മാനസിയുടെ കാർ മേരിമാതാ കോൺവെന്റിന് മുന്നിൽ ചരൽ പാകിയ മുറ്റത്തുവന്നു നിന്നു.
അവർ കാറിൽ നിന്നിറങ്ങി, ചുറ്റും നോക്കി. ഇവിടെ വർഷങ്ങൾക്കുമുമ്പേ ഒന്നു വന്നുപോയതാണ്. അന്നൊക്കെ കൂട്ടിന് മേരി മഗ്ദലനയും ഉണ്ടായിരുന്നു. ഇവിടത്തെ അനാഥരായ അന്തേവാസികൾക്ക് ഭക്ഷണവും വസ്ത്രവും നൽകാനായിരുന്നു ആ യാത്ര.
ഇന്ന് ആകെ മാറിയിരിക്കുന്നു. മനോഹരമായ പൂന്തോട്ടം. കുട്ടികൾക്ക് കളിക്കാനും ഇരിക്കാനും ഇഷ്ടം പോലെ സ്ഥലം. എന്തെന്തു മാറ്റങ്ങൾ. ഒരു ചെറുപട്ടണത്തിന്റെ പതിപ്പ് തന്നെ. മാനസി ആ കാഴ്ചകളിൽ ലയിച്ചു നിൽക്കവേ മുറ്റത്തേക്കിറങ്ങി വരികയായിരുന്നു മഗ്ദലന സിസ്റ്റർ.
മുറ്റത്ത് നിറുത്തിയിട്ട ബെൻസ് കാറാണ് ആദ്യം ശ്രദ്ധയിൽപ്പെട്ടത്. കറുത്ത നിറത്തിലുള്ള കാറിൽ ചാരി മറ്റെവിടേയ്ക്കോ നോട്ടമെത്തിച്ചു നിൽക്കുന്ന സ്ത്രീ ആരാണെന്ന് സിസ്റ്റർക്ക് മനസിലായില്ല. വിശ്വാസം വരാത്ത മട്ടിൽ അവർ ഒന്നു കൂടെ നോക്കി. മാനസി. അതെ, അവൾ തന്നെ.
രണ്ടുവർഷം മുമ്പ് ബാംഗ്ളൂരിൽ വച്ച് കണ്ടതാണ്. ഇപ്പോൾ കുറച്ചു കൂടെ തടിച്ചിരിക്കുന്നു.
''മാനസീ "...
സിസ്റ്റർ ഉറക്കെ വിളിച്ചു.
വണ്ടിയിൽ ചാരിനിന്ന് പ്രകൃതി ഭംഗി ആസ്വദിച്ചു നിന്ന മാനസി തിരിഞ്ഞുനോക്കി.
''നീ ഒന്നും പറയാതെ, വിളിക്കാതെ ഇത്ര പെട്ടെന്നിങ്ങ് പോന്നോ? രണ്ടു ദിവസമല്ലേ ആയുള്ളൂ നമ്മൾ മിണ്ടിപ്പറഞ്ഞിട്ട്. അതിനിടയ്ക്കിങ്ങ് പോന്നോ? "
സിസ്റ്റർ മാനസിയോട് ചോദിച്ചു.
''നിനച്ചിരിക്കാത്ത നേരത്ത് പ്രത്യക്ഷപ്പെടുന്നതാണല്ലോ പണ്ടേ ഞാൻ! നിന്നെ ഒന്നു ഞെട്ടിക്കാമെന്ന് വിചാരിച്ചു. "
അതു പറഞ്ഞുകൊണ്ട് മാനസി മഗ്ദലന സിസ്റ്ററിന്റെ സമീപത്തേക്ക് നടന്നുത്തു. സിസ്റ്രർ സ്നേഹത്തോടെ മാനസിയെ ചേർത്തണച്ചു.
''നീ വരുമെന്ന് അറിയാമായിരുന്നു. പക്ഷേ, ഇത്ര പെട്ടെന്ന് വരുമെന്ന് പ്രതീക്ഷിച്ചില്ല. നിന്റെ ഓരോരോ കാര്യം."
''ഇനി ആലോചിക്കാനുള്ള ടൈം ഇല്ലല്ലോ സിസ്റ്ററേ. ചെയ്യാനുള്ളതൊക്കെ അതിന്റേതായ സമയത്തുതന്നെ ചെയ്യേണ്ടേ? ശാന്തനുവിന്റെ സ്വഭാവമറിയാമല്ലോ? "
''നീ പറയുന്നത്...? "
സിസ്റ്റർ സംശയത്തോടെ ചോദിച്ചു.
''മറ്റൊന്നുമല്ല. നീയും ഞാനും ആഗ്രഹിക്കുന്ന കാര്യം തന്നെ. തളിരിന്റെ അഡ്മിഷന്റെ കാര്യം. "
മാനസി മറുപടി പറഞ്ഞു.
''അപ്പോൾ ബാക്കി കാര്യങ്ങളൊക്കെ? "
സംശയനിവാരണം വരുത്താനായി സിസ്റ്റർ ചോദ്യം ആവർത്തിച്ചു.
''അതൊക്കെ ഞാൻ ശരിയാക്കിക്കൊണ്ടിരിക്കുന്നു. ഞാനിന്നലെ മാവേലിക്കരയിൽ എത്തിയതാ. അലസയും ഒപ്പമുണ്ട്. അവളെ നാട്ടിലെ വീട്ടിലാക്കി. ഗോപിയും ശകുന്തളയും അവിടെ ഉണ്ടല്ലോ. ഇനി അവളുടെ അഡ്മിഷനും ശരിയാക്കണം. ""
അവർ സംസാരിച്ചുകൊണ്ട് കെട്ടിടത്തിനകത്തു കയറി. വരാന്തയിലെ കസേരയിലിരുന്നു.
''അകത്തു കയറി ഇരിക്കൂ മാനസി."
''വേണ്ട. ഇവിടിരിക്കാം. എനിക്ക് തളിരിനെ ഉടനെ കാണണം. നമ്മുടെ രുക്കുവിന്റെ മകൾ എങ്ങനെയിരിക്കുന്നു എന്നറിയണം. സിസ്റ്റർ വാട്സ് ആപ്പിൽ അയച്ചുതന്ന ഫോട്ടോയിൽ കണ്ടെങ്കിലും നേരിട്ടു കാണുന്നതിന്റെ സുഖവും അടുപ്പവും കിട്ടില്ലല്ലോ. പിന്നെ ഭാവി കാര്യങ്ങൾ സംസാരിച്ച് എല്ലാറ്റിനും ഒരുറപ്പു വരുത്തണ്ടേ? അതാ അലസയെക്കൂടെ കൂട്ടാതെ ഞാനൊറ്റയ്ക്ക് വന്നത്. ഡ്രൈവർ പോലുമറിയരുത്. "
ശബ്ദം വളരെ താഴ്ത്തി ഒരു രഹസ്യം പറയുന്നതുപോലെയാണ് മാനസി സംസാരിച്ചത്.
സിസ്റ്ററിനു കാര്യം മനസിലായി.
''അതു പിന്നെ എനിക്കറിയാമല്ലോ. ഞാൻ തളിരിനോട് അതൊക്കെ പറയാം. അനുസരണയും ബഹുമാനവും ഉള്ള കുട്ടിയാ അവൾ. നല്ല അച്ചടക്കവും അതിലേറെ ക്ഷമയും. രുക്കുവിന്റെ അതേ ക്ഷമ ഇവൾക്കും കിട്ടിയിട്ടുണ്ട് മാനസി."
''അതുപിന്നെ വളർത്തു ഗുണം കാണാതിരിക്കുമോ കുട്ടികൾക്ക്?"
മാനസിയും സിസ്റ്ററും സംസാരിച്ചു കൊണ്ടിരിക്കെ തളിർ ട്രേയിൽ ചായയുമായി അവരുടെ അടുത്തേയ്ക്ക് വന്നു.
ട്രേ ടീപ്പോയിൽ വച്ചതിനുശേഷം തളിർ മാനസിയെ നോക്കി തൊഴുതു.
''ഇതാരാണെന്ന് മനസിലായോ? "
സിസ്റ്റർ മാനസിയോട് ചോദിച്ചു.
''ആ പെരുമാറ്റവും ഒതുക്കവും കണ്ടോ? ഇവൾ നമ്മുടെ രുക്മിണി വാരസ്യാരുടെ മകൾ അല്ലേ? "
മാനസി തളിരിനെയും സിസ്റ്ററിനെയും മാറി മാറി നോക്കി ചോദിച്ചു.
ഇടയ്ക്ക് കടന്നുകൂടിയ മൗനത്തിന് വിരാമമിട്ടുകൊണ്ട് സിസ്റ്റർ മറുപടി പറഞ്ഞു.
''എന്റെ പരീക്ഷയിൽ മാനസി ജയിച്ചിരിക്കുന്നു. മോളേ... ഇതാണ് മാനസി..."
''എനിക്ക് മനസിലായി... മാനസി മാഡം. കഴിഞ്ഞ ദിവസം ഇവിടെ വിളിച്ചിരുന്നില്ലേ?"
മാനസിയുടെ മുഖത്തെ ഭാവം പെട്ടെന്ന് മാറി.
''മാഡം എന്ന വാക്കിനി വേണ്ട. പകരം അമ്മ എന്ന് വിളിച്ചാൽ മതി. ഇനി എനിക്ക് രണ്ടു പെൺമക്കളാണുള്ളത്. അതിൽ എന്റെ മൂത്തമകൾ നീയാണ്. രണ്ടാമത്തേത് അലസയും... നിന്റെ മെഡിക്കൽ അഡ്മിഷനുവേണ്ടിയും കൂടിയാണ് ഞാൻ വന്നത്."
വളരെ പ്രധാനപ്പെട്ട ഒരു കാര്യം മാനസി വളരെ ലളിതമായി അവതരിപ്പിച്ചു.
''മാനസി നീ..."
സംശയത്തോടെ സിസ്റ്റർ മാനസിയെ വിളിച്ചു.
''ആരും അമ്പരക്കേണ്ട. നമുക്കുടനെ മാതാ കോളേജിലൊന്നു പോകണം. ഇവളുടെ സർട്ടിഫിക്കറ്റുകളും ആധാർ കാർഡുമൊക്കെ കയ്യിലുണ്ടല്ലോ അല്ലേ.. "
''ഇപ്പോഴോ മാനസി? "
''അതെയതെ. വേഗത്തിൽ തന്നെ ജോലിയെല്ലാം തീർക്കാം. ഒട്ടും തന്നെ സമയമില്ല, കോളേജിലും ഇവൾക്കുമിടയിൽ ഞാനല്ലേ ഇടനിലക്കാരി."
''അതിനുമുമ്പേ എനിക്കമ്മയോട് ഒന്നു ചോദിക്കണം. മാനസി അമ്മേ."
തളിർ ശബ്ദം താഴ്ത്തി ഭവ്യതയോടെ പറഞ്ഞു.
''ഓ, ഞാനക്കാര്യം മറന്നുപോയി. ഇടയ്ക്ക് ഞാനത് ആലോചിച്ചിരുന്നതാ... തളിരിനെ കണ്ട സന്തോഷത്തിൽ ഞാനതൊക്കെ മറന്നു. ഇവൾ എന്റെ മകളാണെന്നൊരു തോന്നൽ. സിസ്റ്റർ പറഞ്ഞതെല്ലാം മനസിലുണ്ടായിരുന്നെങ്കിലും ഒരു കാന്തശക്തി ഇവൾക്ക് ഇത്ര പെട്ടെന്ന് എന്നിലുണ്ടാക്കാനാകുമെന്ന് തീരെ കരുതിയതല്ല."
മാനസി തുടർന്നു.
''സിസ്റ്റർ... അവൾ പറയുന്നത് ന്യായമായ ഒരു കാര്യമാണ്. മാത്രമല്ല അവളുടെ അമ്മയോട് അനുവാദം ചോദിക്കേണ്ടത് നമ്മുടെയും ഉത്തരവാദിത്തമാണ്."
''അതെ ജീവിച്ചിരിക്കുന്ന ഒരമ്മ! മകൾക്കുവേണ്ടി മാത്രം രാപകൽ കഷ്ടപ്പെട്ട ഒരമ്മ."
സിസ്റ്റർ അഭിപ്രായപ്പെട്ടു.
മാനസി കസേരയിൽനിന്നെഴുന്നേറ്റു.
കാറിലിരുന്ന ബാഗ് എടുത്തുകൊണ്ടുവരാൻ ഡ്രൈവറോട് പറഞ്ഞു മാനസി.
''സിസ്റ്റർ ഇതവളുടെ മുറിയിലെടുത്തുവയ്ക്കൂ. ഇവൾക്കുള്ള കുറച്ച് ഡ്രസാ. ഇവൾക്കവയൊക്കെ നന്നായിണങ്ങും."
''ഇതിലുള്ളതൊന്നും മതിയാവില്ല അവൾക്ക്. പിന്നെ കുറച്ച് ഫോറിൻ ഡ്രസുകൾ കൊണ്ടുവരാം എന്നു വിചാരിച്ചു കൈയിലെടുത്തതാ. ഇവിടുന്നും നമുക്ക് കുറച്ച് പർച്ചെയ്സ് ചെയ്യാം. സിസ്റ്റർ തളിരിനോടൊപ്പം പോയി വേണം ആവശ്യമുള്ളതൊക്കെ വാങ്ങാൻ. ഒരു വർഷത്തേയ്ക്കുള്ളവ..."
ഒരമ്മയുടെ ചുമതലകൾ സ്വയം ഏറ്റെടുക്കുന്ന മാനസിയെയും അവരുടെ വാക്കുകളെയും തളിർ ശ്രദ്ധയോടെ കണ്ടും കേട്ടും നിന്നു.
''ഇതാ പറയുന്നത് പൂർവജന്മബന്ധമെന്നൊക്കെ. ശരിക്കും."
സിസ്റ്റർ മഗ്ദലന ചിരിച്ചുകൊണ്ടു പറഞ്ഞു.
വൈകുന്നേരത്തെ ചായകുടി കഴിഞ്ഞപ്പോൾ മാനസി തളിരിനെ അരികത്തു വിളിച്ചു.
''തളിരേ... നമുക്കൊന്ന് ക്ഷേത്രത്തിൽ പോയി വന്നാലോ? ഒരു ശിവക്ഷേത്രമുണ്ട്. കൊച്ചിയിൽ... എറണാകുളത്തപ്പൻ. നിന്റെ അമ്മയെപ്പോയി കാണുന്നതിനുമുമ്പേ അവിടെ ചെന്ന് അനുഗ്രഹം വാങ്ങിക്കാം. ഇനി യാത്രയിൽ നമുക്കൊരുമിച്ച് അമ്പലത്തിൽ പോകാനുള്ള സമയവുമില്ല. "
''അതിനെന്താ അമ്മേ... പോകാമല്ലോ."
ഒരു മടിയും കൂടാതെ തളിർ സന്തോഷത്തോടെ സമ്മതം പറഞ്ഞു. മഗ്ദലന സിസ്റ്റർ അതുകേട്ട് ഉള്ളിൽ ചിരിച്ചു. വർഷങ്ങൾക്ക് മുമ്പ് എറണാകുളത്തപ്പനെ നേർന്നു തൊഴുതു അവൾ, ശാന്തനുവിനെ കിട്ടാൻ വേണ്ടി. പ്രാർത്ഥിച്ച് അവൾ അത് നേടിയെടുത്തു. അതോടെ അവിടത്തെ ഭക്തയായി.
കുളി കഴിഞ്ഞ് തളിർ തലമുടി കുളിപ്പിന്നൽപിന്നി, പിന്നിൽ വിടർത്തിയിട്ടു. പൂന്തോട്ടത്തിലെ തുളസിച്ചെടിയിൽ നിന്ന് തുളസിക്കതിർ ഉതിർത്ത് തലമുടിയിൽ വച്ചു മാനസിയുടെ അടുത്തെത്തി. പാവാടയും ബ്ലൗസുമായിരുന്നു വേഷം. അവൾ റെഡിയായി മുറ്റത്തിറങ്ങിനിന്നു. അവളുടെ വേഷം മാനസിക്ക് ഒരുപാടിഷ്ടമായി. അവളെ കണ്ണിമയ്ക്കാതെ അവർ നോക്കി നിന്നു.
''ഈ വേഷം നിനക്ക് നന്നായി ഇണങ്ങുന്നുണ്ട്. ശരിക്കും ഒരു നാടൻ പെൺകുട്ടി."
മാനസി സന്തോഷത്തോടെ തളിരിന്റെ തോളിൽ തട്ടി. അവർ കാറിൽകയറി. യാത്രയ്ക്കിടെ മാനസി പറഞ്ഞു.
''നിന്റമ്മ എറണാകുളത്തപ്പന്റെ ഒരു വലിയ ഭക്തയായിരുന്നു. എന്നെ അവളാണ് ആദ്യം ആ ക്ഷേത്രത്തിൽ കൊണ്ടുപോയതും പരാതികൾ പറയാൻ പ്രേരിപ്പിച്ചതും നേർച്ച നേരാൻ പഠിപ്പിച്ചതും. എന്നിട്ട് അവളൊരു നേർച്ചയും ഇന്നേ വരെ നേർന്നതുമില്ല. പിന്നീടങ്ങോട്ട് ഞാനാണ് മഹാദേവന്റെ ഈശ്വരവിശ്വാസിയായി മാറിയതും നേർച്ചകൾ നേർന്നതും എല്ലാം ചോദിച്ചുവാങ്ങിയതും. ഇപ്പോഴും ആ വിശ്വാസം ഹൃദയത്തിലുണ്ട്. "
അവൾ ദീർഘനിശ്വാസമിട്ടുകൊണ്ട് പറഞ്ഞു.
''ശരിക്കും മനസുരുകി പ്രാർത്ഥിച്ചോളൂ നീയും, ചോദിക്കുന്ന വരം കിട്ടും. ക്ഷിപ്രസാദിയാ. നിന്റമ്മയുടെ മനസ് നിനക്കനുകൂലമാകാൻ പ്രാർത്ഥിച്ചോളൂ. ബാക്കിയൊക്കെ ഞാനേറ്റു. അവളൊരു അഭിമാനിയും പിടിവാശിക്കാരിയുമാ. അതേയുള്ളൂ എനിക്ക് പേടി. നീ മറ്റാരുടെയും ചെലവിൽ പഠിക്കണ്ടാന്നെങ്ങാനും പറഞ്ഞാലോ?"
''ശരി അമ്മേ... ഞാൻ പ്രാർത്ഥിച്ചോളാം."
തളിർ സമ്മതം മൂളി. അവർ അമ്പലനടയിലെത്തി. മാനസി കാറിൽ നിന്നിറങ്ങി. കോവിലിനകത്തേക്കിറങ്ങാനുള്ള പടിക്കെട്ടുകൾ ഇറങ്ങാൻ തളിർ മാനസിയെ കൈയിൽ പിടിച്ചു സഹായിച്ചു.
''മഴപെയ്ത് നനഞ്ഞു കിടക്കുകയാ അമ്മേ. തെന്നി വീഴാതെ ഇറങ്ങണേ!"
തളിർ ഓർമ്മിപ്പിച്ചു. തളിരിന്റെ കരുതൽ മാനസിയുടെ കണ്ണ് നനയിച്ചു.
''പണ്ടൊക്കെ ഈ പടികൾ ഞാൻ ചാടിച്ചാടി ഇറങ്ങുമായിരുന്നു."
അലസയിൽ നിന്നോ ശാന്തനുവിൽ നിന്നോ ഇതുവരെ കിട്ടാത്ത ഈ കരുതൽ. താനെത്ര ആഗ്രഹിച്ചിരുന്നവയാണ് ഇത്തരം സ്നേഹവാക്കുകളും കരുതലും. അവർ ക്ഷേത്രത്തിന് വലം വച്ചപ്പോഴും തളിർ ആ കരുതൽ തുടർന്നു. ഇരുവരുടെയും ചുണ്ടിൽ ഒരേ മന്ത്രങ്ങളായിരുന്നു. പൂജാരി ശ്രീകോവിലിൽ നിന്നും തല പുറത്തേക്കിട്ടു ചോദിച്ചു.
''അർച്ചന ഉണ്ടോ?"
''ഉണ്ട് സ്വാമി. രണ്ടെണ്ണം. പേരും നാളും ചീട്ടിലുണ്ട്. അലസ, അത്തം, തളിർ, അത്തം"
''അപ്പോൾ ഇരട്ടകളാണോ? "
പൂജാരി വെറുതേ ചോദിച്ചു.
ഒരാളുടെ നക്ഷത്രമേ വ്യക്തമായി അറിയുള്ളൂ. മറ്റൊരാളുടെ അറിയില്ല എന്നുപറയാൻ മാനസിക്ക് തോന്നിയില്ല. അതുകൊണ്ടുതന്നെ ആ ചോദ്യത്തിനുത്തരം ''അതെ" എന്നാണ് മാനസി പറഞ്ഞത്. മറ്റൊന്നും ചിന്തിച്ചില്ല.
പൂജാരി അകത്ത് മന്ത്രം ഉരുവിട്ടപ്പോൾ തളിരിനോട് മാനസി ചോദിച്ചു.
''തളിരിന്റെ നക്ഷത്രവും ജനനമാസവും അറിയാമോ? "
''മിഥുനമാസത്തിലേതാണെന്നറിയാം. അമ്മ ഇംഗ്ളീഷ് ഡേറ്റിലാ അർച്ചന നടത്താറുള്ളത്. ജൂൺ മാസമാണ്."
അപ്പോൾ അലസയുടെ അതേ വയസും അതേ മാസവും.
അർച്ചനയുടെ പ്രസാദം കൈനീട്ടി വാങ്ങിയപ്പോൾ പൂജാരി തലയിൽ പുണ്യാഹം തളിച്ചുകൊണ്ടു പറഞ്ഞു:
''അമ്മയ്ക്കും മോൾക്കും ഒരു ഐക്യസൂക്തമന്ത്രം ജപിച്ചുകെട്ടിയാൽ നന്ന്. കുട്ടി എന്തു ചെയ്യുന്നു?"
''മെഡിസിന് അഡ്മിഷൻ റെഡിയായിട്ടുണ്ട് തിരുമേനി. അനുഗ്രഹിക്കണം അവളെ. ഇവിടെ വന്ന് പ്രാർത്ഥിച്ച് സങ്കടമുണർത്തിച്ചാൽ കാര്യസാദ്ധ്യം ഉണ്ടെന്നാണ് കേട്ടിരിക്കുന്നത്. അല്ല... എന്റെ അനുഭവം അതാണ്. അന്നത്തെ പൂജാരി അല്ലല്ലോ ഇന്ന്. "
''വിശ്വാസം രക്ഷിക്കും... അതാണ് സത്യം. "
തിരുമേനി ചിരിച്ചുകൊണ്ട് പ്രസാദം കൊടുത്തു. അമ്പലത്തിൽ നിന്ന് കോൺവെന്റിലെത്തിയപ്പോൾ മഗ്ദലന, മുറ്റത്ത് അവരെ കാത്തു നിൽക്കുകയായിരുന്നു.
''എന്താ സിസ്റ്ററേ ഒറ്റക്കാലിൽ തപസായിരുന്നോ? ഞങ്ങൾ പോയതുമുതൽ..."
മാനസി ചിരിച്ചുകൊണ്ട് സിസ്റ്ററിനെ കളിയാക്കി.
'' അല്ല മാനസി. നിനക്കൊരു ഫോണുണ്ടായിരുന്നു. പല പ്രാവശ്യം നിന്റെ മൊബൈലിൽ റിംഗ് വന്നപ്പോൾ ഞാൻ ഫോൺ അറ്റന്റ് ചെയ്തു. ആരെങ്കിലും അത്യാവശ്യക്കാര്യം പറയാനാണെങ്കിലോ എന്ന് ധരിച്ചിട്ട്."
''അത് നന്നായി. എന്നിട്ട് ആരാന്ന് പറഞ്ഞോ?"
''തിരുവനന്തപുരത്ത് നിന്നാണ്. ഒരു ലാൻഡ് ലൈൻ നമ്പരാ. നീ തിരിച്ചു വിളിക്ക്."
''ആരാണെന്ന് പറഞ്ഞില്ലേ?"
ഒരു മിസ്റ്റർ കൃഷണൻ നായർ..."
''നീ ആരാണെന്ന് ചോദിച്ചോ? "
''ഇല്ല. ഞാൻ അങ്ങോട്ട് പറഞ്ഞുമില്ല."
സിസ്റ്റർ മറുപടി പറഞ്ഞു.
''സിസ്റ്ററേ അത് നമ്മുടെ പഴയ കിച്ചുവാ. നമ്മളോടൊപ്പം പഠിച്ച ആ കിച്ചു. അവന്റെ പേര് കൃഷ്ണൻനായരെന്നല്ലേ? അവനിപ്പോൾ ജയിൽ ഡി.ഐ.ജിയാ. ഞാനവനെ ഇന്നലെ വിളിച്ചിരുന്നു. നമ്മുടെ രുക്കുവിനെപ്പറ്റി ചിലതൊക്കെ അറിയാൻ. ആറുമാസമായി അവൻ ട്രെയിനിംഗിന് ബാംഗ്ലൂരായിരുന്നു. ഇന്നലെ തിരുവനന്തപുരത്ത് വന്ന് ചാർജെടുത്തു."
''അതെയോ?"
''ഞാൻ നാളെ അവിടെ വരെ പോകുകയാ."
''മാനസി നീ എന്തു ഭാവിച്ചാ? രുക്കുവിന് അതൊന്നും ഇഷ്ടമാവില്ല. പണ്ടേ അവൾക്കവനെ ഇഷ്ടമല്ലാന്ന് നിനക്കറിയാമല്ലോ?""
''പക്ഷേ അവന് അവളെ ഇഷ്ടമായിരുന്നല്ലോ. എന്തായാലും അവനെ പ്രയോജനപ്പെടുത്തണം. നമ്മുടെ രുക്കുവിനെ ഇങ്ങനെ ജയിലിൽ തന്നെ ഇട്ടിരുന്നാൽ മതിയോ? "
''നീ എന്താ വിചാരിക്കണേ? "
''കേസ് നടത്തണം. ക്രിമിനൽ കേസിനെപ്പറ്റിയൊന്നും എനിക്കറിയില്ല. എല്ലാ കാര്യങ്ങളും കിച്ചുവിനോട് പറഞ്ഞ് നല്ലൊരു വക്കീലിനെ വയ്ക്കണം. നല്ല ഒരു ക്രിമിനൽ ലോയറും കാശും സഹായിക്കാനൊരാളും. ഇത് മൂന്നും ദൈവസഹായവും കൂടെയുണ്ടെങ്കിൽ ഞാൻ രുക്കുവിനെ രക്ഷപ്പെടുത്തും. എനിക്കവളോട് ചെയ്യാവുന്ന ഒരു സഹായം കൂടിയാണത്."
മാനസി സെൽഫോൺ കൈയിലെടുത്തു. ഡയൽ പാഡിൽ വിരലുകളമർത്തി.
''ഹലോ കിച്ചുവല്ലേ? "
(തുടരും)