തിരുവനന്തപുരം: മാസ്‌ക്, സാനിറ്റൈസർ എന്നിവ പൂഴ്‌ത്തി വയ്‌ക്കുകയോ അമിത വില ഈടാക്കുകയോ ചെയ്യുന്ന മെഡിക്കൽ സ്റ്റോർ ഉടമകൾക്ക് കർശന താക്കീതുമായി തിരുവനന്തപുരം കളക്‌ടർ കെ.ഗോപാലകൃഷ്‌ണൻ. ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആറോളം മെഡിക്കൽ സ്‌റ്റോറുകളിൽ മാസ്‌ക്, സാനിറ്റൈസർ എന്നിവ ഇല്ലെന്ന് ബോർഡ് എഴുതി വച്ചിട്ടുണ്ടെങ്കിലും വിശദമായ തിരച്ചിലിൽ പൂഴ്‌ത്തി വയ്‌പ്പ് കണ്ടെത്തിയതായും കളക്ടർ വ്യക്തമാക്കി.
അമിതലാഭം ഈടാക്കേണ്ട സമയം ഇതല്ലെന്നും. അത്തരത്തിൽ ചെയ്യുന്നത് കുറ്റകൃത്യമാണെന്നും കളക്‌ടർ മുന്നറിയിപ്പ് നൽകുന്നു. സർക്കാർ നിശ്‌ചയിച്ച വിലയിൽ തന്നെ മാസ്‌ക്, സാനിറ്റൈസർ എന്നിവ ആവശ്യക്കാർക്ക് നൽകേണ്ടതാണെന്നും ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ കളക്‌ടർ വ്യക്തമാക്കുന്നു.