കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ജനതാ കർഫ്യുവിന് പിന്തുണയുമായി മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും.. ജനത കർഫ്യുവിന് നേരത്തെ സംസ്ഥാന സർക്കാരും പൂർണ പിന്തുണ അറിയിച്ചിരുന്നു. കർഫ്യുവിനെ പിന്തുണച്ച് മമ്മൂട്ടിയും മോഹൻലാലും ഫേസ്ബുക്കിൽ വീഡിയോ പങ്കുവച്ചു.
നമ്മൾ ആരും സുരക്ഷിതരല്ലെന്നും എന്നാൽ ഇപ്പോൾ ശ്രമിച്ചാൽ വൈറസ് വ്യാപനത്തെ തടയാൻ സാധിക്കുമെന്നും മമ്മൂട്ടി പറയുന്നു. മറ്റെല്ലാം മാറ്റിവച്ച് മാർച്ച് 22ന് നമുക്കെല്ലാവർക്കും വീട്ടിലൊതുങ്ങാമെന്നും അതുവഴി ഒരു വലിയ വിപത്തിന്റെ വ്യാപനം തടയാമെന്നും മോഹൻലാൽ പറഞ്ഞു.
'വകതിരിവില്ലാതെ കടന്നുവരും കൊറോണ. മരുന്നൊന്നും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. നമ്മളാരും സുരക്ഷിതരുമല്ല. പക്ഷേ ഇപ്പോൾ നമുക്ക് തടയാന്‍ സാധിക്കും. ഈ വൈറസിന്റെ വ്യാപനത്തെ. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആഹ്വാനം ചെയ്ത ജനതാ കർഫ്യൂവിൽ ഞാനുമുണ്ട്. നിങ്ങളുടെ കൂടെ. നമുക്ക് ഒന്നിച്ചു നില്‍ക്കാം. ഇതൊരു കരുതലാണ്, സുരക്ഷയ്ക്ക് വേണ്ടിയുള്ള കരുതൽ.. മമ്മൂട്ടി പറഞ്ഞു.
ലോകത്തെ സ്തംഭിപ്പിച്ച കോവിഡ് 19 ഇന്ത്യയിൽ അതിന്റെ അടുത്ത ഘട്ടത്തിന്റെ പടിവാതിൽക്കലാണ്. സമൂഹ വ്യാപനം എന്ന മാരക ഘട്ടം നമുക്ക് ഒറ്റക്കെട്ടായി മറികടന്നേ പറ്റൂ. ഇതിനായി ജനങ്ങളെ സ്വയം സജ്ജരാക്കാൻ മാർച്ച് 22–ന് കർഫ്യൂ ആചരിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നു. നമ്മുടെ മുഖ്യമന്ത്രിയും അതിന് പിന്തുണ നൽകി കഴിഞ്ഞു. രാവിലെ 7 മണി മുതൽ രാത്രി 9 വരെ വീടിന് പുറത്തിറങ്ങാതെ നമുക്കും ഈ ജനജാഗ്രതാ കർഫ്യൂവിൽ പങ്കു ചേരാം. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും വാക്കുകള്‍ അനുസരിച്ച് നമുക്കെല്ലാവർക്കും വീട്ടിലൊതുങ്ങാമെന്നും അതുവഴി ഒരു വലിയ വിപത്തിന്റെ വ്യാപനം തടയാന്നും കർഫ്യൂവിലേക്ക് ക്ഷണിക്കുന്നുവെന്നും മോഹൻലാൽ പറഞ്ഞു.
ജനതാ കർഫ്യൂവിനെ പിന്തുണച്ച് നടി മഞ്ജു വാര്യരും ഫേസ്ബുക്ക് വിഡിയോ പങ്കുവച്ചു.