കൊച്ചി: കൊറോണ ഭീതി സമ്പദ്വ്യവസ്ഥയെയും താറുമാറാക്കിയതിനാൽ അടുത്തമാസം നടക്കുന്ന ധനനയ നിർണയ യോഗത്തിൽ റിസർവ് ബാങ്ക് മുഖ്യ പലിശനിരക്കുകൾ കുറച്ചേക്കും. നാണയപ്പെരുപ്പം കുത്തനെ കൂടിയത് കണക്കിലെടുത്ത റിസർവ് ബാങ്ക്, ഫെബ്രുവരിയിലെ യോഗത്തിൽ പലിശ കുറച്ചിരുന്നില്ല.
നാണയപ്പെരുപ്പം വെല്ലുവിളി തുടരുന്നുണ്ടെങ്കിലും കൊറോണ ഭീതിവിതച്ച സാഹചര്യത്തിൽ ആ വെല്ലുവിളി റിസർവ് ബാങ്ക് ഗൗനിച്ചേക്കില്ല. മുഖ്യ പലിശനിരക്കുകൾ കുറയ്ക്കണമെന്നും അതുവഴി പൊതു വിപണിയിൽ കൂടുതൽ പണലഭ്യത ഉറപ്പാക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്. ആഗോളതലത്തിൽ 40ഓളം രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി പലിശഭാരം കുറച്ചുകഴിഞ്ഞു. പലിശ കുറയ്ക്കാൻ റിസർവ് ബാങ്കും നിർബന്ധിതരാണ്.
സമ്പദ്വ്യവസ്ഥയ്ക്കുമേൽ കൊറോണ വലിയ തിരിച്ചടിയായ സാഹചര്യത്തിൽ നിശ്ചിത കാലയളവിലേക്കായി, നിശ്ചിത റിപ്പോനിരക്ക് കണക്കാക്കി, ലോംഗ് ടേം റിപ്പോ ഓപ്പറേഷനിലൂടെ ഒരുലക്ഷം കോടി രൂപ വിപണിയിലിറക്കുമെന്ന് റിസർവ് ബാങ്ക് പ്രഖ്യാപിച്ചിരുന്നു. ഇതിനുപുറമേ ഓപ്പൺ മാർക്കറ്റ് ഓപ്പറേഷനിലൂടെ, സർക്കാർ കടപ്പത്രങ്ങൾ വാങ്ങി 30,000 കോടി രൂപ വിപണിയിലിറക്കുമെന്നും വ്യക്തമാക്കിയിരുന്നു.
എന്നാൽ, വായ്പാ പലിശനിരക്കിലും ഇളവ് വേണമെന്ന മുറവിളിയുണ്ട്. ആഗോളതലത്തിൽ കഴിഞ്ഞ രണ്ടുമാസത്തിനിടെ പലിശനിരക്ക് കുറച്ച ചില കേന്ദ്ര ബാങ്കുകൾ, ഇത്തരം മുറവിളിയെ തുടർന്ന് ഒന്നിലധികം തവണ പലിശ താഴ്ത്തി. അമേരിക്ക, സൗദി അറേബ്യ, ഓസ്ട്രേലിയ, ഐസ്ലൻഡ്, ഖത്തർ, മക്കാവു, കുവൈറ്ര്, യു.എ.ഇ, കാനഡ, ഹോങ്കോംഗ് എന്നിവയാണവ.
റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അദ്ധ്യക്ഷനായ ആറംഗ ധനനയ നിർണയ സമിതിയുടെ (എം.പി.സി) 2020-21 സാമ്പത്തിക വർഷത്തെ ആദ്യ യോഗം മാർച്ച് 31ന് തുടങ്ങും. ഏപ്രിൽ മൂന്നിനാണ് ധനനയ പ്രഖ്യാപനം.
വെല്ലുവിളിച്ച്
നാണയപ്പെരുപ്പം
പലിശഭാരം കുറയുന്നില്ലെങ്കിൽ അതിനൊരൊറ്റ ഉത്തരവാദിയേ കാണൂ, നാണയപ്പെരുപ്പം! റിസർവ് ബാങ്ക് മുഖ്യപലിശ നിരക്ക് പരിഷ്കരിക്കാൻ പ്രധാനമായും പരിഗണിക്കുന്ന റീട്ടെയിൽ നാണയപ്പെരുപ്പം നാല് ശതമാനത്തിന് താഴെയാണെങ്കിലേ പലിശഭാരം കുറയൂ. ഡിസംബറിൽ ഇത് 7.4 ശതമാനവും ജനുവരിയിൽ 7.59 ശതമാനവുമായിരുന്നു. ഫെബ്രുവരിയിൽ 6.58 ശതമാനത്തിലേക്ക് കുറഞ്ഞു.
റിസർവ് ബാങ്കിന്റെ
മനസലിയണം
നാണയപ്പെരുപ്പം കഴിഞ്ഞമാസം അല്പം താഴ്ന്നതിനാലും കൊറോണ ഭീതി അതിഭീകരമായതിനാലും അടുത്ത യോഗത്തിൽ റിസർവ് ബാങ്ക് പലിശ കുറയ്ക്കുമെന്നാണ് പ്രതീക്ഷകൾ. ക്രൂഡോയിൽ വില 18 വർഷത്തെ താഴ്ചയിലെത്തിയത് നാണയപ്പെരുപ്പം താഴാൻ സഹായകമാണെന്നതും റിസർവ് ബാങ്ക് പരിഗണിച്ചേക്കും. റിപ്പോനിരക്ക് 0.50 ശതമാനം വരെ കുറഞ്ഞാലും അത്ഭുതപ്പെടേണ്ടതില്ല. ധനനയ യോഗത്തിന് മുമ്പേ, പലിശ കുറച്ചുകൊണ്ടുള്ള പ്രഖ്യാപനമുണ്ടാകുമോ എന്നാണ് ഇപ്പോൾ ഏവരും കാതോർക്കുന്നത്.
നിരക്കുകൾ
ഇപ്പോൾ
പലിശ കുറച്ച
രാജ്യങ്ങൾ
കൊറോണ വിതച്ച സമ്പദ്ഞെരുക്കത്തിൽ നിന്ന് കരകയറാൻ കഴിഞ്ഞ രണ്ടുമാസങ്ങളിലായി പലിശനിരക്ക് കുറച്ച പ്രമുഖ രാജ്യങ്ങൾ:
ചൈന, അമേരിക്ക, റഷ്യ, മെക്സിക്കോ, ഇൻഡോനേഷ്യ, ഓസ്ട്രേലിയ, ബ്രിട്ടൻ, ദക്ഷിണ കൊറിയ, മൗറീഷ്യസ്, നോർവേ, ബ്രസീൽ, ന്യൂസിലൻഡ്, ചിലി, ഹോങ്കോംഗ്, മക്കാവു, യു.എ.ഇ., കുവൈറ്ര്, സൗദി അറേബ്യ, ഖത്തർ.