corona

ജക്കാർത്ത: കൊറോണ പശ്ചാത്തലത്തിൽ ഇന്തോനേഷ്യയിലെ തലസ്ഥാനമായ ജക്കാർത്തയിൽ അടുത്ത രണ്ടാഴ്ചത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സിനിമാ തിയേറ്റുകൾ, സ്പാ സെന്ററുകൾ, ബാർ, പൊതു വിനോദങ്ങളെല്ലാം തിങ്കളാഴ്ച മുതൽ നിറുത്തിവയ്ക്കാൻ ഗവർണർ അനീസ് ബസ്വേദൻ നിർദേശിച്ചു.

ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കണമെന്ന് കമ്പനികളോട് ആവശ്യപ്പെട്ടു. ദിവസ വേതാനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് വേണ്ട സഹായങ്ങൾ സർക്കാർ നൽകുമെന്നും ബസ്വേദൻ പറഞ്ഞു. കൂടാതെ, മതപരമായ എല്ലാ ചടങ്ങുകളും രണ്ടാഴ്ചത്തേക്ക് നിറുത്തിവയ്ക്കും.

ഇന്തോനേഷ്യയിൽ 32 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. 396 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ജക്കാർത്തയിൽ 18 പേർ മരിക്കുകയും 215 പേർക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്

തു.

 രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ ഫിൻലൻഡിൽ ഏപ്രിൽ 13 വരെ പ്രധാനമന്ത്രി സന്ന മാരിൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഫിൻലൻഡിൽ ഇതുവരെ 359 പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ മൂന്നു പേരെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പരിശോധനയ്ക്ക് വിധേയരാക്കുന്ന രോഗികളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവർ, പ്രായമായവർ, മറ്റു ഗുരുതരമായ രോഗങ്ങളുള്ളവർ എന്നിവർക്കാണ് മുൻഗണന. അതിനാൽ യഥാർത്ഥ രോഗികളുടെ എണ്ണം കൂടുതലാകാനാണ് സാധ്യത.

 ലോകത്താകമാനം കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 13,000 കടന്നു. പുതിയതായി 30,000 കേസുകളാണ് ഉണ്ടായിരിക്കുന്നത്.  ഇറ്റലിയിലും സ്പെയിനിലും സ്ഥിതി കൂടുതൽ വഷളാകുകയാണ്. ഇറ്റലിയിൽ മരണം 5000ത്തോളമായി. 24 മണിക്കൂറിനിടയിൽ 627 പേർ മരിച്ചു. ഇന്നലെ ഒറ്റദിവസം സ്പെയിനിൽ 245 പേർ മരണമടഞ്ഞു. ഇറാനിലും മരണസംഖ്യ 1500 കടന്നു.  മലേഷ്യയിലും ഇസ്രായേലിലും ഈജിപ്തിലും റഷ്യയിലും ആഫ്രിക്കൻ രാജ്യമായ ബുർകിനഫാസോയിലും കൊറോണ മരണം റിപ്പോർട്ട് ചെയ്തു.  ഫ്രാൻസും ഓസ്ട്രിയയും കരുതൽ നിയന്ത്രണം നീട്ടി. ഓസ്‌ട്രേലിയയിലും ന്യുസീലൻഡിലും പ്രവാസികളെ വിലക്കി.  ഫിജിയിലും രോഗം സ്ഥിരീകരിച്ചു. അർജന്റീനയിലും നിയന്ത്രണം കർശനമാക്കി.  യുഎസിൽ ജൂണി‍ൽ നടത്താനിരുന്ന ജി 7 ഉച്ചകോടി വിഡിയോ കോൺഫറൻസ് ആയി പരിമിതപ്പെടുത്തി.  ബ്രിട്ടന്‍ സമ്പൂർണ്ണ സമ്പർക്ക വിലക്ക് പ്രഖ്യാപിച്ചു. ഭൂഗർഭ റെയിൽവേ സ്റ്റേഷനുകൾ അടച്ചു.  അമേരിക്കയിൽ പുതിയതായി 6000 ത്തോളം പേർക്ക് രോഗം സ്ഥിരീകരിച്ചു. യു.എസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ ഓഫീസ് സ്റ്റാഫിനും രോഗം സ്ഥിരീകരിച്ചു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായോ വൈസ് പ്രസിഡന്റുമായോ ഇയാൾ സമ്പർക്കത്തിലേർപ്പെട്ടിട്ടില്ലെന്നും ഓഫീസ് വൃത്തങ്ങൾ വ്യക്തമാക്കി.

 കൊറോണ ബാധിച്ച് യു.എ.ഇയിൽ ആദ്യ രണ്ട് മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ ഗൾഫ് രാജ്യങ്ങളിൽ മൂന്ന് മരണമായി. നേരത്തെ ബഹ്‌റൈനിൽ ഒരാൾ മരിച്ചിരുന്നു. ഒരു അറബ് പൗരനും ഏഷ്യക്കാരനായ ഒരു പ്രവാസിയുമാണ് മരിച്ചത്. 78കാരനായ അറബ് പൗരൻ യൂറോപ്യൻ യാത്ര കഴിഞ്ഞ് വന്നതോടെയാണ് രോഗബാധിതനായത്. 59 കാരനായ ഏഷ്യക്കാരൻ ഹൃദ്രോഗം ബാധിച്ച് ചികിത്സയിലായിരുന്നു.


കുടുങ്ങി മലയാളികൾ

കുവൈത്തിൽ നിന്നുള്ള വിമാന സർവീസ്

നിറുത്തലാക്കിയതോടെ രാജ്യത്ത് കുടുങ്ങിയത് നൂറു കണക്കിന് മലയാളികൾ. ചില രാജ്യങ്ങളുടെ എംബസിയുടെ പ്രത്യേക ഇടപെടൽ മൂലം പ്രത്യേക വിമാന സർവീസ് അനുവദിച്ചത് പോലെ കേരളത്തിലേക്കും വിമാന സർവീസ് അനുവദിക്കണമെന്നാണ് കുടുങ്ങിക്കിടക്കുന്നവരുടെ ആവശ്യം.

വുഹാൻ വൈറസെന്ന്

കൊറോണ വൈറസിനെ 'വുഹാൻ വൈറസ്' എന്ന് വിശേഷിപ്പിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോം‌പിയോ. കൊറോണ വൈറസ് പകർച്ച വ്യാധിയെക്കുറിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് ചൈന, റഷ്യ, ഇറാൻ എന്നീ രാജ്യങ്ങൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും ആളുകൾക്കിടയിൽ ഭയവും ആശയക്കുഴപ്പവും സൃഷ്ടിക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും പോംപിയോ പറഞ്ഞു.

പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൊറോണ വൈറസിനെ 'ചൈനീസ് വൈറസ്' എന്ന് വിശേഷിപ്പിച്ച വിവാദം കെട്ടടങ്ങുന്നതിനു മുമ്പേ സ്റ്റേറ്റ് സെക്രട്ടറിയുടെ ആക്ഷേപം ചൈനയെ ചൊടിപ്പിച്ചിട്ടുണ്ട്.