കല്‍പ്പറ്റ: സാനിറ്റൈസര്‍ സ്ഥാപിച്ചത് രാഷ്ട്രീയമെന്ന് ആരോപിച്ച് പണിമുടക്കി യൂണിയന്‍ തൊഴിലാളികൾ. സാനിറ്റൈസറിനൊപ്പം തൊഴിലാളി യൂണിയന്റെ പേരുവച്ചതിനെച്ചൊല്ലിയാണ് ഐ.എന്‍.ടി.യു.സി തൊഴിലാളികളും സി.ഐ.ടി.യു തൊഴിലാളികളും തമ്മിൽ വാക്കേറ്റമുണ്ടായത്. കഴിഞ്ഞ ദിവസം അമ്പലവയല്‍ കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസിലാണ് സംഭവം.
ഓഫീസിന് മുന്‍വശത്ത് 'കൈകഴുകൂ കൈവിടാതിരിക്കാം എന്ന സന്ദേശത്തോടൊപ്പം സി.ഐ.ടി.യു എന്നെഴുതിയിരുന്നു. ഇതിനെതിരെ ഐ.എന്‍.ടി.യുസിക്കാർ രംഗത്ത് വരികെയും വാക്കേറ്റത്തിൽ കലാശിക്കുകയുമായിരുന്നു. തുടർന്ന് ഐ.എന്‍.ടി.യു.സി യൂണിയനില്‍പ്പെട്ടവര്‍ പണിമുടക്കി. രണ്ടുദിവസം മുമ്പാണ് സി.ഐ.ടി.യു യൂണിയന്റെ നേതൃത്വത്തില്‍ പണം സ്വീകരിക്കുന്ന കൗണ്ടറിന്റെ മുന്നിൽ സാനിറ്റൈസര്‍ വച്ചത്.
യൂണിയന്റെ പേരെഴുതിയ സാനിറ്റൈസർ ഇവിടെനിന്ന് മാറ്റണമെന്ന് ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. എന്നാൽ ആരോഗ്യ പ്രതിരോധ പ്രവർത്തനങ്ങൾ തടയാനാണ് ഐ.എന്‍.ടി.യു.സി പ്രവർത്തകർ ശ്രമിക്കുന്നത് എന്ന് ആരോപിച്ചു സി.ഐ.ടി.യു തൊഴിലാളികൾ സാനിറ്റൈസർ മാറ്റാൻ തയ്യാറായില്ല. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കംവെക്കുന്ന നിലപാടാണ് ഐ.എന്‍.ടി.യു.സി തൊഴിലാളികൾക്കെന്ന് സി.ഐ.ടി.യുക്കാർ ആരോപിച്ചു.
അതേസമയം, കെ.എസ്.ഇ.ബി ഓഫീസിനുള്ളില്‍ തൊഴിലാളി യൂണിയനുകളുടെ പേര് പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്നിരിക്കെയാണ് സി.ഐ.ടി.യുവിന്റെ നടപടിയെന്നും ഐ.എന്‍.ടി.യുസി കുറ്റപ്പെടുത്തി. പ്രതിരോധത്തിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ അനുവദിക്കില്ലന്നും ഐ.എന്‍.ടി.യുസി തൊഴിലാളികൾ പറഞ്ഞു.