ബീജിംഗ്: എ രക്ത ഗ്രൂപ്പുള്ളവർക്ക് അല്ലാത്തവരെ അപേക്ഷിച്ച് വേഗത്തിൽ കൊറോണ ബാധിക്കാൻ സാദ്ധ്യതയുണ്ടെന്ന് പഠനം. എന്നാൽ ഒ ഗ്രൂപ്പുകാർക്ക് വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷി കൂടുതലാണത്രേ. ചൈനയിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. കൊറോണ ബാധിച്ചവരെയാണ് പഠനത്തിന് വിധേയരാക്കിയത്.
ചൈനയിലെ വുഹാനിലും ഷെൻഷെനിലേയും 2000ത്തോളം വരുന്ന രക്തസാമ്പിളുകളാണ് ഇതിനായി പഠനവിധേയമാക്കിയത്. ഒ ഗ്രൂപ്പുകാർക്ക് കൊറോണ ലക്ഷണങ്ങൾ കുറവാണ്. കൊറോണ ബാധിച്ച് വുഹാനിൽ മരിച്ച 206 പേരിൽ 85 പേരും 'എ' ഗ്രൂപ്പ് രക്തം ഉള്ളവരാണ്. അതായത് മരിച്ചവരിൽ 63 ശതമാനവും 'എ' ഗ്രൂപ്പുകാരാണ്. എന്നാൽ ഇത് പ്രാഥമിക പഠനം മാത്രമാണെന്നും ഇക്കാര്യത്തിൽ ആശങ്കവേണ്ടെന്നും കൂടുതൽ ഗവേഷണം നടത്തേണ്ടതുണ്ടെന്നുമാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.