ന്യൂഡൽഹി: കൊറോണ വ്യാപനം തടയാൻ സാമൂഹിക അകലം പാലിക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശപ്രകാരം രാജ്യം ഇന്ന് ജനതാ കർഫ്യൂ ആചരിക്കുന്നു. രാവിലെ ഏഴ് മണി മുതൽ രാത്രി 9 മണി വരെ ജനങ്ങൾ വീട്ടിൽ തന്നെ കഴിയണം. ഈ സമയത്ത് ആരും പുറത്തിറങ്ങരുത്. കടകമ്പോളങ്ങൾ അടക്കം എല്ലാ സ്വകാര്യ,​ സർക്കാർ സംവിധാനങ്ങൾക്കും ഇന്ന് അവധിയാണ്.

ജനങ്ങളെ നിയന്ത്രിക്കാൻ എളുപ്പമുള്ള ദിവസമായതിനാലാണ് ഞായറാഴ്ച തിരഞ്ഞെടുത്തത്. പൊതുസ്ഥലങ്ങളിലെ ആൾക്കൂട്ടങ്ങൾ പൂർണമായും ഒഴിവാക്കി ജനങ്ങളെ വീട്ടിലിരുത്താനുള്ള പരിശീലനമാണിത്. കൊറോണയെ പ്രതിരോധിക്കാൻ ഇത് മികച്ച മാർഗമാണെന്ന് വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാൻ അടക്കം തെളിയിച്ചിട്ടുണ്ട്.

രോഗികൾ വർദ്ധിച്ചാൽ രാജ്യത്ത് ദിവസങ്ങൾ നീളുന്ന കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്നതിനാലാണ് പരീക്ഷണാടിസ്ഥാത്തിൽ 14 മണിക്കൂർ ജനതാ കർഫ്യൂ നടപ്പാക്കുന്നത്. നിയന്ത്രണങ്ങളെകുറിച്ച് സർക്കാരിനും ഇതോടെ വ്യക്തതയുണ്ടാകും. ജനത്തിനായി ജനം തന്നെ നടപ്പാക്കുന്ന കർഫ്യൂ ആണിത്.

ജനതാ കർഫ്യൂവിനോട് കേരള സർക്കാർ സഹകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ സംസ്ഥാനത്തും നിയന്ത്രണങ്ങൾ ബാധകമാണ്.

പ്രധാന നിർദ്ദേശങ്ങൾ

ഇന്ന് രാവിലെ 7 മുതൽ രാത്രി 9 വരെയാണ് ജനതാകർഫ്യൂ

ഈ സമയത്ത് ജനങ്ങൾ വീട്ടിൽ തന്നെ കഴിയണം.

കടകമ്പോളങ്ങൾ, മാളുകൾ, തിയേറ്റുകൾ ഉൾപ്പെടെ ആളുകൂടുന്ന സ്ഥലങ്ങളെല്ലാം അടച്ചിടും

ആശുപത്രി, മാദ്ധ്യമങ്ങൾ തുടങ്ങിയ അവശ്യസേവനങ്ങൾക്ക് ഇളവ്

ട്രെയിൻ, മെട്രോ റെയിൽ ഉൾപ്പെടെ പൊതുഗതാഗതം നിർത്തും

സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സ‌ർവീസ് നടത്തില്ല

ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും അടച്ചിടും

ഖനന പ്രവർത്തനങ്ങൾ നിർത്തും

വീടിന്റെ പരിസരം വൃത്തിയാക്കണമെന്ന് സംസ്ഥാന സ‌ർക്കാർ

പെട്രോൾ പമ്പുകൾ അടച്ചിടും

 2400 പാസഞ്ചർ ട്രെയിനുകളും 1300 എക്‌സ്‌പ്രസ് ട്രെയിനുകളും റദ്ദാക്കി

ഗോ എയർ, ഇൻഡിഗോ 1000 ആഭ്യന്തര വിമാന സർവീസുകൾ റദ്ദാക്കി

ആരോഗ്യ പ്രവർത്തകരെ ആദരിക്കാൻ വൈകിട്ട് 5 മണിക്ക് വീടുകളിൽ അഞ്ച് മിനിട്ട് കൈയടിക്കാം. അല്ലെങ്കിൽ കോളിംഗ് ബെൽ അമർത്തി ശബ്ദമുണ്ടാക്കാം