kadakampally-fb-post-on-r

സംസ്ഥാനത്തും കൊറോണ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ആരാധനാലയങ്ങളിലും കർശന നിയന്ത്രണങ്ങൾ വരുന്നു. ലോകരാജ്യങ്ങളിലെല്ലാം കൊറോണയുടെ തീവ്രത വർദ്ധിക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടികളെന്നോണമാണ് ആരാധനാലയങ്ങളിലും നിയന്ത്രണങ്ങൾ കൊണ്ടുവരാൻ തീരുമാനിച്ചിരിക്കുന്നത്. സമൂഹവ്യാപനം തടയുന്നതിന് വേണ്ടിയുള്ള മുൻകരുതൽ നടപടിയാണ് കൈക്കൊള്ളുന്നതെന്നും എന്നാൽ മാത്രമെ ഈ അടിയന്തര സാഹചര്യത്തെ നേരിടാൻ പറ്റുകയുള്ളു എന്നും ദേവസ്വം മന്ത്രി ഫേയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. മുന്നറിയിപ്പുകൾ ലംഘിച്ച് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. കോവിഡ് 19 വ്യാപന സാധ്യത മുൻനിർത്തി കൊടുങ്ങല്ലൂർ താലൂക്കിൽ നാളെ മുതൽ മാർച്ച് 29 വരെ നിരോധനാജ്ഞ പുറപ്പെടുവിച്ചു. എല്ലാ ആരാധനാലയങ്ങളുടേയും ചടങ്ങുകൾക്ക് ഇത് ബാധകമായിരിക്കും. അതേ സമയം ആരാധനാലയങ്ങളിലെ ദിവസേനയുള്ള ചടങ്ങുകൾ പ്രതീകാത്മകമായി, നിയമപരമായി നടത്താം. കൊടുങ്ങല്ലൂർ താലൂക്ക് ഓഫീസിൽ മന്ത്രി എ.സി.മൊയ്തീന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിന്റെ തീരുമാനപ്രകാരമാണിത്.

ദേവസ്വം മന്ത്രിയുടെ ഫേയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

കോവിഡ് - 19 ജാഗ്രതയുടെ പശ്ചാത്തലത്തിൽ ആരാധനാലായങ്ങളിലെ ഉത്സവങ്ങളും പെരുന്നാളുകളും ആഘോഷങ്ങളും ഉൾപ്പെടെയുള്ള ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്ന സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം വക വെക്കാതെ ചില ഉത്സവങ്ങൾ വലിയ രീതിയിൽ ജനങ്ങളെ കൂട്ടി കൊണ്ട് നടത്തിയത് അപലപനീയമാണ്. കോവിഡ് 19 കമ്മ്യൂണിറ്റി സ്പ്രെഡ് ആയാലുള്ള അവസ്‌ഥ എന്താണെന്ന് മനസിലാക്കുവാൻ ചൈന, ഇറ്റലി, സ്‌പെയിൻ തുടങ്ങിയ വികസിത രാജ്യങ്ങളിലേക്ക് നോക്കിയാൽ മതിയാവും. ഇറ്റലിയിൽ ഇന്നലെ മാത്രം 627 പേരാണ് ഈ മഹമാരി മൂലം മരണപ്പെട്ടത്. അത്തരമൊരു സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്താതിരിക്കാൻ ആണ് മുൻകരുതൽ നടപടികളുമായി സർക്കാർ മുന്നോട്ടു പോകുന്നത്. എന്നാൽ സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും പ്രയത്നത്തിന് പുല്ല് വില കല്പിച്ചുകൊണ്ടു കുറേയാളുകൾ നടത്തുന്ന ചെയ്തികൾ നാടിന് ഒട്ടും അഭിലഷണീയമല്ല, അപകടകരമാണ് താനും. പൊതുജന സുരക്ഷക്കായി സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ ലംഘിക്കുവാൻ ഒരു തരത്തിലും അനുവദിക്കുകയില്ല. എല്ലാ ആരാധാനാലയങ്ങളും ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണ്.

തിരുവനന്തപുരം ജില്ലയിൽ മാത്രം ഇന്നലെ മലയിൻകീഴ്, പേരൂർക്കട ശ്രീകൃഷ്ണ സ്വാമി ക്ഷേത്രങ്ങൾ, വെള്ളായണി ദേവി ക്ഷേത്രം, ഇവിടങ്ങളിൽ എല്ലാം വലിയ ആൾകൂട്ടവും നൂറു കണക്കിന് ഭവന സന്ദര്ശനവുമാണ് നടത്തിയിരിക്കുന്നത്. വളരെ ഗുരുതരമായ വീഴ്ചയാണ്. ഇതിന് നേതൃത്വം കൊടുത്ത ബന്ധപ്പെട്ടവരുടെ മേൽ കർശന നിയമനടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിച്ച കണ്ണൂര്‍ പിലാത്തറയിലെ മുസ്ലിം പള്ളി കമ്മിറ്റി, കോളിച്ചാൽ പനത്തടി സെന്റ് ജോസഫ്സ് ഫൊറോന പള്ളി ഭാരവാഹികൾ, ഇടുക്കി പെരുവന്താനം വള്ളിയങ്കാവ് ക്ഷേത്ര ഭാരവാഹികൾ, തൃച്ചംബരം ക്ഷേത്ര ഭാരവാഹികൾ മട്ടന്നൂരിൽ, രണ്ട് മുസ്ലിം പള്ളി കമ്മിറ്റികൾ എന്നിവർക്കെതിരെ ഇതുവരെ കേസ് എടുത്തിട്ടുണ്ട്. ജനങ്ങളുടെ ജീവനെയും ആരോഗ്യത്തെയും അപകടപ്പെടുത്തുന്ന ഇത്തരത്തിലുള്ള നീക്കങ്ങൾ അനുവദിക്കാനാവില്ല. എല്ലാ ആരാധനാലയങ്ങളിലും ആളുകൾ അടുത്തിടപഴകുന്ന തരത്തിൽ തടിച്ചു കൂടുന്ന സാഹചര്യം നിർബന്ധമായും ഒഴിവാക്കിയെ പറ്റൂ. നല്ല ജാഗ്രത പാലിച്ചാൽ മാത്രമേ നമുക്ക് ഈ അടിയന്തിര സഹചര്യം നേരിടാനാവൂ. സംസ്ഥാന സർക്കാരിന്റെ മുന്നറിയിപ്പുകളെ അവഗണിച്ചു ഇത്തരത്തിൽ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിനെതിരെ കടുത്ത നടപടികൾ ഉണ്ടാവും.

കടകംപള്ളി സുരേന്ദ്രൻ സംസ്ഥാന ദേവസ്വം വകുപ്പ് മന്ത്രി