ന്യൂഡൽഹി: ഛത്തിസ്ഗഢ് ബസ്തറിലെ സുക്മയില്‍ മാവോവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ 17 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. സുക്മയിലെ കാടുകളിലാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. ഏറ്റുമുട്ടലിനുശേഷം നിരവധി സുരക്ഷാ ഉദ്യോഗസ്ഥരെ കാണാതായതായും പൊലീസ് പറഞ്ഞു. ഏറ്റുമുട്ടലിൽ 14 സെെനികർക്ക് പരിക്കേറ്റിട്ടുണ്ട്. 400 മീറ്റർ അകലെയുള്ള റായ്പൂറിലാണ് പരിക്കേറ്റവരെ ചികിത്സയ്ക്കായി എത്തിച്ചത്.
വനത്തിൽ നിന്ന് 17 മൃതദേഹങ്ങൾ കണ്ടെത്തിയ വിവരം ഛത്തീസ്ഗഢ് ഡി.ജി.പി ഡി.എം അവസ്തി പറഞ്ഞു. ശനിയാഴ്ച ഉച്ചയോടെ കൊര്‍ജാഗുഡ മേഖലയിലാണ് മാവോവാദികളും ഡി.ആര്‍.ജി സുരക്ഷാ ഉദ്യോഗസഥരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. വെെകുന്നേരം വരെ ഏറ്റുമുട്ടൽ തുടർന്നു. പ്രദേശത്ത് മാവോയിസ്റ്റ് സാന്നിദ്ധ്യയമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഡി.ആര്‍.ജി( District Reserve Guard (DRG), കോബ്ര(Commando Battalion for Resolute Action (Co-BRA), എസ്.ടി.എഫ്(Special Task Force) എന്നിവര്‍ ചേര്‍ന്നുള്ള 600 അംഗ സംഘം നടത്തിയ തിരച്ചിലിനിടെയാണ് ആക്രമണമുണ്ടായത്.
മന്ദവി ഹിഡ്മയുടെ നേതൃത്വത്തിൽ സി.പി.ഐ മാവോയിസ്റ്റ് ആക്രമണം നടന്നതായും ഡി.ജി.പി പറഞ്ഞു. 300ാളം മാവോയിസ്റ്റുകൾ ഇവരുടെ നേതൃത്വത്തിൽ ഉണ്ടായിരുന്നു. 2017ന് ശേഷം നടന്ന ഏറ്റവും വലിയ ആക്രമണമാണിത്. അന്ന് നടന്ന ആക്രമണത്തിൽ 25 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു.