" വീണ്ടും പ്രണയത്തിലേക്ക് പതിക്കുകയാണെങ്കിൽ
എനിക്കുറപ്പുണ്ട്,നിനക്കരികിലെത്തുമെന്ന്..." കെന്നി റോജേഴ്സ് ഇങ്ങനെ എഴുതി."ഈഫ് ഐ എവർ ഫാൾ ഇൻ ലൗവ് എഗൈയ്ൻ..." പ്രണയം പൂത്തുലഞ്ഞ വേളകളിൽ ലോകത്തെ പ്രണയജോടികൾ ഈ ഈരടികൾ എത്രവട്ടം നെഞ്ചിലേറ്റിയിരിക്കും. എത്രയെത്ര അനശ്വര ഗാനങ്ങൾ.. കെന്നി റോജേഴ്സ് നിനക്ക് മരണമില്ല.
" എപ്പോഴെങ്കിലും ഞാൻ വീണ്ടും പ്രണയത്തിലേക്ക് പതിക്കുകയാണെങ്കിൽചിലപ്പോൾ
ചിതറിപ്പോയ ഈ ഹൃദയം പൂർവസ്ഥിതിയിലായേക്കാം,
എനിക്കറിയാം,അത് നിന്നോടൊത്തായിരിക്കുമെന്ന്
എന്നെ മുന്നോട്ട് നയിക്കാൻ നിനക്കേ കഴിയൂ.
അത് എപ്പോഴാണെന്ന് എനിക്കറിയില്ലെങ്കിലും
ഞാൻ വീണ്ടും പ്രണയത്തിലേക്ക് പതിക്കുകയാണെങ്കിൽ...
നീയാണെന്റെ എല്ലാമെന്ന് എനിക്കറിയാം
ഞാൻ നോക്കിക്കൊണ്ടിരിക്കുന്നത് നിന്നെത്തന്നെയാണ്
നിന്റെ കണ്ണുകളിലേക്കാണ് ഞാൻ നോക്കുന്നത്
അതിൽക്കൂടുതലൊന്നും എനിക്ക് ചോദിക്കാനാവില്ല
കാത്തിരിക്കൂ,എനിക്ക് കുറച്ച് നേരംകൂടി വേണം
പരിഭ്രാന്തിയില്ലാതില്ല പറക്കാൻ
ദൂരം ഏറെയുണ്ട് താനും
എന്നെ നീ വിശ്വസിച്ചാൽ മാത്രം മതി
എനിക്കുറപ്പുണ്ട്,നിനക്കരികിലെത്തുമെന്ന്
പിന്നെ.ഞാൻ..........."
( ഈഫ് ഐ എവർ ഫാൾ ഇൻ ലൗവ് എഗെയ്ൻ-കെന്നി റോജേഴ്സ്)
തലമുറകളുടെ ഹരമായ ഗായകൻ, ഇതിഹാസ തുല്യനായ കെന്നി റോജേഴ്സ് യാത്രയാകുമ്പോൾ സംഗീതലോകം ഒരു നിമിഷം നാദം നിലച്ച അവസ്ഥയിലേക്ക് വീണിരിക്കാമെന്ന് വിചാരിക്കാതെ വയ്യ.കാലഘട്ടങ്ങൾ ചുണ്ടുകളിലൂടെ മൂളിനടന്ന ഗാനങ്ങളുടെ ശിൽപ്പി...പാട്ടുകളുടെ ചക്രവർത്തി.കെന്നിറോജേഴ്സ് എന്ന വിസ്മയത്തെ വിശേഷിപ്പിക്കാൻ വാക്കുകൾ തികയുകയില്ല.ഗാനാസ്വാദകരുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടിയ കെന്നി റോജേഴ്സിന്റെ നൂറ്റി ഇരുപതോളം സിംഗിൾ ഹിറ്റുകൾ അമേരിക്കയിൽ മാത്രം ഇരുനൂറാഴ്ചകളാണ് ഹിറ്റ് ചാർട്ടിൽ തുടർച്ചയായി ഒന്നാം സ്ഥാനം നിലനിർത്തിയത്.ലോകമെമ്പാടും കെന്നി റോജേഴ്സിന് ആരാധകരുണ്ടായിരുന്നു.തലമുറകളെ കോരിത്തരിപ്പിച്ച ഈണങ്ങളുമായി കെന്നി റോജേഴ്സ് കാലങ്ങൾക്കൊപ്പം നടന്നു.കെന്നി റോജേഴ്സിന്റെ ഈണങ്ങൾക്കൊത്ത് തലമുറകൾ ചുവടുവച്ചു.
കെന്നി റോജേഴ്സിന്റെ നൂറ് ദശലക്ഷം റെക്കോർഡുകളാണ് വിറ്റഴിഞ്ഞത്.ഏറ്റവും കൂടുതൽ സംഗീത ആൽബങ്ങൾ വിറ്റഴിക്കപ്പെട്ട എക്കാലത്തേയും മികച്ച ഗായകനായിരുന്നു.1950 കളുടെ ഒടുക്കത്തിൽ പോപ് ഗായകൻ ബോബ് ഡോയിലിനോട് ഒത്തുചേർന്നായിരുന്നു തുടക്കം.ന്യൂ ക്രിസ്റ്റി മിനിസ്ട്രൽസ് എന്ന നാടോടി ഗാന സംഘത്തിലേക്ക് വൈകാതെ ചേക്കേറി.പാട്ടിനൊപ്പം ബാസ് ഗിത്താറുൾപ്പെടെ സംഗീതോപകരണങ്ങളും വായിച്ചു.ആ ട്രൂപ്പിൽ നിന്നിറങ്ങിയ കെന്നി റോജേഴ്സ് തന്റെ ആദ്യത്തെ മേജർ ഹിറ്റായ " ജസ്റ്റ് ഡ്രോപ്പ്ഡ് ഇൻ" എന്ന ഗാനവുമായി ഫസ്റ്റ് എഡിഷൻ എന്ന സ്വന്തം ട്രൂപ്പ് രൂപീകരിച്ചുകൊണ്ടാണ് പൊങ്ങിയത്.ആസ്വാദകരെ വിഭ്രാന്തിയിലാഴ്ത്തുന്ന അസാധാരണമായ റോക്ക് ഗാനമായിരുന്നു അത്.കെന്നിയുടെ സംഗീത പരിപാടികളിൽ വീണ്ടും വീണ്ടും...എന്ന് ആ പാട്ടിനായി ആസ്വാദകർ ആർത്തലച്ചു.
" റൂബി ഡോൺട് ടേക്ക് യുവർ ലൗവ് ടു ടൗൺ".അതായിരുന്നു കെന്നിയുടെ അടുത്ത ഹിറ്റ്.
" സൂര്യൻ അസ്തമനത്തിനൊരുങ്ങുന്നുവെന്ന്
ചുവരിലെ നിഴലുകളിൽ നിന്ന് ഞാനറിയുന്നു.
എങ്കിലും റൂബി,
നിന്റെ പ്രണയത്തെ നീ പട്ടണത്തിലേക്കെടുക്കരുത്..."
!975 കളോടെ കെന്നി ആ സംഘത്തിൽ നിന്നും വേർപിരിഞ്ഞു. സോളോയിൽ അഭിരമിച്ചു.ലയണൽ റിച്ചിയടക്കമുള്ള ഗായകരോടൊപ്പം ചേർന്ന് ഗാനരചനയിലും പാട്ടിലും മുഴുകി.ഡോളി പാർട്ടണും ഷീനാ ഈസ്റ്റണുമൊപ്പം യുഗ്മഗാനങ്ങളും ആലപിച്ചു.തുടർന്നാണ് കെന്നിയുടെ കൈയ്യൊപ്പ് പതിഞ്ഞ ഗാനമെന്ന് ആസ്വാദകർ വിശ്വസിക്കുന്ന " ദ ഗാംബ്ളർ" പുറത്തുവരുന്നത്. കെന്നിക്ക് ആദ്യ ഗ്രാമി നേടിക്കൊടുത്ത ആ ഗാനം ഒരു ക്രോസോവർ ഹിറ്റായിരുന്നു.
" ഊഷ്മളമായ ഒരു ഗ്രീഷ്മത്തിന്റെ തലേന്നാൾ
യാത്ര എവിടേക്കെന്നറിയാത്ത ഒരു തീവണ്ടിയിൽഞാനാ ചൂതാട്ടക്കാരനെക്കണ്ടു...."ഗാംബ്ളർ എന്ന പാട്ടിന്റെ തുടക്കം അങ്ങനെയായിരുന്നു.അമേരിക്കൻ ലൈബ്രറി കോൺഗ്രസിന്റെ നാഷണൽ റെക്കോർഡിംഗ് രജിസ്ടിയിൽ ഈ ഗാനം എന്നെന്നും സംരക്ഷിക്കാനായി തിരഞ്ഞെടുത്തിരുന്നു.പിന്നെയു കെന്നിയടക്കം അനവധി ആൽബങ്ങൾ.....
ഗായകൻ,ഗാനരചയിതാവ്,നടൻ,വ്യവസായി എന്നിങ്ങനെ പല വേഷങ്ങളിലും കെന്നി റോജേഴ്സ് ആടിത്തിമിർത്തു.എൺപത്തിയൊന്നാം വയസിൽ ലോകത്തിന്റെ എക്കാലത്തേയും പ്രിയ ഗായകൻ വിടപറയുന്നു. ഗാനങ്ങളിലൂടെ എന്നെന്നും ഓർമ്മിക്കാനായി.......കെന്നി നിനക്ക് മരണമില്ല.