sbi-loan

 പ്രത്യേക വായ്‌പ അനുവദിക്കാൻ തീരുമാനം

മുംബയ്: കൊറോണ വൈറസ് ആഘാതമേല്‌പ്പിച്ച ചെറുകിട - ഇടത്തരം വ്യാപാര-വാണിജ്യ മേഖലയിലുള്ളവർക്ക് പ്രത്യേക വായ്‌പ ലഭ്യമാക്കാൻ എസ്.ബി.ഐയുടെ തീരുമാനം. കൊറോണ എമർജൻസി ക്രെഡിറ്റ് ലൈൻ (സി.ഇ.സി.എൽ) എന്ന പ്രത്യേക വായ്‌പാ പദ്ധതി നിബന്ധനകൾക്ക് വിധേയമായി ജൂൺ 30 വരെ ലഭ്യമാണ്. യോഗ്യരായവർക്ക് മൊത്തം പ്രവർത്തന മൂലധനത്തിന്റെ 10 ശതമാനം വരെ തുക വായ്‌പയായി ലഭിക്കും. 200 കോടി രൂപയിൽ താഴെ മൂലധനമുള്ളവരാണ് വായ്‌പ നേടാൻ യോഗ്യർ.

7.25 ശതമാനമായിരിക്കും പലിശ. പ്രോസസിംഗ് ചാർജ് ഉണ്ടാവില്ല. കാലാവധിക്ക് മുമ്പ് വായ്‌പാബാദ്ധ്യത തീർത്താൽ പ്രീപേയ്‌മെന്റ് പിഴയുമുണ്ടാവില്ല. 12 മാസമായിരിക്കും വായ്‌പാ കാലാവധി. എങ്കിലും, വായ്‌പ ലഭിച്ച് ആറുമാസത്തിന് ശേഷം അടച്ചുതീർത്താൽ മതി. അതായത്, അവസാനത്തെ ആറുമാസം മാത്രം വായ്‌പ അടച്ചാൽ മതി.

കൊറോണ വൈറസ് ആഭ്യന്തര സമ്പദ്‌വ്യവസ്ഥയ്ക്കുമേൽ കനത്ത ആഘാതമേല്‌പ്പിച്ച പശ്‌ചാത്തലത്തിൽ, ചെറുകിട-ഇടത്തരം ബിസിനസ് മേഖലയെ കരകയറ്റാനുള്ള പദ്ധതികൾ വേണമെന്ന ആവശ്യം ശക്തമാണ്. എസ്.ബി.ഐയുടെ നടപടി വൈകാതെ മറ്റു പൊതുമേഖലാ ബാങ്കുകളും പിന്തുടരാനാണ് സാദ്ധ്യത. ചെറുകിട ബിസിനസ് ആവശ്യത്തിനായി നേരത്തേ വായ്‌പ എടുത്തവർക്കും സി.ഇ.സി.എൽ വായ്‌പ നേടാനാകും.