
ന്യൂഡൽഹി: കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ ക്വാറന്റൈൻ പ്രോട്ടോക്കോൾ ലംഘിച്ച ഇന്ത്യൻ ഇതിഹാസ ബോക്സറും രാജ്യസഭാ എം.പിയുമായ മേരി കോം വിവാദക്കുരുക്കിൽ. ഏഷ്യാ ഒഷ്യാനിയ ഒളിമ്പിക്സ് യോഗ്യത ബോക്സിംഗ് ട്രയൽസിൽ പങ്കെടുത്തശേഷം ജോർദ്ദാനിലെ അമ്മാനിൽ നിന്ന് മടങ്ങിയെത്തിയ മേരി കോം പതിന്നാല് ദിവസത്തെ ക്വാറന്റൈൻ പ്രോട്ടോക്കോൾ പാലിക്കാതിരുന്നതാണ് കുരുക്കായത്. മാർച്ച് 13നാണ് മേരി കോം ജോർദ്ദാനിൽ നിന്ന് തിരിച്ചെത്തിയത്. തുടർന്ന് മാർച്ച് 18ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഔദ്യോഗിക വസതിയിൽ സംഘടിപ്പിച്ച പ്രഭാത വിരുന്നിൽ മേരി കോം പങ്കെടുത്തതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. രാം നാഥ് കോവിന്ദിന്റെ ഔദ്യോഗിക ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്ന ചിത്രത്തിൽ മറ്റ് എം.പിമാർക്കൊപ്പം മേരിയുടെ ചിത്രവും വ്യക്തമായിക്കാണാം.
വിരുന്നിൽ പങ്കെടുത്ത കാര്യം മേരിയും സമ്മതിച്ചിട്ടുണ്ട്.
ജോർദ്ദാനിൽ നിന്ന് മടങ്ങിയെത്തിയ ശേഷം താൻ വീട്ടിൽ തന്നെയായിരുന്നുവെന്നും ഇതിനിടെ രാഷ്ട്രപതിയുടെ വിരുന്നിൽ മാത്രമാണ് പങ്കെടുത്തതെന്നും നിലവിൽ നിരീക്ഷണത്തിലുള്ള എം.പി ദുഷ്യന്തിനെ കാണുകയോ കൈകൊടുക്കുകയോ ചെയ്തിട്ടില്ലെന്നും മേരി പറഞ്ഞു.