fairplay

ലണ്ടൻ: കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ലോകമെമ്പാടും കായിക മത്സരങ്ങൾ എല്ലാം മാറ്രിവയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഇതിനിടെ പ്രതിസന്ധികൾക്കിടയിലും സഹജീവികളോടുള്ള കരുതലുമായി സ്പോടർട്സ്മാൻ സ്പിരിറ്റിന്റെ നല്ല വാർത്തകളും കായിക രംഗത്ത് നിന്ന് വരുന്നുണ്ട്. അതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് ചിരവൈരികളായ ഇംഗ്ലീഷ് ക്ലബുകളായ മാഞ്ചസ്റ്രർ യുണൈറ്രഡും മാഞ്ചസ്റ്രർ സിറ്രിയും കൊറോണ വൈറസ് വ്യാപനത്തിൽ എല്ലാം നിശ്ചലമായ അവസ്ഥയിൽ ജനങ്ങൾക്ക് ഭക്ഷണമുണ്ടാക്കുന്നതിനും ഒരുക്കുന്നതിനുമായി ഒരു ലക്ഷം പൗണ്ട് (ഏകദേശം 88 ലക്ഷം രൂപ) സംഭാവന നൽകിയത്. അമ്പതിനായിരം പൗണ്ട് വീതമാണ് ഇരുടീമും നൽകിയത്. ഇനിയും സഹായങ്ങൾ നൽകുമെന്നും ഇരു ക്ലബുകളും സംയുക്തമായി ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.

കൊറോണ വൈറസ് വ്യാപനത്തെ തടയുന്നതിനും രോഗികളെ പരിചരിക്കുന്നതിനുമായി അഹോരാത്രം പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്കായി തന്റെ ലണ്ടനിലുള്ള വസതികൾ സൗജന്യമായി ഉപയോഗിക്കാമെന്ന് ക്രിസ്റ്രൽ പാലസിന്റെ ഐവറി കോസ്റ്റ് വിംഗർ വിൽഫ്രഡ് സാഹ കഴിഞ്ഞ ദിവസം വ്യക്തമാക്കി. നേരത്തേ ഇംഗ്ലണ്ടിന്റെയും മാഞ്ചസ്റ്രർ യുണൈറ്രഡിന്റെയും മുൻ താരവും പരിശീലകനുമായ ഗാരി നെവില്ലെ തന്റെ ഹോട്ടലുകളിൽ ആരോഗ്യ പ്രവർത്തകർക്ക് സൗജന്യമായി താമസിക്കാമെന്ന് വ്യക്തമാക്കിയിരുന്നു. ചെൽസി ക്ലബ് ഉടമ റോമൻ അബ്രോഹിമോവിച്ചും സ്റ്റാംഫോർഡ് ബ്രിഡ്ജിലുള്ള 72 മുറികളുള്ള ഹോട്ടലിലേക്ക് ആരോഗ്യ പ്രവർത്തകരെ സൗജന്യമായി ക്ഷണിച്ചിരുന്നു.

കൊറോണ വൈറസ് വ്യാപനം തടയാനുള്ള മുൻ കരുതലുകൾ പാലിക്കണമെന്നും ജാഗ്രതയോടെയിരിക്കാനും ഒട്ടുമിക്ക കായിക താരങ്ങളും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ആരാധകരെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുകയാണ്.