പുനെ: വിദേശ സ്ഥലങ്ങളിൽ സഞ്ചരിച്ചവരുമായി യാതൊരു ബന്ധവും പുലർത്താത്ത സ്ത്രീക്ക് കൊറോണ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ പുനെ നഗരത്തിൽ 40കാരിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇന്നാണ് സ്ത്രീക്ക് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചതായ വിവരം പുറത്തുവന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പുനെയിലെ ഭാരതി ആശുപത്രിയിലെ വെന്റിലേറ്ററിലാണ് സ്ത്രീ ഇപ്പോൾ. ഇവർക്ക് എച്ച് വൺ എൻ വൺ സംശയത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ റിപ്പോർട്ടുകൾ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വെെറോളജിയിലേക്ക് അയച്ചപ്പോഴാണ് കൊറോണാ പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്.
യുവതി വിദേശത്ത് സഞ്ചരിച്ചിട്ടില്ല. വിദേശത്തു നിന്ന് വന്നവരുമായി യാതൊരു ബന്ധവും പുലർത്തിയിട്ടില്ല. അതേസമയം മാർച്ച് മൂന്നിന് മുംബയിൽ നടന്ന ഒരു വിവാഹ പാർട്ടിയിൽ പങ്കെടുത്തിരുന്നു. " ഞങ്ങൾ ഈ കേസ് അന്വേഷിച്ച് വരികയാണ്. കോവിഡ് 19 പോസിറ്റീവ് ആയിരുന്നെങ്കിലും വിദേശയാത്ര നടത്തുകയോ വിദേശത്തു നിന്നെത്തിയവരുമായോ സ്ത്രീക്ക് യാതൊരു ബന്ധവുമില്ല. എന്നാൽ വിദേശയാത്ര നടത്തിയ ഒരാളുമായി ഇവർ ബന്ധപ്പെട്ടിരിക്കണമെന്ന് " ജില്ലാ കളക്ടർ നേവൽ കിഷോർ പറഞ്ഞു.
സ്ത്രീ മുംബയിലേക്ക് നടത്തിയ യാത്രയുടെ വിവരങ്ങൾ പരിശോധിച്ചു വരികയാണ്. ഇത്തരം കേസുകൾ കെെകാര്യം ചെയ്യുന്നതിന് പ്രത്യേക മാർഗ നിർദേശങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണത്തനായി ഉന്നത അധികാരികളെ അറിയിച്ചതായും കളക്ടർ വ്യക്തമാക്കി. അതേസമയം, കഴിഞ്ഞ ദിവസം 25കാരന് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. യുവാവ് അടുത്തിടെ അയർലണ്ടിൽ പോയിരുന്നതായി അധികൃതർ പറയുന്നു. ഇയാളെ നായിഡു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു, തുടർന്ന് നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവായി സ്ഥിരീകരിച്ചത്.