും വിവരമുണ്ട്.

അതേസമയം,​ കാസർകോട് കൊറോണ സ്ഥിരീകരിച്ച വ്യക്തിയും നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തിയും നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ല എന്ന് ജില്ലാ കളക്ടർ സജിത് ബാബു വ്യക്തമാക്കി. വിവരങ്ങൾ മറച്ചുവച്ചും കളളം പറഞ്ഞും ഇവർ പറ്റിക്കുന്നതായും കളക്ടർ പറഞ്ഞു. വിദേശത്ത് നിന്ന് എത്തി നിർദേശങ്ങൾ പാലിക്കാതെ നാട്ടിലെ പൊതുചടങ്ങുകളിലും വിവാഹ ചടങ്ങുകളിലും പങ്കെടുത്ത കാസര്‍കോട് കുഡ്‍ല സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വിദേശത്ത് നിന്നും എത്തുന്നവര്‍ പാലിക്കേണ്ട സമ്പര്‍ക്ക വിലക്ക് ലംഘിച്ചതിനാണ് കേസ്. ഇയാള്‍ ഇപ്പോള്‍ കൊറോണ സ്ഥിരീകരിച്ച് ഐസൊലേഷനില്‍ കഴിയുന്ന വ്യക്തിയുടെ സുഹൃത്താണ്. നാട്ടുകാരുടെ പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് കാസർകോട് ജില്ലയിൽ 609 പേർ നിരീക്ഷണത്തിലാണ്. ഇതിൽ 13 പേർ ആശുപത്രികളിലും 596 പേർ വീടുകളിലുമാണ്. പുതുതായി നാല് പേരെയാണ് ആശുപത്രി നിരീക്ഷണത്തിലാക്കിയത്. 24 പേരുടെ സാംപിളുകൾ കൂടി പരിശോധനയ്ക്കയച്ചിട്ടുണ്ട്. ഇതിൽ 32 പേരുടെ ഫലം വന്നു. ഇനി 37 പേരുടെ പരിശോധനാ ഫലം വരാനുണ്ട്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ആളുമായി സമ്പർക്കത്തിലേർപ്പെട്ട 69 പേരെ നിരീക്ഷണത്തിലാക്കി. കാസർകോട്ടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സർക്കാർ ഓഫീസുകൾ ഒരാഴ്ചയും ആരാധനാലയങ്ങളും ക്ലബുകളും രണ്ടാഴ്ചയും അടച്ചിടും. കടകളുടെയും ബിവറേജസ് ഔട്ട്ലെറ്റുകളുടെയും പ്രവർത്തനം രാവിലെ 11 മുതൽ വൈകിട്ട് അ‌ഞ്ചു വരെയാക്കി.