
ജനീവ:ചെറുപ്പക്കാർ കൊറോണ രോഗത്തിന് അതീതരാണെന്ന ധാരണ ശരിയല്ലെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്‌റസ് അഥാനോം പറഞ്ഞു.
" പ്രായമായവരെയാണ് ഏറ്റവും കൂടുതൽ രോഗം ബാധിക്കുന്നത് എന്ന് കരുതി ചെറുപ്പക്കാർക്ക് രോഗം പിടിപെടില്ലെന്ന് പറയാനാകില്ല. 50 വയസിന് താഴെയുള്ള നിരവധി പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.'- അദ്ദേഹം അറിയിച്ചു.
കൊറോണ പ്രായമായവരെയും അസുഖബാധിതരായി കിടപ്പിലായവരെയുമാണ് ബാധിക്കുന്നതെന്നാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ. ഈ ധാരണ തിരുത്തിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന.
‘ചെറുപ്പക്കാർക്ക് ഒരു സന്ദേശം നൽകാനുണ്ട്. നിങ്ങളാരും രോഗത്തിന് അതീതരല്ല. ഈ വൈറസിന് നിങ്ങളെ ആശുപത്രിയിൽ ആഴ്ചകളോളം തളച്ചിടാനാകും. നിങ്ങളുടെ മരണത്തിന് വരെ കാരണമാകും’- അദ്ദേഹം പറഞ്ഞു.
സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിൽ നിന്ന് വരുന്ന പുതിയ കണക്കുകൾ ഇത് സാധൂകരിക്കുന്നു. അമേരിക്കയിലെ കേസുകളിൽ 30 ശതമാനവും 20 - 44 വയസിന് ഇടയിലുള്ളവരാണ്. ഇതിൽ 20 ശതമാനം ആശുപത്രിയിൽ ചികിത്സയിലാണ്. 12 ശതമാനം തീവ്രപരിചരണ വിഭാഗത്തിലും. ഫ്രാൻസിലാകട്ടെ രോഗം ബാധിച്ച 50 ശതമാനവും 60വയസിൽ താഴെയുള്ളവരാണ്.
സാമൂഹ്യ അകലത്തേക്കാൾ ശാരീരിക അകലമാണ് ആവശ്യമെന്നും ഡബ്ള്യു.എച്ച്.ഒ പറയുന്നു.
 ദശലക്ഷങ്ങൾ മരിച്ചേക്കും: യു.എൻ
കൊറോണ ബാധിച്ച് ലോകത്ത് ദശലക്ഷക്കണക്കിനാളുകൾ മരിക്കാമെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകി. സാമ്പത്തികശേഷി കുറഞ്ഞ രാജ്യങ്ങളെയായിരിക്കും മഹാമാരി ഏറെ ബാധിക്കുക.