ന്യൂഡൽഹി: കൊറോണ വൈറസ് രോഗബാധയിൽ നിന്നും മനുഷ്യജീവനുകളെ രക്ഷിക്കാനായി രാജ്യതലസ്ഥാനം അടച്ചിടുന്ന കാര്യം സർക്കാർ ആലോചിച്ച് വരികയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. നിലവിൽ ഡൽഹിയിലെ രോഗികളുടെ എണ്ണം 26 ആയി ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ ഇങ്ങനെയൊരു തീരുമാനം കൈക്കൊള്ളാൻ ഒരുങ്ങുന്നത്. ജനങ്ങളുടെ ജീവൻ രക്ഷിക്കാനാണ് സർക്കാർ ഇക്കാര്യം നടപ്പിലാക്കാൻ ആലോചിക്കുന്നതെന്നും എന്നാൽ അതിനുള്ള സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ലെന്നും അരവിന്ദ് കേജ്രിവാൾ വ്യക്തമാക്കി.
ഒടുവിൽ ലഭിച്ച കണക്ക് പ്രകാരം 283 ആണ് രാജ്യത്തെ കൊറോണ രോഗബാധിതരുടെ എണ്ണം. ശനിയാഴ്ചയോടെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള 47 പേരിൽ രോഗം കണ്ടെത്തിയതോടെയാണ് ആകെയുള്ള രോഗികളുടെ എണ്ണം ഈ സംഘ്യയിലേക്ക് ഉയർന്നത്. പ്രധാനമന്ത്രി നിർദ്ദേശിച്ച ഒരു ദിവസം നീണ്ടുനിൽക്കുന്ന 'ജനതാ കർഫ്യു'വിനായി ഒരുങ്ങുകയാണ് രാജ്യത്തെ ജനങ്ങൾ ഇപ്പോൾ. രോഗബാധിതരുടെ എണ്ണം കൂടുന്ന ഒരു അവസ്ഥ വരികയാണെങ്കിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപെടുത്തുന്നതിനായുള്ള പ്രാരംഭ നടപടിയാണ് പ്രധാനമന്ത്രിയുടെ 'ജനതാ കർഫ്യു' എന്നും പറയപ്പെടുന്നു.
ആഗോളവ്യാപകമായി കൊറോണ ബാധിച്ചവരുടെ എണ്ണം മൂന്നു ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഏറ്റവുമൊടുവിൽ ലഭിക്കുന്ന കണക്കുകൾ പ്രകാരം 2,75,189 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 11,383 പേരാണ് ലോകത്ത് മരിച്ചത്. ഇന്നലെ മാത്രം 1,352 പേർ മരിച്ചു. 30,256 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 91,533 പേർ രോഗമുക്തി നേടി. രോഗം ബാധിച്ച 7,765 പേരുടെ നില ഗുരുതരമാണ്. 185 രാജ്യങ്ങളിൽ കൊറോണ പടർന്നുപിടിച്ചുകഴിഞ്ഞു. ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക പട്ടികയിൽ 195 രാജ്യങ്ങൾക്കാണ് പരമാധികാരമുള്ളതെന്നിരിക്കെ 185 രാഷ്ട്രങ്ങളിലാണ് കൊറാേണ പടർന്നത്.