ന്യൂഡൽഹി: കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യം മുഴുവൻ ജനതാ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. രാവിലെ ഏഴ് മുതൽ രാത്രി ഒമ്പത് വരെ രാജ്യത്തെ ജനങ്ങൾ വീടിന് പുറത്തിറങ്ങാതെ കൊറോണ വൈറസിനെതിരെ പ്രതിരോധം തീർക്കുന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.
അത്യാവശ്യ സേവനങ്ങളൊഴികെ ബാക്കിയെല്ലാം താഴിട്ടുപൂട്ടി ഇന്ന് മുഴുവൻ വീട്ടിലിരിക്കാനാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിക്കുന്നത്. ട്രെയിനുകളും ബസുകളുമുൾപ്പെടെ റദ്ദാക്കി,കടകൾ അടച്ചു. ജനതാ കർഫ്യൂവിനോട് വിവിധ സംസ്ഥാനങ്ങൾ എങ്ങനെയൊക്കെയാണ് പിന്തുണച്ചിരിക്കുന്നതെന്ന് നോക്കാം...
# ഇന്ന് രാത്രി 10 വരെ രാജ്യത്തുടനീളം ഒരു പാസഞ്ചർ ട്രെയിനുകളും ഓടുന്നില്ല. ട്രെയിൻ യാത്രയ്‌ക്കുള്ള ആവശ്യം ഗണ്യമായി കുറയുമെന്ന് കണക്കിലെടുത്ത് പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കിയതായി ഇന്ത്യൻ റെയിൽവേ അറിയിച്ചു.
# അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള നിയന്ത്രണങ്ങൾ കേന്ദ്രസർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും, ആഭ്യന്തര വിമാനക്കമ്പനികൾക്ക് ഇത് ബാധകമായിരുന്നില്ല. എന്നാൽ കർഫ്യൂനെ പിന്തുണച്ച് എല്ലാ വിമാന സർവീസുകളും ഞായറാഴ്ച നിർത്തിവച്ചിരിക്കുകയാണെന്ന് ഇൻഡിഗോ അറിയിച്ചു.
# കർണാടക, ഡൽഹി, മുംബയ്, തെലുങ്കാന, തമിഴ്‌നാട് എന്നിവിടങ്ങളിൽ മെട്രോ സർവീസുകൾ നിർത്തിവച്ചു. “ ജനങ്ങളോട് വീടിനുള്ളിൽ തന്നെ തുടരാനും സാമൂഹിക അകലം പാലിക്കാനും പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ഡി.എം.ആർ.സി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.
#രാജ്യത്ത് ഏറ്റവും കൂടുതൽ കൊറോണ സ്ഥിരീകരിച്ച മഹാരാഷ്ട്രയിൽ (ഇതുവരെ 63,) മുംബയ് മെട്രോ വൺ സർവീസ് താൽക്കാലികമായി നിർത്തിവച്ചു.
# റോഡ് ഗതാഗതത്തെയും കർഫ്യൂ ബാധിച്ചിട്ടുണ്ട്. ഓല, ഉബർ പോലുള്ള സേവനങ്ങളെയും ബാധിച്ചു. കേരളത്തിൽ കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള മിക്ക സർവീസുകളും റദ്ദാക്കിയിരിക്കുകയാണ്. ഹരിയാനയിലും,തമിഴ്നാട്ടിലുമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ബസുകൾ താൽക്കാലികമായി നിർത്തിവച്ചു.
# കർണാടകയിൽ ബാറുകളും റെസ്റ്റോറന്റുകളും അടച്ചിട്ടു. കൂടാതെ മിക്ക നഗരങ്ങളിലും ഈ മാസം അവസാനം വരെ റെസ്റ്റോറന്റുകൾ പൂട്ടിയിടും.