sanitizer

ന്യൂഡല്‍ഹി: കൊറോണ രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മാസ്‌കിന്റെയും സാനിറ്റൈസറിന്റെയും വില ഗണ്യമായി കുറച്ച് കേന്ദ്രസര്‍ക്കാര്‍. കൊറോണ വൈറസ് പടര്‍ന്നു പിടിക്കാതിരിക്കാനുളള ഏറ്റവും ഫലപ്രദമായ പ്രതിരോധ മാര്‍ഗം എന്ന നിലയിലെ ഇരു സാധനങ്ങളുടെയും വില കൊറോണ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ കാര്യമായി ഉയർന്നിരുന്നു.

ഈ അമിതവില നിയന്ത്രിച്ച് ജനങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് ഇവ രണ്ടും ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.സാനിറ്റൈസറിന്റെ 200 മില്ലി ലിറ്റര്‍ ബോട്ടിലിന് നൂറ് രൂപയില്‍ കൂടുതല്‍ ഈടാക്കാന്‍ പാടില്ലെന്ന് കേന്ദ്ര ഭക്ഷ്യവകുപ്പ് മന്ത്രി രാംവിലാസ് പാസ്വാനാണ് ഉത്തരവിറക്കിയത്. രോഗപ്രതിരോധത്തിനുള്ള മാസ്കിന്റെ വിലയിലും സർക്കാർ കാര്യമായ വിലക്കുറവ് ഏർപ്പെടുത്തിയിട്ടുണ്ട്.

ടു പ്ലൈ മാസ്‌കിന് എട്ടുരൂപ മാത്രം നൽകിയാൽ മതി. ത്രീ പ്ലൈ മാസ്‌കിന് ഇനി പത്ത് രൂപയിൽ കൂടുതലായി ഈടാക്കാൻ പാടില്ല. അവശ്യ വസ്തുക്കളുടെ നിയമം അനുസരിച്ചാണ് നടപടി കേന്ദ്ര സർക്കാർ. ജൂണ്‍ 30 വരെയാണ് ഈ തീരുമാനം പ്രാബല്യത്തിലുണ്ടാകും. കോവിഡ് 19 രോഗബാധയുടെ സാഹചര്യത്തിൽ മാസ്‌കിനും സാനിറ്റൈസറിനും ഉള്ള ആവശ്യം ക്രമാതീതമായി ഉയര്‍ന്നിരിക്കുകയാണ്.

ആവശ്യത്തിന് അനുസരിച്ച് ഇവ ലഭിക്കുന്നില്ല എന്ന പരാതി നില്‍ക്കുന്നുണ്ട്. വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന സ്റ്റോക്കിനാകട്ടെ അമിതമായ വില ഈടാക്കുന്നതായും ആക്ഷേപം നിലനില്‍ക്കുന്നു. രോഗബാധയുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ഇവയുടെ വില നിയന്ത്രിക്കുന്നത് ജനങ്ങള്‍ക്ക് ആശ്വാസമായേക്കാം.