മാഹി: നിരോധനാജ്ഞ നിലനിൽക്കുമ്പോഴും മൂലക്കടവ്, മാക്കുനി, ഗ്രാമത്തി പാറാൽ, പാറക്കൽ, പ്രദേശങ്ങളിലെ മദ്യഷാപ്പുകളിൽ മദ്യപന്മാരുടെ തള്ളിക്കയറ്റം. മൂലക്കടവിൽ സഹികെട്ട പൊലിസിന് മദ്യഷാപ്പുകൾക്ക് മുന്നിൽ കൂട്ടം കൂടി നിന്നവരെ വിരട്ടിയോടിക്കേണ്ടി വന്നു. പക്ഷിപ്പനി ഭീതി നിലനിൽക്കെ, കുറഞ്ഞ നിരക്കിൽ കോഴി വിൽപ്പന നടത്തുന്ന പന്തോക്കാട്ടിലെ കോഴിക്കട പൊലീസ് ഇന്നലെ പൂട്ടിച്ചു. അനിയന്ത്രിതമായ ജനക്കൂട്ടമാണ് ഇവിടെയെത്തിയിരുന്നത്.
കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ഞായറാഴ്ച കർഫ്യു നടക്കാനിരിക്കെ, വില കുറഞ്ഞ മദ്യത്തിനും കോഴിക്കുമായി വിദൂരങ്ങളിൽ നിന്നു പോലും ആളുകൾ വന്നെത്തിയിരുന്നു. കർഫ്യു നീണ്ടുപോകുമെന്ന ഭയത്താൽ തുറന്നു വെച്ച കടകളിലെല്ലാം വൻ തിരക്ക് അനുഭവപ്പെട്ടു. മാഹി കൺസ്യൂമർ സ്റ്റോറിന് മുന്നിൽ തടിച്ചുകൂടിയ ജനങ്ങളെ പൊലീസ് നിയന്ത്രിച്ചു .
ജനതാ കർഫ്യുവിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഇന്ന് മാഹിയിലെ പെട്രോൾ പമ്പുകൾ കാലത്ത് 7 മണി മുതൽ രാത്രി 9 മണി വരെ അടച്ചിടുമെന്ന് പെട്രോൾ പമ്പ് ഡീലേർസ് അസോസിയേഷൻ അറിയിച്ചു. രോഗികളുമായി വരുന്ന ആംബുലൻസുകൾക്ക് ഇന്ധനം ലഭ്യമാക്കും. മാഹിയിലെ വ്യാപാരി സമൂഹം ജനതാകർഫ്യുവുമായി സഹകരിക്കും .
മദ്യപസംഘങ്ങൾക്കെതിരെ പൊലീസ് നടപടി ശക്തമാക്കിയതോടെ, നിറുത്തിയിട്ട വാഹനങ്ങളിൽ വെച്ചാണ് ഇപ്പോൾ മദ്യപാനം . മാഹി ഗവ: ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ കഴിയുന്ന ഗൾഫിൽ നിന്നെത്തിയ യുവാവിന്റെ രക്തസാബിൾ ഇന്നലെ പരിശോധനക്കയച്ചിട്ടുണ്ട്.