bank-loan

 കിട്ടാക്കട നിർവചനത്തിന് കൂടുതൽ സമയം തേടി ബാങ്കുകൾ

കൊച്ചി: കൊറോണ വൈറസ് ആഭ്യന്തര സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയായ പശ്‌ചാത്തലത്തിൽ കോർപ്പറേറ്റ്, വ്യക്തിഗത വായ്‌പകളുടെ തിരിച്ചടവിന് ഒരുവർഷത്തെ മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് വ്യവസായ സംരംഭകരുടെ കൂട്ടായ്‌മയായ അസോചം ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി, കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് അസോചം കത്തയച്ചിട്ടുമുണ്ട്. കൊറോണ സൃഷ്‌ടിച്ച സമ്പദ്പ്രതിസന്ധി മറികടക്കാൻ നിർ‌മ്മല സീതാരാമൻ അദ്ധ്യക്ഷയായ പ്രത്യേക ടാക്‌സ്‌ ഫോഴ്‌സിന് രൂപം നൽകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

കൊറോണയുടെ മുറിവേറ്റ സമ്പദ്‌മേഖലകൾക്ക് ആവശ്യമായ ആശ്വാസപദ്ധതികൾ ഒരുക്കുകയാണ് ടാസ്‌ക് ഫോഴ്‌സിന്റെ ലക്ഷ്യം. വ്യോമയാനം, ടൂറിസം, ഹോസ്‌പിറ്റാലിറ്റി, ധനകാര്യം എന്നീ മേഖലകളാണ് കൊറോണ മൂലം ഏറ്റവുമധികം പ്രതിസന്ധിയിലായത്. വിപണിയിലേക്കുള്ള പണലഭ്യത ഉറപ്പാക്കാനായി എൽ.ഐ.സി മുഖേന ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിൽ (എൻ.ബി.എഫ്.സി) ഇക്വിറ്റി നിക്ഷേപം നടത്തണമെന്ന ആവശ്യവും അസോചം ഉന്നയിച്ചിട്ടുണ്ട്.

അതേസമയം, കൊറോണ പ്രതിസന്ധിയുടെ പശ്‌ചാത്തലത്തിൽ കിട്ടാക്കട (എൻ.പി.എ) നിർവചനത്തിന് കൂടുതൽ സമയം തേടി ബാങ്കുകൾ റിസർവ് ബാങ്കിനെ സമീപിച്ചിട്ടുണ്ട്. നിലവിൽ തുടർച്ചയായി 90 ദിവസം തിരിച്ചടവ് മുടങ്ങുന്ന വായ്‌പകളെയാണ് കിട്ടാക്കടമായി നിർവചിക്കുന്നത്. ഇത് 180 ദിവസം വരെയായി ഉയർത്തണമെന്നാണ് ആവശ്യം. വായ്‌പാ തിരിച്ചടവിന് കൂടുതൽ സാവകാശം കൊടുക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.