janatha-curfew

ന്യൂഡൽഹി: കൊറോണ വൈറസിന്റെ വ്യാപനം തടയാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂവിനോട് ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ പൂർണമായും പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യയിലെ ജനകോടികൾ ഇന്നലെ പകലും രാത്രിയും വീട്ടിൽ കഴിച്ചുകൂട്ടി. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മഹാമാരിയെ പ്രതിരോധിക്കാൻ ജനത ഒന്നടങ്കം വീടുകളിൽ കഴിച്ചുകൂട്ടിയത്. രോഗാണു പകരുന്നത് തടയാൻ മനുഷ്യർ തമ്മിൽ ഒരു ദിവസമെങ്കിലും സാമൂഹ്യ അകലം പാലിക്കുകയായിരുന്നു ജനതാകർഫ്യൂവിന്റെ ലക്ഷ്യം. ജനങ്ങൾ അത് നെഞ്ചേറ്റി വിജയിപ്പിച്ചപ്പോൾ രാജ്യം നിശ്ചലമാക്കിയ പ്രതിരോധമായി. രാവിലെ ഏഴ് മുതൽ രാത്രി 9 വരെയായിരുന്നു കർഫ്യൂ എങ്കിലും ജനം പിന്നീട് രാത്രിയിലും പുറത്തിറങ്ങാതെ കഴിച്ചുകൂട്ടി.

തലസ്ഥാനമായ ഡൽഹിയിലും എല്ലാ സംസ്ഥാനങ്ങളിലും തിരക്കേറിയ വീഥികൾ ഇന്നലെ രാവിലെ ഏഴ് മുതൽ വിജനമായിരുന്നു. വാഹനങ്ങൾ ഒാടിയില്ല. അവശ്യ വിഭാഗങ്ങൾ ഒഴിച്ച് മറ്റ് സ്ഥാപനങ്ങൾ തുറന്നില്ല. സ്വകാര്യ വാഹനങ്ങൾ മാത്രം വിരളമായി നിരത്തിലിറങ്ങി.

കൊറോണയെ പിടിച്ചുകെട്ടാൻ സാധിച്ചില്ലെങ്കിൽ, രാജ്യത്ത് ജനതാ കർഫ്യൂ പോലുള്ള നിയന്ത്രണങ്ങൾ വേണ്ടിവരും. അതിന്റെ റിഹേഴ്‌സലായ ഗൃഹപാഠം കൂടിയായിരുന്നു ജനതാ കർഫ്യൂ.

ആരോഗ്യപ്രവർത്തകർക്ക് ആദരം

കർഫ്യൂ ആചരിച്ച ജനങ്ങൾ വൈകിട്ട് കൃത്യം അഞ്ചിന് വീടിന് പുറത്തെത്തി കൈകൾ കൊട്ടിയും മണികിലുക്കിയും പാത്രങ്ങൾ കൂട്ടിമുട്ടിച്ചും ആരോഗ്യപ്രവർത്തകർക്ക് നന്ദി അറിയിച്ചു.കുട്ടികളും മുതിർന്നരും വൃദ്ധന്മാരും പങ്കെടുത്തു.
ഇതിന് പിന്നാലെ കർഫ്യൂ വിജയമാക്കിയതിന് ആരോഗ്യമന്ത്രാലയം ജനങ്ങൾക്ക് നന്ദി അറിയിച്ചു

ജനത കർഫ്യൂ ഇന്ന് വരെ തുടരാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ജനങ്ങൾക്ക് നിർദ്ദേശം നൽകി. ഒപ്പം മഹാരാഷ്ട്രയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുമുണ്ട്. വിദേശ വിമാനങ്ങളൊന്നും മുംബയ് വിമാനത്താവളത്തിൽ ഇറങ്ങാൻ അനുവദിക്കില്ല

കുറച്ച് സമയത്തിനുള്ളിൽ ജനത കർഫ്യൂ ആരംഭിക്കും. കൊറോണ ഭീഷണിയ്ക്കെതിരെയുള്ള പോരാട്ടത്തിന് വളരെയധികം കരുത്ത് പകരുന്ന ഈ കർഫ്യൂവിന്റെ ഭാഗമാകാം നമുക്കെല്ലാവർക്കാം. ഇപ്പോൾ നിങ്ങൾ സ്വീകരിക്കുന്ന നടപടികൾ വരും കാലങ്ങളിൽ നിങ്ങളെ സഹായിക്കും. വീടിനുള്ളിൽ തന്നെ തുടരുക, ആരോഗ്യത്തോടെ ഇരിക്കുക.

പ്രധാനമന്ത്രി നരേന്ദ്രമോദി