
ഉത്തരകൊറിയ: ലോകമാകെ കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ നിൽക്കുന്ന ഈ സാഹചര്യത്തിൽ മിസൈൽ പരീക്ഷണം നടത്തിയിരിക്കുകയാണ് ഉത്തരകൊറിയ. രണ്ട് ഹ്രസ്വദൂര മിസൈലുകളാണ് ഉത്തര കൊറിയ പരീക്ഷിച്ചത്. മിസൈലുകൾ തങ്ങളുടെ അതിർത്തിക്ക് പുറത്ത് കടലിൽ പതിച്ചതായി ജപ്പാൻ കോസ്റ്റ് ഗാർഡും അറിയിച്ചു. ഉത്തരകൊറിയയുടെ ഈ നടപടി അനുചിതമെന്ന് ദക്ഷിണകൊറിയയും പറഞ്ഞു.
ഉത്തരകൊറിയയുടെ ഈ നടപടിയെ അമേരിക്കയും ദക്ഷിണകൊറിയയും ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്. രാവിലെ 6.45നും 6.50നുമായിരുന്നു മിസൈൽ പരീക്ഷണം. കൊറോണയെ പ്രതിരോധിക്കാൻ ലോകം മുഴുവൻ ജാഗ്രതയാേടെ പ്രവർത്തിക്കുമ്പോൾ ഇത്തരം ഒരു നടപടി ലോകത്താകെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഏപ്രിലിൽ ജനപ്രതിനിധിസഭയായ സുപ്രീം പീപ്പിൾസ് അസംബ്ളി ചേരാനിരിക്കെ ഈ മഹാമാരിക്കിടയിലും ആത്മവിശ്വാസം തെളിയിക്കാനുള്ള നടപടിയായി ആണ് ഇതിനെ വിലയിരുത്തുന്നത്. ഈ മാസം തുടക്കത്തിലും ഉത്തരകൊറിയ രണ്ട് മിസൈൽ പരീക്ഷണങ്ങൾ നടത്തിയിരുന്നു.