ഗെയിംസ് നടത്താനുള്ള മറ്റ് സമയങ്ങൾ തേടുന്നു
ടോക്കിയോ/ സൂറിച്ച് : ലോകത്തെ മുഴുവൻ പ്രതിസന്ധിയിലാക്കിയ കൊറോണ വൈറസ് വ്യാപനത്തിനിടയിലും കൃത്യസമയത്തുതന്നെ ടോക്കിയോ ഒളിമ്പിക്സ് നടത്തുമെന്ന നിലപാടിൽ നിന്ന് ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി പിന്മാറിയേക്കും. പേര് വെളിപ്പെടുത്താൻ തയ്യാറാകാത്ത ഉന്നതകേന്ദ്രങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞയാഴ്ച ഐ.ഒ.സി ഭാരവാഹികളും ടോക്കിയോ ഗെയിംസ് ഒാർഗനൈസിംഗ് കമ്മിറ്റി ഭാരവാഹികളും ചേർന്ന് എല്ലാ രാജ്യങ്ങളിലെയും ഒളിമ്പിക് അസോസിയേഷനുകളുമായും എല്ലാ ഇന്റർനാഷണൽ ഫെഡറേഷനുകളുമായും അടിയന്തിര യോഗം നടത്തിയിരുന്നു. ഒളിമ്പിക്സ് മാറ്റിവയ്ക്കുന്നതിനെപ്പറ്റി ഇപ്പോൾ തീരുമാനമെടുക്കാറായിട്ടില്ലെന്നും കൃത്യസമയത്ത് നടത്തുന്നതിനെക്കുറിച്ച് മാത്രമാണ് ആലോചിക്കുന്നതെന്നും കായിക താരങ്ങൾ ഒളിമ്പിക്സിനുള്ള പരിശീലനം തുടരണമെന്നും യോഗത്തിന് ശേഷം ഐ.ഒ.സി തലവൻ തോമസ് ബാച്ച് പറഞ്ഞിരുന്നു.ഇൗ വർഷം ജൂണിൽ നടക്കേണ്ട യൂറോകപ്പും കോപ്പ അമേരിക്ക ഫുട്ബാളും ഒരു വർഷത്തേക്ക് മാറ്റിവച്ചതിന് തൊട്ടുപിന്നാലെയുണ്ടായ ഐ.ഒ.സി നിലപാട് പക്ഷേ കായിക ലോകത്ത് എതിർപ്പുകളാണ് ക്ഷണിച്ചുവരുത്തിയത്.
പല യൂറോപ്യൻ രാജ്യങ്ങളും ലോക്ക്ഡൗണിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ അത്‌ലറ്റുകൾക്ക് എങ്ങനെ പരിശീലനം നടത്താനാകും എന്ന ആശങ്കയാണ് പ്രധാനമായും ഉയർന്നത്. ലോക അത്ലറ്റിക് ഫെഡറേഷൻ തലവൻ സെബാസ്റ്റ്യൻ കോ അടക്കമുള്ള കായിക ഭരണാധികാരികളും ഒട്ടേറെ ഒളിമ്പ്യൻ അത്‌ലറ്റുകളും ഐ.ഒ.സി നിലപാടിനെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. ഒളിമ്പിക്സിന്റെ പല യോഗ്യതാമത്സരങ്ങളും പൂർത്തിയായിട്ടില്ല. 11,000ത്തോളം താരങ്ങൾ പങ്കെടുക്കേണ്ട ഗെയിംസിലേക്ക് പകുതിയോളം പേർ മാത്രമേ യോഗ്യത നേടിയിട്ടുള്ളൂ. ഒളിമ്പിക്സിന് ഇനി അഞ്ചുമാസത്തോളമുണ്ടെങ്കിലും മറ്റുള്ളവർക്ക് യോഗ്യതാമത്സരങ്ങളിൽ കൃത്യമായ തയ്യാറെടുപ്പുകളോടെ പങ്കെടുക്കാൻ ഇൗ ചുരുങ്ങിയ സമയം അപര്യാപ്തമാകും.അതിലുപരി ജൂലായ് 24ന് തന്നെ ഗെയിംസ് നടത്തുകയാണെങ്കിൽ ഒരുപക്ഷേ രോഗവ്യാപനം പേടിച്ച് കാണികളെ ഒഴിവാക്കേണ്ടിയും വരും. എന്നാൽ ഗെയിംസിന്റെ സ്പോൺസർമാർക്ക് ഇതിനോട് താത്പര്യം ഇല്ലെന്നാണ് അറിയുന്നത്.
ആതിഥേയരായ ജപ്പാൻ കൊറോണക്കാലത്തിന്റെ തുടക്കംമുതൽ ഗെയിംസ് മാറ്റിവയ്ക്കണമെന്ന നിലപാടിലായിരുന്നു.ജപ്പാൻ കായികമന്ത്രിയടക്കമുള്ളവർ പാർലമെന്റിൽപോലും ഇക്കാര്യം സൂചിപ്പിച്ചെങ്കിലും മാറ്റിവയ്ക്കാൻ പറ്റില്ലെന്ന നിലപാടിൽ ഐ.ഒ.സി ഉറച്ചുനിൽക്കുകയായിരുന്നു. എന്ത് തീരുമാനമെടുക്കാനും മേയ് മാസംവരെ കാത്തിരിക്കണമെന്നും ജപ്പാന് നിർദ്ദേശം നൽകി. ഇതോടെ ജപ്പാനും കൃത്യസമയത്ത് നടത്തുമെന്ന് നിലപാടെടുക്കേണ്ടിവന്നു. കഴിഞ്ഞദിവസം ജപ്പാൻ പ്രധാനമന്ത്രി ഇൗ നിലപാട് ആവർത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഗെയിംസ് ജൂലായിൽ നടത്തുന്നത് സാഹസികമാണെന്ന് ഐ.ഒ.സിയെ ജപ്പാൻ ധരിപ്പിച്ചതായാണ് അറിയുന്നത്. ഇതോടെ മാറ്റിവയ്ക്കേണ്ടി വരുകയാണെങ്കിൽ പിന്നീട് എങ്ങനെ നടത്തുമെന്നതിൽ രൂപരേഖയുണ്ടാക്കാൻ ഐ.ഒ.സി ജപ്പാനോട് ആവശ്യപ്പെട്ടതായാണ് വിവരം.
മാറ്റിവയ്ക്കൽ എങ്ങനെ ?
ഒളിമ്പിക്സ് മാറ്റിവയ്ക്കേണ്ടിവരുമെങ്കിൽ അത് എങ്ങനെയായിരിക്കുമെന്നതിൽ സംഘാടകർക്ക് ഒരു പിടിയുമില്ല എന്നതാണ് സത്യം.
യൂറോ കപ്പും കോപ്പ അമേരിക്കയും ഒരു കൊല്ലത്തേക്ക് മാറ്റിയത് കാരണമുണ്ടാകുന്ന അന്താരാഷ്ട്ര ഷെഡ്യൂളിംഗ് പ്രശ്നം ഫിഫ ഒറ്റയ്ക്ക് കൈകാര്യം ചെയ്താൽ മതി.
എന്നാൽ ഒളിമ്പിക്സ് മാറ്റിവച്ചാൽ അത് ലോകത്തുള്ള എല്ലാകായിക ഇനങ്ങളെയും ബാധിക്കും. എല്ലാ ഇനങ്ങളിലും അടുത്ത രണ്ടുമൂന്ന് വർഷങ്ങളിലേക്കുള്ള ഷെഡ്യൂളുകൾ ഇപ്പോഴേ തീരുമാനിച്ചിരിക്കുകയാണ്.
മാറ്റിവയ്ക്കലിന് ഒരു പ്ളാൻ മാത്രമല്ല ഐ.ഒ.സി പരിഗണിക്കുന്നതെന്നാണ് അറിയുന്നത്. ചുരുങ്ങിയത് ഒരു മാസമെങ്കിലും നീട്ടിയേ പറ്റൂവെന്നാണ് ജപ്പാന്റെ നിലപാട്.
ഇൗവർഷം അവസാനം വരെ നീട്ടിവയ്ക്കാമെന്നതും പരിഗണനയിലുണ്ട്.ഒന്നോ രണ്ടോ വർഷത്തേക്ക് നീട്ടിവയ്ക്കുകയാണെങ്കിൽ മറ്റ് കായിക മാമാങ്കങ്ങളെ ബാധിക്കാതെ നോക്കണം.
2021ലെ ഫിക്സ്ചറിൽ യൂറോകപ്പും കോപ്പയും വരുന്നതോടെ ഒളിമ്പിക്സ് കൂടി നടത്താനുള്ള സാദ്ധ്യത കുറയും.
2022ൽ ഫുട്ബാൾ ലോകകപ്പും ശീതകാല ഒളിമ്പിക്സും നടക്കാനുണ്ട്. ഇതെല്ലാം പരിഗണിച്ച് ഒളിമ്പിക്സ് മാറ്റിയാൽ പകരമൊരു സമയം കണ്ടെത്തുക വിഷമമാകും.
സാമ്പത്തിക നഷ്ടം
ഒളിമ്പിക്സ് നടത്തിയാലും മാറ്റിവച്ചാലും ആതിഥേയർക്ക് സാമ്പത്തിക നഷ്ടം വരുമെന്നാണ് പേടി. കൊറോണയെ അവഗണിച്ച് നടത്തിയാൽ പല രാജ്യങ്ങളും പിന്മാറിയേക്കാം. അത് മാർക്കറ്റിംഗിനെ ബാധിക്കാം. കാണികളെ ഒഴിവാക്കി നടത്തേണ്ടിവന്നാലും തിരിച്ചടിയാണ്. ഗെയിംസ് മാറ്റിയാൽ സ്പോൺസർമാരുടെ പ്രതികരണം എന്താകുമെന്നും സംഘാടകസമിതി തേടിക്കഴിഞ്ഞു. ജാപ്പനീസ് വ്യവസായ ഭീമന്മാരായ ടൊയോട്ടയും പാനാസോണിക്കുമാണ് ഒളിമ്പിക്സിന്റെ പ്രധാന സ്പോൺസർമാർ.
ആരുപറയും
ഒളിമ്പിക്സ് മാറ്റുന്നതിനപ്പറ്റിയോ മറ്റ് സാദ്ധ്യതകൾ തേടുന്നതിനെപ്പറ്റിയോ ഇതുവരെ ഐ.ഒ.സി ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല.ജപ്പാനും പ്രതികരിക്കാതെ മാറിനിൽക്കുകയാണ്.വ്യക്തമായ ധാരണ ഉണ്ടായിട്ടേ മാറ്റിവയ്ക്കൽ പ്രഖ്യാപിക്കേണ്ടതുള്ളൂ എന്നാണ് ഇരുകൂട്ടരുടെയും നിലപാട്.
ദീപശിഖ കാണാൻ ആയിരങ്ങൾ
കഴിഞ്ഞ ദിവസം ഏതൻസിൽ നിന്ന് ഒളിമ്പിക്സിന്റെ ദീപശിഖ ജപ്പാനിലെത്തി. ഇന്നലെ തൊഹൂക്കു പ്രവിശ്യയിലെത്തിച്ച ദീപം കാണാനായി കൊറോണ ഭീതിക്കിടയിലും അരലക്ഷത്തോളം പേരാണ് എത്തിയത്. ഏറെനേരം ക്യൂ നിന്നശേഷമാണ് പലർക്കും ദീപം ദർശിക്കാനായത്. 2011ൽ സുനാമിയിലും ഭൂകമ്പത്തിലും തകർന്നടിഞ്ഞ പ്രവിശ്യയിൽ അതിജീവനത്തിന്റെ സന്ദേശം പകരാനാണ് ദീപമെത്തിച്ചത്. ഇൗ മാസം 26 മുതലാണ് ജപ്പാനിൽ ഒൗദ്യോഗിക ദീപശിഖാപ്രയാണം നടക്കുക.