തിരുവനന്തപുരം: കൊറോണയിൽ ആശങ്ക തുടരുന്നതോടെ തിരക്കൊഴിഞ്ഞ് പാളയം മാർക്കറ്റ്. ആറ്റുകാൽ പൊങ്കാലയ്‌ക്ക് ശേഷം കടകളിൽ പൊതുവേ തിരക്ക് കുറവാണ്. കഴിഞ്ഞ ദിവസങ്ങളിൽ മാർക്കറ്റിൽ വളരെ കുറച്ചുപേർ മാത്രമാണ് എത്തിയത്. ഞായറാഴ്ച രാജ്യമൊട്ടാകെ ജനതാ കർഫ്യൂ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്നലെ വൈകിട്ടോടെ മാത്രമാണ് മാർക്കറ്റിൽ തിരക്ക് അനുഭവപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്നലെ കച്ചവടം കൂടുതലായിരുന്നുവെന്ന് കടയുടമകൾ പറഞ്ഞു. അരി, പഞ്ചസാര, പയർ എന്നിവയാണ് ആളുകളും കൂടുതലും വാങ്ങുന്നത്.
സാധനങ്ങൾ വാങ്ങി കച്ചവടം നടത്തിയ ശേഷം വൈകിട്ടാണ് പണം നൽകുന്നത്. എന്നാൽ ഇപ്പോൾ കച്ചവടം ഇല്ലാത്തതിനാൽ വാങ്ങിയ സാധനങ്ങളുടെ പണം നൽകാനായിട്ടില്ല. പണം നൽകാനില്ലാത്തതിനാൽ കടയിൽ ജോലിക്ക് നിന്നിരുന്ന രണ്ടുപേരോട് വരണ്ടെന്ന് പറഞ്ഞു.
രാജമ്മ, കടയുടമ
കച്ചവടം തീരെ കുറവാണ്. വർഷങ്ങളായി വരുന്ന ഉപഭോക്താക്കൾ ആവശ്യപ്പെടുന്നതനുസരിച്ച് സാധനങ്ങൾ വീടുകളിലെത്തിക്കുന്നുണ്ട്. സർക്കാർ നിർദ്ദേശങ്ങളോട് പൂർണമായും സഹകരിക്കും.
മുഹമദ് ഫാസിൽ, കടയുടമ
വലിയ കടകൾ ഒക്കെ വന്നതിൽ പിന്നെ ഇവിടെ ആളുകൾ വരുന്നത് കുറവാണ്. കൊറോണ കൂടെ വന്നതോടെ വാടക കൊടുക്കാൻ പോലുമുള്ള കച്ചവടമില്ല.
പുഷ്പലത
പലചരക്ക്, പച്ചക്കറി, മീൻ, ഇറച്ചി, തുടങ്ങി എല്ലാ കച്ചവടക്കാരും നഷ്ടത്തിലാണ്. കവാടത്തിൽ ഹാൻഡ് വാഷും സാനിറ്റൈസറുമുണ്ട്. നിയന്ത്രണങ്ങൾ നീണ്ടുപോവുകയാണെങ്കിൽ കച്ചവടക്കാർ കഷ്ടത്തിലാകും.
രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ്,
വ്യാപാരി വ്യവസായി ഏകോപന സമിതി