kooth

നീലേശ്വരം /കൂത്തുപറമ്പ് :മുന്നിലെത്തിനിൽക്കുന്ന ദുരന്തത്തെ ചെറുക്കുന്നതിനായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച കർഫ്യുവും സംസ്ഥാന സർക്കാരിന്റെ കരുതലും വേണ്ടത്ര ഗൗരവത്തിലെടുത്തില്ലെന്നതിന്റെ തെളിവാണ് ബിവറേജസ് ഔട്ട് ലെറ്റുകളിൽ ഇന്നലെ അനുഭവപ്പെട്ട തിരക്ക്. നീലേശ്വരത്തെ പ്രിമിയം കൗണ്ടറിന് മുന്നിലടക്കം നീണ്ട നിരയും പുറത്ത് വാഹനങ്ങളുടെ വമ്പൻ ക്യൂവുമായിരുന്നു. കാസർകോട്ട് എല്ലാ കടകളും തുറക്കുന്നതിന് അനുവദിച്ച 11മണിയോടെയാണ് നീലേശ്വരത്തെ ഔട്ട് ലെറ്റ് ഇന്നലെ തുറന്നത്.താഴെയുള്ള രണ്ട് കൗണ്ടറുകളിലും മുകളിലത്തെ പ്രിമിയം കൗണ്ടറിലും അനുഭവപ്പെട്ട തിരക്ക് നിയന്ത്രിക്കാൻ നീലേശ്വരം പൊലീസും എക്സൈസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടും പ്രയോജനമുണ്ടായില്ല. ഓരം ചേർന്ന് വാഹനങ്ങൾ തലങ്ങും വിലങ്ങും നിറുത്തിയിട്ടതോടെ ഇടത്തോട് റോഡിൽ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.

കൂത്തുപറമ്പ് ടൗണിലെ ബിവറേജസ് ഷോപ്പിലും ഇന്നലെ നല്ല തിരക്ക് അനുഭവപ്പെട്ടു. ക്യൂവിൽ ഒരു മീറ്റർ അകലം പാലിക്കണമെന്ന് അധികൃതർ നിഷ്കർഷിക്കുന്നുണ്ടെങ്കിലും ഷോപ്പിന് മുന്നിൽ മാത്രമേ നിബന്ധന പാലിക്കുന്നുള്ളു. ഷോപ്പ് കഴിഞ്ഞ് സ്റ്റേഡിയം റോഡ് വരെ ഇന്നലെ നീണ്ട നിര പ്രത്യക്ഷപ്പെട്ടിരുന്നു. പൊലീസ് എത്തി അനൗൺസ്‌മെന്റ് ചെയ്തെങ്കിലും നിബന്ധനകൾ പാലിക്കാൻ പലരും തയ്യാറായിരുന്നില്ല. മാഹി, മൂലക്കടവ്, പന്തക്കൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ മദ്യവിൽപ്പന ശാലകൾക്ക് അവധി ആയതിനാലാണ് കൂത്തുപറമ്പിൽ തിരക്ക് അനിയന്ത്രിതമായത് .