ലോസ് അഞ്ചലസ്: ലോകം കണ്ട മികച്ച ഗായകരിലൊരാളായ കെന്നി റോജേഴ്‌സ് അന്തരിച്ചു. 81–ാം വയസിലാണ് ഇതിഹാസ ഗായകൻറെ വിടവാങ്ങൽ. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മരണം സംഭവിച്ചത്. കുടുംബത്തിനൊപ്പം വീട്ടിൽ തന്നെ കഴിഞ്ഞിരുന്ന കെന്നിയുടെ മരണവിവരം ബന്ധുക്കൾ തന്നെയാണ് പുറത്ത് വിട്ടത്. കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ കെന്നിയുടെ ശവസംസ്ക്കാരം സ്വകാര്യ ചടങ്ങായി നടത്താനാണ് തീരുമാനം. നിലവിലെ ഭീകരാന്തരീക്ഷം മാറിയാൽ ഉടനെ കെന്നിയുടെ സ്‌മരണാർത്ഥം സുഹൃത്തുക്കൾക്കും ആരാധകർക്കുമായി പൊതുപരിപാടി സംഘടിപ്പിക്കുമെന്ന് കെന്നിയുടെ ബന്ധുക്കൾ അറിയിച്ചു.ആറ് ദശാബ്ദങ്ങളോളം സംഗീതലോകത്ത് സജീവമായിരുന്നു കെന്നി. ദ് ഗാംബ്ലർ,ലേഡി, ദ് ഐലൻഡ്സ് ഇൻ ദ് സ്ട്രീം തുടങ്ങിയ ഗാനങ്ങളിലൂടെ സംഗീതലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഗായകനാണ് കെന്നി റോജേഴ്‌സ്.1970-കളിലും 1980- കളിലും സംഗീത രംഗത്തെ ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിച്ചിരുന്നു റോജേഴ്‌സിന്‌റെ ഗാനങ്ങൾ. മൂന്ന് തവണ ഗ്രാമി പുരസ്ക്കാരം സ്വന്തമാക്കിയിട്ടുണ്ട്. കെന്നി റോജേഴ്‌സിന്റെ മരണം പാശ്ചാത്യ സംഗീത ലോകത്തിന് തീരാനഷ്‌ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.