train

ന്യൂഡല്‍ഹി: കൊറോണ വെെറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാര്‍ച്ച് 31 വരെ രാജ്യത്തെ ട്രെയിന്‍ ഗതാഗതം നിറുത്തിവച്ചു. ഇതു സബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. റെയിൽവെ ബോർഡ് ചെയർമാൻ വി.കെ.യാദവ് സോണൽ ജനറൽ മാനേജർമാരുമായി നടത്തിയ വിഡിയോ കോൺഫറൻസിംഗിലാണ് സർവീസ് നിറുത്തിവയ്ക്കാൻ ധാരണയിലെത്തിയത്. ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ പുറപ്പെടുന്ന ട്രെയിനുകളാണ് റദ്ദാക്കുക.

നിലവിലുള്ള ട്രെയിൻ ഗതാഗത നിയന്ത്രണം ഇന്ന് രാത്രി 10ന് തീരുന്ന മുറയ്ക്ക് അടുത്ത 72 മണിക്കൂർ ട്രെയിൻ സർവീസുകൾ പൂർണമായും നിറുത്തിവയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. ഇന്ന് രാത്രി 12ന് ശേഷം സർവീസുകളൊന്നും ആരംഭിക്കാൻ പാടില്ല. നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകൾ ലക്ഷ്യസ്ഥാനത്ത് എത്തിക്കഴിഞ്ഞാൽ സർവീസ് അവസാനിപ്പിക്കും. റെയിൽവെ മന്ത്രി അനുമതി നൽകുന്നതോടെ ഇത് സംബന്ധിച്ച ഉത്തരവിറങ്ങുമെന്നാണ് സൂചന.

അതേസമയം,​ കെ.എസ്. ആർ.ടി സി.യും കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ്. നാളെ മുതൽ കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസുകൾ കുറയ്ക്കും. യാത്രക്കാരുടെ എണ്ണം നോക്കി മാത്രമാണ് സർവീസ് നടത്തുകയെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി. തൊട്ടടുത്ത ജില്ലകളിലേക്കുള്ള സർവീസുകൾ ഉറപ്പാക്കും. അവശ്യ സർവീസുകൾക്ക് ഇളവ് നൽകിയേക്കുമെന്നാണ് സൂചന.