jesna

പത്തനംതിട്ട: രണ്ട് വർഷം മുൻപ് റാന്നി വെച്ചൂച്ചിറയ്ക്കടുത്ത് കൊല്ലമുള കുന്നത്ത് വീടിന്റെ പടിയിറങ്ങിപ്പോയ ജെസ്ന ഇപ്പോൾ എവിടെയാണെന്ന് ചോദിച്ചാൽ ക്രൈംബ്രാഞ്ചിന് ഉത്തരംമുട്ടും. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജിലെ ഡിഗ്രി വിദ്യാർത്ഥിനി ജെസ്ന മരിയ ജെയിംസ് എന്ന ഇരുപതുകാരിയെ കാണാതായത് 2018 മാർച്ച് 22നാണ്. അന്വേഷണ സംഘങ്ങൾ വിപുലമായി വല വിരിച്ച് നടത്തിയ അന്വേഷണത്തിൽ ഒരു തുമ്പുമുണ്ടാക്കാൻ കഴിഞ്ഞില്ല. തിരുവല്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കേസ് ഏറ്റെടുത്തിട്ട് ഒരു വർഷം കഴിഞ്ഞെങ്കിലും ലോക്കൽ പൊലീസും പ്രത്യേക അന്വേഷണസംഘവും ശേഖരിച്ച വിവരങ്ങൾക്കപ്പുറം ക്രൈംബ്രാഞ്ചിനും ഒന്നും കിട്ടിയില്ലെന്നാണ് അറിയുന്നത്.

ജെസ്നയെ കാണാതായെന്ന് കാട്ടി പിതാവ് ജെയിംസ് നൽകിയ പരാതിയിൽ വച്ചൂച്ചിറ പൊലീസാണ് ആദ്യം കേസെടുത്തത്. ജെസ്ന പോയതെന്നു കരുതുന്ന മുണ്ടക്കയത്ത് തെരച്ചിൽ നടത്തി. ഉറ്റ സുഹൃത്തായിരുന്ന സഹപാഠിക്ക് അയച്ച മൊബൈൽ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ പലതവണ ചോദ്യം ചെയ്തെങ്കിലും നിരപരാധിയാണെന്നായിരുന്നു കണ്ടെത്തൽ.

തിരുവല്ല ഡിവൈ.എസ്.പിയുടെ പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിലും ഒരിഞ്ചു മുന്നോട്ടു പോകാനായില്ല.

പതിനായിരത്തിലേറെ ഫോൺ കാളുകൾ പരിശാേധിച്ചു. ഇതിനിടെ, ജെസ്നയെപ്പറ്റി ശരിയായ വിവരം നൽകുന്നവർക്ക് ഡി.ജി.പി 5ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

 ബസിലും സ്റ്റാൻഡിലും കണ്ട പെൺകുട്ടി

മുണ്ടക്കയത്തേക്കുള്ള ബസിൽ ജെസ്നയെപ്പോലൊരു പെൺകുട്ടിയെ കണ്ടുവെന്ന ബന്ധുക്കളുടെ മൊഴിയെ തുടർന്നുള്ള അന്വേഷണത്തിൽ വ്യക്തമായി ഒന്നും ലഭിച്ചില്ല. മുണ്ടക്കയം ബസ് സ്റ്റാൻഡിലെ കടയ്ക്കു മുന്നിലൂടെ നടന്നുപോയ പെൺകുട്ടി ജെസ്നയാണെന്നും സംശയമുയർന്നിരുന്നു. ദൃശ്യങ്ങൾ വ്യക്തമല്ലാത്തതിനാൽ ആ വഴിയുളള അന്വേഷണവും നിലച്ചു.

 ജെസ്ന കരഞ്ഞു കൊണ്ടിരുന്നത് എന്തിന്?

കോളേജിലെ ക്ളാസ് മുറിയിൽ ജെസ്ന ഒറ്റയ്ക്കിരുന്ന് കരയുമായിരുന്നു. എന്നാൽ, കൂട്ടുകാരികളോട് ഒന്നും തുറന്നു പറഞ്ഞിട്ടില്ല. എല്ലാം ചേച്ചിക്കറിയാം എന്നാണ് ജെസ്ന പറഞ്ഞതെന്ന് കൂട്ടുകാരികൾ മൊഴി നൽകിയിട്ടുണ്ട്. അതേസമയം ജെസ്ന തന്നോട് ഒന്നും പറഞ്ഞിട്ടില്ലെന്നാണ് ചേച്ചിയുടെ ആവർത്തിച്ചുള്ള മൊഴി. ജെസ്നയുടെ വിഷമം എന്തായിരുന്നു എന്ന് കണ്ടെത്തിയാൽ തുമ്പ് ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

 വാതിൽ തുറക്കാതെ ചില മഠങ്ങൾ

ജെസ്ന ക്രിസ്ത്യൻ സഭകളുടെ ഏതെങ്കിലും മഠങ്ങളിലോ പ്രാർത്ഥനാ കേന്ദ്രത്തിലോ കണ്ടേക്കുമെന്ന സംശയത്തിൽ ആ വഴിക്കും ക്രൈംബ്രാഞ്ച് സംഘം പോയി. ചില മഠങ്ങൾ സഹകരിച്ചു. ചില കേന്ദ്രങ്ങൾ വാതിലുകൾ തുറന്നില്ല.