വാഷിംഗ്ടൺ: ലോകമെമ്പാടുമുള്ള സംഗീത പ്രേമികളെ ആറു ദശാബ്ദത്തോളം ഹരം കൊള്ളിച്ച അമേരിക്കൻ സംഗീത ഇതിഹാസം കെന്നി റോജേഴ്സ് (81) ഈണങ്ങളില്ലാത്ത ലോകത്തേക്ക് വിടവാങ്ങി. വെള്ളിയാഴ്ച രാത്രി 10.25 നായിരുന്നു അന്ത്യം. കൊറോണ ഭീതി കാരണം മരണാനന്തര ചടങ്ങുകളിൽ കുടുംബാംഗങ്ങൾ മാത്രമേ ഉണ്ടാവൂ.
അമേരിക്കയിൽ കൺട്രി മ്യൂസിക് എന്നറിയപ്പെടുന്ന ഫോക് സംഗീതത്തിന്റെ എല്ലാ ധാരകളും അദ്ദേഹത്തിന് വഴങ്ങുമായിരുന്നു. കൺട്രി മ്യൂസിക്കിനെ പോപ്പ് സംഗീതവുമായി സമന്വയിപ്പിച്ച പ്രതിഭയായിരുന്നു. ലോകത്തെ മികച്ച സംഗീതജ്ഞരിൽ ഒരാളെന്നതിനപ്പുറം ഗാനരചയിതാവും എഴുത്തുകാരനും അഭിനേതാവുമായിരുന്നു. മ്യൂസിക് ഹാൾ ഓഫ് ഫെയിം അംഗമായി. മൂന്ന് തവണ ഗ്രാമി പുരസ്‌കാരം നേടി.
1970കളിലും 1980കളിലും അമേരിക്കൻ സംഗീതത്തിലെ ഹിറ്റ് ചാർട്ടുകളിൽ റോജേഴ്സ് നിറഞ്ഞു നിന്നു. അമേരിക്കയിലെ ഹിറ്റ്ഗാനങ്ങളുടെ പട്ടികയിൽ 420 ആഴ്ചകൾ അദ്ദേഹത്തിന്റെ പാട്ടുകൾ തുടർന്നിട്ടുണ്ട്.
ദി ഗാംബ്ലർ, ലൂസില്ലെ, കവാഡ് ഒഫ് ദ കൺട്രി തുടങ്ങിയ അദ്ദേഹത്തിന്റെ കഥാഗീതങ്ങൾ ( ബല്ലാഡ് ) പ്രശസ്തമാണ്. ലേഡി, ഐലൻഡ്സ് ഇൻ സ്ട്രീം, ഷീ ബിലീവ്‌സ് ഇൻ മീ, ത്രൂ ദ ഇയേഴ്‌സ് തുടങ്ങിയ ഗാനങ്ങൾ എക്കാലത്തെയും ഹിറ്റുകളാണ്. 1986ൽ എക്കാലത്തേയും ഏറ്റവും പ്രിയപ്പെട്ട ഗായകൻ എന്ന ബഹുമതി നേടി. സാമൂഹ്യക്ഷേമ പ്രവർത്തനത്തിനും ഗാനങ്ങൾക്കുമായി നിരവധി പുരസ്കാരങ്ങളും ബഹുമതികളും ലഭിച്ചിട്ടുണ്ട്. അടുത്തകാലത്ത് പ്രശസ്തമായ ആൽബം "വാട്ടർ ആൻഡ് ബ്രിഡ്ജസ്" ബിൽബോഡ്, കൺട്രി ആൽബം വില്പനയിൽ അഞ്ചാം സ്ഥാനത്തെത്തിയിരുന്നു.
വിന്നർ ടേക്‌സ് ആൾ തുടങ്ങി ഏതാനും സിനിമകളിലും നിരവധി ടെലിവിഷൻ പരിപാടികളിലും അഭിനയിച്ചിട്ടുണ്ട്.
ലോകതതെ സംഗീത ഇതിഹാസങ്ങൾക്കൊപ്പം പ്രവർത്തിച്ച അദ്ദേഹം ഡോളി പാർട്ടണുമായി ചേർന്ന് വിശ്വവിഖ്യാതമായ യുഗ്മഗാനങ്ങൾ പാടിയിട്ടുണ്ട്.
1938 ആഗസ്റ്റ് 21ന് ഹൂസ്റ്റണിൽ ജനനം
1976ൽ സ്വന്തമായി പാട്ടുകൾ പാടി.
യാത്രയിൽ പാടുന്ന ശൈലി. കൺട്രി, പോപ് ആസ്വാദകർ ആരാധകരായി.
അഞ്ച് വിവാഹം. ഇപ്പോഴത്തെ ഭാര്യ വാൻഡ മില്ലർ.
നാലാമത്തെ ഭാര്യ പ്രശസ്ത നടി മറിയാൻ ഗോർഡൺ റോജേർസ് ആയിരുന്നു.
ഒരു മകളും നാല് ആൺമക്കളും. 65-ാം വയസിൽ ഇരട്ടക്കുട്ടികൾ ജനിച്ചു
2015ൽ അദ്ദേഹം മക്കൾക്കൊപ്പം വിടപറയൽ സംഗീത പര്യടനം ആരംഭിച്ചിരുന്നു. 2018 ഏപ്രിലിൽ ആരോഗ്യം മോശമായതോടെ പര്യടനം അവസാനിപ്പിച്ചു.