corona

ചെന്നൈ:തമിഴ്‌‌നാട്ടിലും മഹാരാഷ്‌ട്രയിലും കൊറോണ രോഗം അപകടകരമായ മൂന്നാം ഘട്ടമായ സാമൂഹ്യ വ്യാപനത്തിന്റെ വക്കിലാണെന്ന ആശങ്ക ശക്തമായി. രണ്ട് സംസ്ഥാനങ്ങളിലും കൊറോണ ബാധിത രാജ്യങ്ങളിൽ പോവുകയോ, രോഗബാധിതരുമായി സമ്പർക്കം പുലർത്തുകയോ ചെയ്യാത്ത രണ്ട് പേർക്ക് കൊറോണ സ്ഥിരീകരിച്ചതാണ് ആശങ്കയ്ക്കടിസ്ഥാനം. മഹാരാഷ്‌ട്രയിൽ പൂനെയിൽ ഒരു സ്‌ത്രീക്കും തമിഴ്നാട്ടിൽ ചെന്നൈയിൽ 20കാരനുമാണ് ഇത്തരത്തിൽ രോഗം സ്ഥിരീകരിച്ചത്. ഇവർക്ക് എങ്ങനെ രോഗം ബാധിച്ചു എന്ന അന്വേഷണത്തിലാണ് വിദഗ്ദ്ധർ.

മാർച്ച് 18ന് ഡൽഹിയിൽ നിന്ന് ട്രെയിനിൽ ചെന്നൈയിൽ എത്തിയ 20 കാരനാണ് രോഗം സ്ഥിരീകരിച്ചത്. യുവാവ് ചെന്നൈയിലെ രാജീവ്ഗാന്ധി ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ ഐസൊലേഷനിലാണ്. ഈ രോഗി കൊറോണ പോസിറ്റീവ് ആയ ആളുകളുമായി ബന്ധപ്പെട്ടിട്ടില്ലെന്നാണ് അറിയുന്നതെന്നും കൂടുതൽ പരിശോധനകൾ നടത്തിവരികയാണെന്നും ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചിലെ സീനിയർ ശാസ്‌ത്രജ്ഞൻ രാമൻ ഗംഗാഖേദ്കർ പറഞ്ഞു.

ഇന്ത്യ ലോകാരോഗ്യ സംഘടനയുടെ മാനദന്ധപ്രകാരം കൊറോണ വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിലാണെന്നാണ് ഔദ്യോഗിക അറിയിപ്പ്. അതായത് രോഗബാധിത രാജ്യങ്ങളിൽ പോയവർക്കോ അവരുമായി സമ്പർക്കം പുലർത്തിയവർക്കോ ആണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതുരണ്ടും അല്ലാതെ ആർക്കെങ്കിലും രോഗം സ്ഥിരീകരിക്കുമ്പോഴാണ് മൂന്നാം ഘട്ടമായ സാമൂഹ്യ വ്യാപനം ആകുന്നത്. അതിന്റെ അർത്ഥം സമൂഹത്തിൽ പരക്കെ വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ്. അതിനെ നേരിടാൻ കൂടുതൽ ശക്തമായ കർമ്മ പദ്ധതികൾ വേണ്ടിവരും. തമിഴ്‌നാട്ടിലെ യുവാവ് മൂന്നാം ഘട്ടത്തിലെ രോഗിയാണോ എന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.

മഹാരാഷ്‌ട്രയിൽ സ്ഥിതി രൂക്ഷം

ഇന്ത്യയിൽ കൊറോണ രോഗികൾ അനുദിനം വർദ്ധിക്കുന്ന മഹാരാഷ്‌ട്രയും രോഗത്തിന്റെ മൂന്നാം ഘട്ടമായ സാമൂഹ്യ വ്യാപനത്തിന്റെ ഭീഷണിയിലാണെന്ന് സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് തോപെ ആശങ്ക പ്രകടിപ്പിച്ചു. പൂനെയിൽ ഒരു വിദേശത്ത് പോവുകയോ,​ രോഗികളുമായി സമ്പർക്കം പുലർത്തുകയോ ചെയ്യാത്ത ഒരു സ്‌ത്രീക്ക് എങ്ങനെ കൊറോണ ബാധിച്ചു എന്നറിയാൻ വിദഗ്ദ്ധ പരിശോധന നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.

മഹാരാഷ്‌ട്രയിൽ ഇന്നലെ മാത്രം പതിനൊന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ പത്ത് പേരും മുംബയിലാണ്. ഇതോടെ സംസ്ഥാനത്തെ മൊത്തം രോഗികൾ 52ൽ നിന്ന് 63 ആയി ഉയർന്നു. ഇവരിൽ എട്ട് പേർ വിദേശ രാജ്യങ്ങളിൽ പോയിരുന്നു.

സംസ്ഥാനത്തെ മൊത്തം രോഗികളിൽ 49 പേരും വിദേശങ്ങളിൽ നിന്ന് വന്നവരും മറ്റുള്ളവർ ഇവരുമായി ഇടപഴകിയവരുമാണെന്ന് മന്ത്രി പറഞ്ഞു.

രോഗം പടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ട്രെയിനുകൾ ഉൾപ്പെടെയുള്ള പൊതു ഗതാഗത മാർഗ്ഗങ്ങൾ ഒഴിവാക്കണമെന്നും വീടുകളിൽ നിന്ന് പുറത്തിറങ്ങാതെയും വ്യക്തി ശുചിത്വം പാലിച്ചും അച്ചടക്കം പുലർത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. പൊതുഗതാഗത മാർഗങ്ങളിൽ ജനത്തിരക്ക് കുറഞ്ഞില്ലെങ്കിൽ അതെല്ലാം അടച്ചിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

തണുത്ത അന്തരീക്ഷത്തിലും പ്രതലങ്ങളിലും കൊറോണ വൈറസ് കൂടുതൽ സമയം നിലനിൽക്കുമെന്നും അതൊഴിവാക്കാൻ എയർകണ്ടിഷണറുകൾ ഉപയോഗിക്കരുതെന്നും ലോകാരോഗ്യസംഘടനയുടെ നിർദ്ദേശമുള്ളതും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുംബയിലെ ലോക്കൽ ട്രെയിനുകളിൽ ആളുകൾ തിങ്ങിഞെരുങ്ങി കയറുന്നതിനാൽ രോഗം പകരാൻ സാദ്ധ്യത വളരെ കൂടുതലാണ്. തിരക്ക് കുറയ്ക്കാൻ മുംബയിലെ കടകളും ഓഫീസുകളും എല്ലാം അടച്ചിടാൻ ഗവൺമെന്റ് ഉത്തരവിട്ടിരിക്കയാണ്. മുംബയിലെ പബ്ലിക് ട്രാൻസ്പോർട്ട് അടച്ചിടണമെന്ന് കേന്ദ്ര സർക്കാരും നിർദ്ദേശിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകളിൽ തിരക്ക് ഒഴിവാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. സ്ഥിതി നേരിട്ട് മനസിലാക്കാൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇന്ന് ചില റെയിൽവേ സ്റ്റേഷനുകൾ സന്ദർശിക്കും.